India vs New Zealand 4th ODI x
Sports

1983 ലോകകപ്പില്‍ 9/4... '43' കൊല്ലത്തിന് ശേഷം ഇന്ത്യ വീണ്ടും 9/4!

അന്ന് കപിലിന്റെ 175* രക്ഷിച്ചു, ഇത്തവണ പക്ഷേ ആരും രക്ഷകരായില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ച, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഒരു നിമിഷത്തിന്റെ ഓര്‍മകള്‍ തിരികെ കൊണ്ടു വന്നു. മൗണ്ട് മൗന്‍ഗനൂയിയില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 334 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 9 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ചയെ നേരിട്ടു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1983ലെ ഏകദിന ലോകകപ്പില്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ സിംബാബ്‌വെയെ നേരിടാനിറങ്ങിയ ഇന്ത്യ അന്ന് 9 റണ്‍സിന് 4 വിക്കറ്റ് നഷ്ടമായി തകര്‍ന്നിരുന്നു. എന്നാല്‍ അന്ന് കപില്‍ പുറത്താകാതെ 175 റണ്‍സെന്ന അവിശ്വസനീയ ബാറ്റിങുമായി ഇന്ത്യയെ കരകയറ്റിയെങ്കില്‍ മൗണ്ട് മൗന്‍ഗനൂയിയില്‍ ഇന്ത്യയെ രക്ഷിക്കാന്‍ ആരും ഉണ്ടായില്ല. ഫലം 244 റണ്‍സിന്റെ കനത്ത തോല്‍വി.

334 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ മാറ്റ് ഹെൻ‍റി രോഹിത് ശര്‍മയെ മടക്കി ഇന്ത്യയെ പ്രഹരിച്ചു. അതേ ഓവറില്‍ തന്നെ വിരാട് കോഹ്‌ലിയേയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും മടക്കി ഹെൻ‍റി ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്ക് അതിവേഗം തള്ളിയിട്ടു. നാശനഷ്ടങ്ങള്‍ അവിടെയും തീര്‍ന്നില്ല. 5 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്‌വാദിനേയും മടക്കിയാണ് കിവികള്‍ ഇന്ത്യയെ 4ന് 9 എന്ന നിലയിലേക്ക് ഒതുക്കിയത്. ആ പ്രഹരത്തില്‍ നിന്ന് ഇന്ത്യ കരകയറിയതുമില്ല.

1983ലെ ലോകകപ്പില്‍ ടണ്‍ബ്രിഡ്ജ് വെല്‍സിലാണ് കപിലിന്റെ ഐതിഹാസിക ഇന്നിങ്‌സിന്റെ പേരില്‍ അറിയപ്പെട്ട പോരാട്ടം അരങ്ങേറിയത്. 17 റണ്‍സിനിടെ 5 വിക്കറ്റും നഷ്ടമായ ഇന്ത്യയെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചാണ് കപില്‍ രക്ഷിച്ചെടുത്തത്. ഒരു ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 റണ്‍സില്‍ താഴെ സ്‌കോറില്‍ ആദ്യ 4 വിക്കറ്റുകള്‍ നഷ്ടമായ ആദ്യ സംഭവം 1983ലെ ഈ മത്സരമായിരുന്നു. പിന്നീട് ഇപ്പോഴാണ് 10 റണ്‍സിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടമാകുന്നത്.

ന്യൂസിലന്‍ഡിനെതിരെ ആദ്യ 10 ഓവറില്‍ ഇന്ത്യ നേടിയ 4ന് 26 എന്ന സ്‌കോര്‍ 2018നു ശേഷം ആദ്യമായാണ് സംഭവിക്കുന്നത്. ഈ കാലയളവിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്നാണിത്.

ഇന്ത്യയെ എക്കാലത്തും ബുദ്ധിമുട്ടിച്ചിട്ടുള്ള പേസറാണ് ഹെൻ‍റി. 2019ല്‍ വെല്ലിങ്ടനില്‍ 10 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയും 2019ലെ ലോകകപ്പില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ 13 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയും ഹെൻ‍റി ഞെട്ടിച്ചിരുന്നു. സമാന പ്രകടനമാണ് നാലാം ഏകദിനത്തില്‍ ഹെൻ‍റി പുറത്തെടുത്തത്. 14 റണ്‍സ് വഴങ്ങി 3 മുന്‍നിര വിക്കറ്റെടുത്ത ഹെൻ‍റി മത്സരത്തില്‍ മൊത്തം 27 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

രോഹിതും കോഹ്‌ലിയും

ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും പൂജ്യത്തിന് ഔട്ടായിരുന്നു. ഒരു മത്സരത്തില്‍ ഇരുവരും പൂജ്യത്തില്‍ പുറത്താകുന്നത് ഇന്ത്യയുടെ ഏകദിന ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തിലാണ് ഇരുവരും ഒരുമിച്ച് പൂജ്യത്തില്‍ ഔട്ടായത്. അതിന് ശേഷം ഇപ്പോഴാണ് സമാന ഔട്ട് സംഭവിക്കുന്നത്. ഏകദിനത്തില്‍ രോഹിതിനേയും കോഹ്‌ലിയേയും മാറ്റ് ഹെന്റി ഇത് മൂന്നാം തവണയാണ് പുറത്താക്കുന്നത്.

ഏകദിനത്തില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും ചേര്‍ക്കാതെ 3 വിക്കറ്റുകള്‍ നഷ്ടമാകുന്ന അഞ്ചാമത്തെ ടീമായി ഇന്ത്യയും നാണക്കേടിന്റെ പട്ടികയിലെത്തി.

  • പാകിസ്ഥാന്‍- ന്യൂസിലന്‍ഡ്, എഡ്ജ്ബാസ്റ്റന്‍ 1983 ലോകകപ്പ്

  • പാകിസ്ഥാന്‍- ദക്ഷിണാഫ്രിക്ക, ലാഹോര്‍ 1997

  • ബംഗ്ലാദേശ്- ശ്രീലങ്ക, പീറ്റര്‍മാറ്റ്‌സ്ബര്‍ഗ്, 2003 ലോകകപ്പ്

  • ഓസ്‌ട്രേലിയ- ബംഗ്ലാദേശ്, മിര്‍പുര്‍ 2026

  • ഇന്ത്യ- ന്യൂസിലന്‍ഡ്, മൗണ്ട് മൗന്‍ഗനൂയി 2026

India's batting collapse against New Zealand brought back memories of one of the most famous moments in their cricket history. Forty-three years after being reduced to 9/4 against Zimbabwe in the 1983 World Cup, India suffered the same score in the fourth ODI at Bay Oval in Mount Maunganui on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

ചെറുപ്പക്കാർക്കിടയിലും ഫാറ്റി ലിവർ, ഭക്ഷണത്തിലും വ്യായാമത്തിലും വരുത്തേണ്ട മാറ്റങ്ങൾ

വിമാന സര്‍വീസുകളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാര്‍; മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി, രണ്ടെണ്ണം വൈകി

Suvarna Keralam SK 77 lottery result | ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു

മരണവീട്ടിൽ വടിവാൾ വീശി ഭീഷണി; ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്