ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എക്സ്, പിടിഐ
Sports

ഗില്‍, ശ്രേയസ്, അക്ഷര്‍! 3 അര്‍ധ സെഞ്ച്വറികളുടെ കരുത്ത്, അനായാസം ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്.

വിജയ ലക്ഷ്യമായ 249 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. 19 റണ്‍സില്‍ നില്‍ക്കെ ഇന്ത്യക്ക് അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ നഷ്ടമായി. ഇന്ത്യയെ പിന്നീട് ശ്രേയസ് അയ്യര്‍- ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ ഗില്‍- അക്ഷര്‍ പട്ടേല്‍ സഖ്യവും ചേര്‍ന്നു കരകയറ്റി.

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയത്തിനു കരുത്തായത്. അര്‍ഹിച്ച സെഞ്ച്വറിയാണ് ശുഭ്മാന്‍ ഗില്ലിനു നഷ്ടമായത്. താരം 96 പന്തില്‍ 14 ഫോറുകള്‍ സഹിതം 87 റണ്‍സെടുത്തു പുറത്തായി.

ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി. താരം വെറും 30 പന്തില്‍ 50 റണ്‍സെടുത്തു ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ അതു ഇന്ത്യന്‍ ടീമിനു പോസിറ്റീവായി മാറുന്ന കാഴ്ചയായിരുന്നു. 36 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 59 റണ്‍സെടുത്തു ശ്രേയസ് പുറത്തായി.

ബാറ്റിങില്‍ സ്ഥാന കയറ്റം കിട്ടി എത്തിയ അക്ഷര്‍ പട്ടേല്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 47 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. മൂന്നാം ഏകദിന അര്‍ധ ശതകമാണ് അക്ഷര്‍ നേടിയത്.

ഹര്‍ദിക് പാണ്ഡ്യ (9), രവീന്ദ്ര ജഡേജ (12) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.

നേരത്തെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അരങ്ങേറ്റ ഏകദിനം കളിക്കുന്ന യശസ്വി ജയ്‌സ്വാള്‍ മികച്ച ഷോട്ടുകളുമായി കളം വാഴാന്‍ ഒരുങ്ങുന്നതിനിടെ പുറത്തായി. അഞ്ചാം ഓവറില്‍ മൂന്നാം പന്തില്‍ ജോഫ്ര ആര്‍ച്ചറാണ് യശസ്വിയെ മടക്കിയത്. താരം 3 ഫോറുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി.

രോഹിത് ശര്‍മ വീണ്ടും പരാജയമായി. 7 പന്തുകള്‍ ചെറുത്ത് 2 റണ്‍സുമായി രോഹിത് മടങ്ങി. സാഖിബ് മഹ്മൂദാണ് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. ആറാമനായി ക്രീസില്‍ എത്തിയ കെഎല്‍ രാഹുലിനും തിളങ്ങാനായില്ല. താരവും 2 റണ്‍സുമായി പുറത്തായി.

ഇംഗ്ലണ്ടിനായി സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ജേക്കബ് ബേതേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

അതിവേഗ തുടക്കം

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 47.4 ഓവറില്‍ അവരുടെ പോരാട്ടം അവസാനിച്ചു. അതിവേഗം തുടങ്ങിയ ഇംഗ്ലണ്ടിനു ആ മുന്നേറ്റം തുടക്കത്തില്‍ തന്നെ കൈമോശം വന്നു. പിന്നീട് കൃത്യമായ ഇടവേളയില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ക്യാപ്റ്റന്‍ ജോസ് ബട്ലറും ജേക്കബ് ബേതേലും അര്‍ധ സെഞ്ച്വറികള്‍ നേടിയതാണ് ഇംഗ്ലീഷ് സ്‌കോറില്‍ നിര്‍ണായകമായത്. ഓപ്പണര്‍ അതിവേഗം റണ്‍സടിച്ച് മിന്നും തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് വരെ അതിവേഗം നീങ്ങിയ അവര്‍ക്ക് 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, അരങ്ങേറ്റ ഏകദിനം കളിച്ച ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ നേടിയ അര്‍ധ സെഞ്ച്വറി വീണ്ടും ട്രാക്കിലാക്കി. വ്യക്തിഗത സ്‌കോര്‍ 52 റണ്‍സില്‍ എത്തിയതിനു പിന്നാലെ ബട്ലര്‍ മടങ്ങി. പിന്നീട് ബേതേല്‍ ഒരു ഭാഗത്ത് പൊരുതി നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 200 കടന്നത്.

26 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് റണ്ണൗട്ടായതാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. അപ്പോള്‍ സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സെന്ന നിലയിലായിരുന്നു.

പിന്നാലെ സ്‌കോര്‍ 77ല്‍ നില്‍ക്കെ ബെന്‍ ഡുക്കറ്റിനെ അരങ്ങേറ്റ ഏകദിനം കളിക്കുന്ന ഹര്‍ഷിത് റാണ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. 10ാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു വിക്കറ്റ്. താരം 29 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു.

പിന്നാലെ ആറാം പന്തില്‍ ഹര്‍ഷിത് ഹാരി ബ്രൂക്കിനേയും മടക്കി. താരം 3 പന്തില്‍ 0 റണ്‍സുമായി പുറത്ത്. ബ്രൂക്കിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. 19 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന ജോ റൂട്ടിനെ രവീന്ദ്ര ജഡേജ മടക്കി.

ബട്ലറെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. ലിയാം ലിവിങ്സ്റ്റനെ വീഴ്ത്തി ഹര്‍ഷിത് റാണ അരങ്ങേറ്റ ഏകദിനത്തിലെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ലിവിങ്സ്റ്റന്‍ 5 റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെ എത്തിയ ബ്രയ്ഡന്‍ കര്‍സിനും അധികം ആയുസുണ്ടായില്ല. 10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. ആദില്‍ റഷീദിനെ (8) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 2 റണ്‍സുമായി നിന്ന സാഖിബ് മുഹമ്മദിനെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലീഷ് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

18 പന്തില്‍ 3 ഫോറും 1 സിക്സും സഹിതം 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ പുറത്താകാതെ നിന്നു. താരത്തിന്റെ കൂറ്റനടികളാണ് സ്‌കോര്‍ 240 കടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT