കാബുൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ അന്തരിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 32 വയസുള്ള താരം അന്തരിച്ചെന്നു അവകാശപ്പെട്ടുള്ള ഒരു പോസ്റ്റാണ് പ്രചരിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ കരീം ജാനത് റഹ്മത്ത് ഷായുടെ ചിത്രം ഉൾപ്പെടുത്തി അനുശോചന കുറിപ്പ് പങ്കിട്ടതാണ് കൺഫ്യൂഷനുണ്ടാക്കിയത്. ഇതോടെയാണ് താരം മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്.
പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വന്നു. റഹ്മത്ത് ഷായല്ല മരിച്ചതെന്നും അദ്ദേഹത്തിനെ മാതാവാണ് മരിച്ചതെന്നും വ്യക്തമാക്കി. പഷ്തോ ഭാഷയിലാണ് കരീം ജാനത് അനുശോചന സന്ദേശം കുറിച്ചത്. എന്നാൽ അനുശോചന കുറിപ്പ് റഹ്മത്തിനെ ഉദ്ദേശിച്ചല്ല അദ്ദേഹത്തിന്റെ മാതാവിനെ സ്മരിച്ചാണെന്നും വ്യക്തമായി. കരീം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഓട്ടോമേറ്റഡ് വിവർത്തനവും ആരാധകരെ കൺഫ്യൂഷനിലാക്കി. ഇതോടെയാണ് തെറ്റായ വാർത്ത പ്രചരിച്ചത്. പിന്നീടാണ് ഇൻബിൽറ്റ് പരിഭാഷയാണ് ഇവിടെ വില്ലനായതെന്നു വ്യക്തമായത്.
ഇൻബിൽറ്റ് വിവർത്തനം: 'വളരെ ദുഃഖത്തോടെയാണ് അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം ഇതിഹാസ താരം റഹ്മത്ത് ഷായുടെ വേർപാടിന്റെ വാർത്ത ഞാൻ അറിഞ്ഞത്. ഈ ദുരന്തം എന്നെയും ക്രിക്കറ്റ് ആരാധകരേയും ആഴത്തിൽ വേദനിപ്പിക്കുന്നു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ റഹ്മത്ത് ഷായോടും അദ്ദേഹത്തിന്റെ കുടുംബത്തോടും എന്റെ അനുഭാവവും അനുശോചനവും രേഖപ്പെടുത്തുന്നു. അല്ലാഹു പരേതന് സ്വർഗം നൽകുകയും ഖബറിടം വിശാലവുമാക്കട്ടെ. ദുഃഖം സഹിക്കാൻ കുടുംബത്തിനു ശക്തി നൽകട്ടെ. നമ്മൾ അല്ലാഹുവിനുള്ളതാണ്. അവനിലേക്ക് മടങ്ങുക തന്നെ ചെയ്യും.'
യഥാർഥ പരിഭാഷ: 'ദേശീയ ക്രിക്കറ്റ് ടീം താരം റഹ്മത്ത് ഷായുടെ ആദരണീയ അമ്മയുടെ മരണ വാർത്ത ഞാൻ അറിഞ്ഞു. ഈ വിയോഗം എന്നെയും ക്രിക്കറ്റ് ആരാധകരേയും ആഴത്തിൽ വേദനിപ്പിക്കുന്നു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ റഹ്മത്ത് ഷായോടും അദ്ദേഹത്തിന്റെ കുടുംബത്തോടും എന്റെ അനുഭാവവും അനുശോചനവും രേഖപ്പെടുത്തുന്നു. അല്ലാഹു പരേതയ്ക്ക് സ്വർഗം നൽകുകയും ഖബറിടം വിശാലവുമാക്കട്ടെ. ദുഃഖം സഹിക്കാൻ കുടുംബത്തിനു ശക്തി നൽകട്ടെ. നമ്മൾ അല്ലാഹുവിനുള്ളതാണ്. അവനിലേക്ക് മടങ്ങുക തന്നെ ചെയ്യും.'
വിഷയത്തിൽ വ്യക്തത വന്നത് ആരാധകരേയും ആശ്വാസത്തിലാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നു ആരാധകർ അഭ്യർഥിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലാണ് റഹ്മത്ത് ഷാ അവസാനമായി അഫ്ഗാനിസ്ഥാനായി കളിച്ചത്. പിന്നീട് പരിക്ക് താരത്തിന്റെ കരിയറിൽ വില്ലനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates