ഇന്ത്യന്‍ കായിക നഭസിലെ നിറമുള്ള ഒരു വിസ്മയ കാഴ്ചയുടെ ഓര്‍മ ദിനമാണ് ഇന്ന്. 1983ലെ ഇതുപോലെയൊരു ജൂണ്‍ മാസത്തിലെ 25നാണ് വിശ്വ വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് കപിലിന്റെ ചെകുത്താന്‍മാര്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയത്. രണ്ട് തുടര്‍ ലോകകപ്പ് വിജയങ്ങളുടെ പകിട്ടില്‍ എത്തിയ അതികായരായ കരീബിയന്‍ പടയെ അരിഞ്ഞു തള്ളിയാണ് കപിലിന്റെ ഐതിഹാസിക സംഘം ലോകത്തിന്റെ നെറുകെ നെഞ്ചുവിരിച്ച് നിന്നത്.
ഇന്ത്യയുടെ കന്നി ഏകദിന ലോകകപ്പ് വിജയത്തിനു ഇന്ന് 40 ആണ്ടിന്റെ ഓര്‍മകള്‍, പ്രചോദനങ്ങള്‍. ഇന്ത്യയിലെ ക്രിക്കറ്റ് ജ്വരത്തിന്റെ ശിലാന്യാസവും അന്ന് ലോര്‍ഡ്‌സില്‍ നടന്നു.
നിശ്ചദാര്‍ഢ്യമായിരുന്നു കപിലിന്റേയും സംഘത്തിന്റേയും ധാതുവീര്യം. അന്നുവരെ ലോകം കണ്ട ഏറ്റവും മികച്ച ടീമിനെതിരെയായിരുന്നു ഇന്ത്യയുടെ കലാശപ്പോരാട്ടം. ക്ലൈവ് ലോയ്ഡും വിവിയന്‍ റിച്ചാര്‍ഡ്സും മൈക്കല്‍ ഹോള്‍ഡിങും മാല്‍ക്കം മാര്‍ഷലുമടങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയം ഇന്ത്യയിലെ ക്രിക്കറ്റിനെ അടിമുടി മാറ്റാന്‍ പര്യാപ്തമായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ആ വിശ്വ വിജയത്തിന്റെ ആഴവും പരപ്പും. ഇന്ത്യന്‍ കായിക ചരിത്രത്തിലെ മഹത്തായ ഏടായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച, അത്ഭുതപ്പെടുത്തിയ ആ വിജയം.
ലീഗിനപ്പുറം പോകില്ലെന്നു ക്രിക്കറ്റ് പണ്ഡിതരായ എല്ലാവരും വിധിയെഴുതിയ സംഘം. തങ്ങളുടെ വിധി നിര്‍ണയിക്കപ്പെട്ടെന്നു കരുതി തന്നെ മത്സരിക്കാനിറങ്ങിയ ടീം അംഗങ്ങള്‍. ടൂര്‍ണമെന്റില്‍ നിന്നു നേരത്തെ പുറത്താകുമെന്നതിനാല്‍ അമേരിക്കയില്‍ അവധി ആഘോഷിക്കാന്‍ പ്ലാനിട്ട താരങ്ങള്‍.
ടീമിന്റെ ഓപ്പണറായ കൃഷ്ണമാചാരി ശ്രീകാന്ത് ലോകകപ്പിനു തൊട്ടുമുന്‍പാണ് വിവാഹിതനായത്. അദ്ദേഹം ഹണിമൂണ്‍ ട്രിപ്പ് പോലും പ്ലാന്‍ ചെയ്താണ് ഇംഗ്ലണ്ടിലെത്തിയത്!
എന്നാല്‍ കാലം കാത്തു വച്ച വിസ്മയങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു...
ലീഗും കടന്ന് ക്വാര്‍ട്ടറും സെമിയും ഫൈനലും കടന്ന് കപിലും സംഘവും കിരീടത്തില്‍ മുത്തമിട്ടു.
അതോടെ ശ്രീകാന്തിന് ഹണിമൂണ്‍ ട്രിപ്പിനായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നു. ടീം അംഗങ്ങളുടെ അവധി ആഘോഷങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. തനിക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ കപിലിന് ബാധ്യതയുണ്ടെന്നു പില്‍ക്കാലത്ത് ശ്രീകാന്ത് തമാശയായി പറഞ്ഞിട്ടുണ്ട്.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി നിലകൊണ്ട ഒറ്റ മനുഷ്യനേ ടീമില്‍ ഉണ്ടായിരുന്നുള്ളു. അത് കപില്‍ ദേവ് രാംലാല്‍ നികുഞ്ജ് എന്ന ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.
ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ കപിലിന്റെ ബാഗില്‍ ഒരു ചെറിയ ഷാംപെയ്ന്‍ കുപ്പി കണ്ടിരുന്നു. അത് ടീം അംഗങ്ങള്‍ക്ക് നല്‍കാന്‍ താന്‍ കപിലിനോടു ആവശ്യപ്പെട്ടതായി കീര്‍ത്തി ആസാദ് ഓര്‍മിച്ചു.
'ഇതുകൊണ്ടു നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുകയാണ്. നിങ്ങള്‍ ഇതു കുടിക്കരുത്. അതു ഞങ്ങള്‍ക്കു തരു. ഞാന്‍ കപിലിനോടു ആവശ്യപ്പെട്ടു. എന്നാല്‍ കപില്‍ ആര്‍ക്കും അതു നല്‍കിയില്ല. ലോകകപ്പ് കഴിയുന്നതു വരെ അവന്‍ അതു സൂക്ഷിച്ചു. അന്ന് ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ തുറന്ന ആദ്യത്തെ കുപ്പി അതായിരുന്നു. കപിലിന്റെ കൈയില്‍ നിന്നു അതു എടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അവന്‍ അപ്പോഴും അതു നല്‍കിയില്ല. ടീം കിരീടം നേടുമെന്ന് തുടക്കം മുതല്‍ വിശ്വസിച്ച ഏക മനുഷ്യന്‍ കപിലായിരുന്നു'- ആസാദ് അനുസ്മരിച്ചു.
1983ലെ ലോകകപ്പ് വിജയം നിശ്ചയദാര്‍ഢ്യത്തിന്റേയും തിരിച്ചടിക്കാനുള്ള ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നു. വെറും 183 റണ്‍സില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം അനായാസം നിര്‍ണയിക്കപ്പെട്ടു എന്ന തോന്നലായിരുന്നു എല്ലാര്‍ക്കും.
എന്നാല്‍ 140 റണ്‍സില്‍ വിഖ്യാത കരീബിയന്‍ സംഘം പൊലിഞ്ഞു തീര്‍ന്നു. കത്തുന്ന ഫോമില്‍ നിന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അവിശ്വസനീയമായി പുറത്താക്കി കപില്‍ തകര്‍ച്ചയുടെ നാന്ദി കുറിച്ചു. കപിലിന്റെ കേളികേട്ട ഒരു ക്യാച്ചായിരുന്നു വിന്‍ഡീസ് പടയുടെ തകര്‍ച്ചയുടെ തുടക്കമിട്ട റിച്ചാര്‍ഡ്‌സിന്റെ പുറത്താകല്‍. ആ നിമിഷത്തില്‍ കിരീടം ഇന്ത്യക്കെന്നു ഒരു പക്ഷേ കപില്‍ കരുതിയിരിക്കാം.
റിച്ചാര്‍ഡ്‌സിന്റെ മടക്കം കളിയുടെ ഗതി നിര്‍ണയിച്ചു എന്നത് തെളിയിക്കുന്നതായിരുന്നു വിന്‍ഡീസ് ബാറ്റിങ് സംഘത്തിന്റെ ദയനീയ പതനം.
ലോകകപ്പിന് മുന്‍പ് വിസ്ഡം ക്രിക്കറ്റ് മന്ത്‌ലി എഡിറ്റര്‍ ഡേവിഡ് ഫ്രിത് ഒരു ലേഖനം എഴുതിയിരുന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന പ്രവചനമായിരുന്നു ആ ലേഖനം. അഥവാ പ്രവചനം തെറ്റിയാല്‍ ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ താന്‍ തിരിച്ചെടുക്കുമെന്നും ഫ്രിത് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് വിജയം പിന്നീട് ഫ്രിതിനെ ഒരു വായനക്കാരന്‍ ഓര്‍മപ്പെടുത്തി. ഫ്രിത് വാക്കും പാലിച്ചു. അദ്ദേഹം തന്റെ പ്രവചനം തെറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞു. ആ വാക്കുകള്‍ പിന്‍വലിക്കപ്പെട്ടത് ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയത്തിന്റെ ശ്രദ്ധേയ പ്രതീകമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates