ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തത് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മികച്ച റെക്കോർഡുണ്ടായിട്ടും ഏകദിനത്തിലേക്ക് സഞ്ജുവിനെ പരിഗണിക്കാതെ നിരന്തരം ഒഴിവാക്കുകയാണെന്നു ചോപ്ര ചൂണ്ടിക്കാട്ടുന്നു. ന്യൂസിലൻഡിനെതിരായ അവസാന രണ്ട് മത്സരങ്ങളിലേക്ക് പോലും സഞ്ജുവിനെ പരിഗണിച്ചില്ല.
കെഎൽ രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരുൾപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാർ ആരും ഇല്ലെന്നിരിക്കെയാണ് ഏകദിന ടീമിലെ ഈ അവഗണന. ഇഷാൻ കിഷനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ സ്ക്വാഡിൽ നിന്നു ഒഴിവാക്കിയെന്നും ചോപ്ര.
'ഇപ്പോഴും സഞ്ജുവിനെ അവർ പരിഗണിച്ചില്ല. കെഎൽ രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരൊന്നും ടീമിലില്ല. ഇഷാൻ കിഷനെ വൈസ് ക്യാപ്റ്റനാക്കിയിട്ടുണ്ട്. എന്നാൽ സഞ്ജുവിനെ തിരഞ്ഞെടുത്തില്ല. സഞ്ജുവിന്റെ ഏകദിന കണക്കുകൾ മികച്ചതാണ്. അവസാനം കളിച്ച മത്സരങ്ങളിൽ അദ്ദേഹം മികവും പുറത്തെടുത്തിട്ടുണ്ട്.'
'ഈ തവണയെങ്കിലും അദ്ദേഹത്തിന് അവസരം നൽകുമെന്നാണ് കരുതിയത്. പക്ഷേ നൽകിയില്ല. കുമാർ കുശാഗ്രയെ നിലനിർത്തും. കുഴപ്പമില്ല. അദ്ദേഹത്തിന്റെ ആഭ്യന്തര ക്രിക്കറ്റ് കണക്കുകൾ മികച്ചതാണ്. എന്നാൽ എന്തുകൊണ്ട് സഞ്ജു സാംസണെ നിങ്ങൾ പരീക്ഷിക്കുന്നില്ല. അതിനർഥം ഏകദിന ക്രിക്കറ്റിന്റെ കാര്യത്തിൽ നിങ്ങൾ സഞ്ജുവിനെതിരെ ഇതിനകം തന്നെ തീരുമാനങ്ങളെടുത്തിട്ടുണ്ട് എന്നാണ്.'
14 ഏകദിന ഇന്നിങ്സുകളിൽ നിന്നു 56.67 ശരാശരിയിൽ 510 റൺസാണ് സഞ്ജു നേടിയത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാർലിൽ നടന്ന പോരാട്ടത്തിലാണ് അദ്ദേഹം ഏകദിന ഫോർമാറ്റിൽ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. അന്ന് ഇന്ത്യ 78 വിജയം സ്വന്തമാക്കുമ്പോൾ അതിന്റെ അമരത്ത് 114 പന്തിൽ 108 റൺസുമായി സഞ്ജു നിൽപ്പുണ്ടായിരുന്നു.
ടി20യിലെ സഞ്ജുവിന്റെ കഴിഞ്ഞ 20 ഇന്നിങ്സുകളിലെ പ്രകടനം താരതമ്യം ചെയ്ത് കണക്കുകൾ നിരത്തിയാണ് ചോപ്ര തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ഥിരതയുടെ കാര്യത്തിൽ സഞ്ജു ഇഷാൻ കിഷനേയും അഭിഷേക് ശർമയേയും കടത്തിവെട്ടി ഒന്നാം സ്ഥാനത്തു നിൽക്കുന്നുവെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 20 ഇന്നിങ്സുകളിൽ നിന്നു സഞ്ജു 7 അർധ സെഞ്ച്വറികൾ നേടിയപ്പോൾ ഇഷാൻ 3 അർധ ശതകങ്ങളും അഭിഷേക് 4 അർധ ശതകങ്ങളുമാണ് സ്വന്തമാക്കിയത്. റൺസിലും സഞ്ജുവാണ് മുന്നിൽ. സഞ്ജു 657 റൺസാണ് നേടിയത്. ഇഷാൻ 625 റൺസും അഭിഷേക് 584 റൺസും.
'ഇവരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് സഞ്ജു സാംസൺ ആണെന്നതാണ് യാഥാർഥ്യം. എന്നിട്ടും അദ്ദേഹത്തിന് സമ്മർദ്ദത്തിന്റെ ഒരു ആജീവനാന്ത വരിസംഖ്യ ലഭിച്ചതു പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ സമ്മർദ്ദം അദ്ദേഹത്തെ പിന്തുടരും. ഇതാണ് സത്യത്തിൽ അദ്ദേഹത്തിനെതിരെ നടക്കുന്നത്. സഞ്ജു റൺസ് നേടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിനാണ് പഴി മുഴുവൻ.'
'നോക്കു, ഒടുവിൽ കളിച്ച 20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് സഞ്ജുവാണ്. എന്നിട്ടും നിങ്ങൾ പറയുന്നു അദ്ദേഹം റൺസ് നേടുന്നില്ലെന്ന്. '
ബാറ്റിങ് നിര മുഴുവൻ അങ്കലാപ്പിൽ നിന്ന ടി20 ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും ടീമിൽ ഉറച്ചിട്ടില്ല. ലോകകപ്പിനു പിന്നാലെ നടന്ന യുകെ പര്യടനത്തിൽ നിന്നു സഞ്ജുവിനെ തഴഞ്ഞത് വലിയ ചർച്ചയായിരുന്നു. അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകളിലും സഞ്ജുവിന്റെ സ്ഥാനത്തെ ചൊല്ലിയാണ് പലരും സംശയം ഉന്നയിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടി20യിൽ കുറഞ്ഞ സ്കോറിനു പുറത്തായതോടെ ഈ ചോദ്യങ്ങൾ വീണ്ടും ഉയർന്നുവന്നു. എന്നാൽ രണ്ടാം പോരാട്ടത്തിൽ 82 റൺസുമായി കരുത്തോടെ സഞ്ജുവിന്റെ തിരിച്ചുവരവ്. 193.35 റൺസ് ശരാശരിയിൽ രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 168 റൺസ് നേടിയ സഞ്ജു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി. ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ സ്ഥാനം നോക്കി പുരികം ഉയർത്തുന്ന മുൻ താരങ്ങളിൽ പലരുടേയും ചോദ്യങ്ങൾക്കിടെയാണ് ശ്രദ്ധേയ കണക്കുകളുമായി ചോപ്ര രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates