

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (55) ആണ് മരിച്ചത്. അയൽവാസിയായ പോളിയാണ് ജോസിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. കൊലപാതകത്തിനു പിന്നാലെ പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏഴ് വർഷം മുൻപ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വെടിയേറ്റ് മരിച്ച കിലുക്കൻ ജോസ്.
കാലടിയുടേയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്നു ജോസിനു നേർക്ക് പോളി നിറയൊഴിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ പോളി തോക്കുമായി അയ്യമ്പള്ളി സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം കാലടി പൊലീസിനു കൈമാറുമെന്നു അയ്യമ്പുഴ പൊലീസ് വ്യക്തമാക്കി.
ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സുരക്ഷാ ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാഗമായി കിട്ടിയ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് പോളി ജോസിനു നേരെ നിറയൊഴിച്ചത്. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഏഴ് വർഷം മുൻപ് വഴിയുമായി ബന്ധപ്പെട്ട അതിർത്തി തർക്കത്തെ തുടർന്നാണ് കാളാപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വാക്കു തർക്കമുണ്ടായി പിന്നാലെ ഇത് കൈയാങ്കളിയായി. അതിനിടെ കിലുക്കൻ ജോസ് കപ്പയുടെ കടഭാഗം കൊണ്ട് കാളാപറമ്പൻ ജോസിനെ അടിച്ചു. പിന്നാലെയാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
കേസിൽ കിലുക്കൻ ജോസിനെ ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷ കുറഞ്ഞുപോയെന്ന ആക്ഷേപത്തെ തുടർന്നു അപ്പീൽ അടക്കമുള്ള നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates