ദുബൈ: ഏഷ്യാകപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. വ്യാഴാഴ്ച നടന്ന അവസാന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്.
ക്രിക്കറ്റ് ചരിത്രത്തില്‍, മൂന്നിലധികം ടീമുകള്‍ പങ്കെടുക്കുന്ന ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും അഞ്ച് തവണ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആ അഞ്ച് ഫൈനലുകളില്‍ മൂന്ന് തവണ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞു. മൂന്നിലധികം ടീമുകള്‍ പങ്കെടുക്കുന്ന ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയത് 1984ലാണ്. അന്ന് നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് വിജയിച്ചത്. ഇന്ത്യ എട്ട് വിക്കറ്റിനാണ് ജയിച്ചത്.
ഫൈനലില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. അന്ന് പാകിസ്ഥാന്‍ ഇന്ത്യയെ 180 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. മള്‍ട്ടി-നാഷണല്‍ ടൂര്‍ണമെന്റുകളിലെ അഞ്ച് ഇന്ത്യ- പാകിസ്ഥാന്‍ ഫൈനലുകളുടെ വിവരം താഴെ:
വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 1984
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ 48 (92) ഇന്നിങ്ങ്‌സിന്റെ മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ഇന്ത്യയ്ക്കായി കപില്‍ ദേവ് (3/23), ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ (3/35) എന്നിവരാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്. രവി ശാസ്ത്രിയും (63) ശ്രീകാന്തും (77 പന്തില്‍ 67) ഇന്ത്യയെ 47.1 ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ സഹായിച്ചു. അന്ന് ഇന്ത്യ എട്ടുവിക്കറ്റിനാണ് ജയിച്ചത്.
ആസ്ട്രല്‍- ഏഷ്യാകപ്പ് ഫൈനല്‍, 1986
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സുനില്‍ ഗാവസ്‌കറിന്റെ 92 (134) മികവില്‍ 50 ഓവറില്‍ 245/7 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ അവസാന പന്തില്‍ ജാവേദ് മിയാന്‍ദാദിന്റെ സിക്‌സിന്റെ ബലത്തില്‍ ലക്ഷ്യം മറികടന്നു. ചേതന്‍ ശര്‍മ്മയാണ് പന്ത് എറിഞ്ഞത്. ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് മിയാന്‍ദാദ് സിക്‌സ് അടിച്ചത്. മിയാന്‍ദാദ് 116 (114) റണ്‍സുമായി പുറത്താകാതെ നിന്നു.
ആസ്ട്രല്‍-ഏഷ്യാ കപ്പ് ഫൈനല്‍, 1994
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ സയീദ് അന്‍വര്‍ (63 പന്തില്‍ 47), ആമീര്‍ സൊഹൈല്‍ (87 പന്തില്‍ 69), ബാസിത് അലി (58 പന്തില്‍ 57) എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 211 റണ്‍സിന് പുറത്തായി. വിനോദ് കാംബ്ലിക്ക് (99 പന്തില്‍ 56) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 39 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
2007 ലെ ഐസിസി വേള്‍ഡ് ടി20 ഫൈനല്‍
54 പന്തില്‍ 74 റണ്‍സ് നേടിയ ഗൗതം ഗംഭീറിന്റെ മികച്ച പ്രകടനവും അവസാന ഓവറുകളില്‍ രോഹിത് ശര്‍മ്മ (16 പന്തില്‍ 30) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. മിസ്ബ ഉള്‍ ഹഖ് പൊരുതി നോക്കിയെങ്കിലും ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീകാന്തിന്റെ കൈകളില്‍ പോരാട്ടം അവസാനിച്ചു.
ചാമ്പ്യന്‍സ് ട്രോഫി 2017 ഫൈനല്‍
മത്സരത്തില്‍ ഫഖര്‍ സമാന്റെ 114 (106) ഇന്നിങ്ങ്‌സിലൂടെ പാകിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍ എന്നിവരെ പാകിസ്ഥാന്റെ മുഹമ്മദ് ആമിര്‍ പുറത്താക്കി. ഇന്ത്യ 158 റണ്‍സിന് ഓള്‍ഔട്ടായി. മത്സരത്തില്‍ പാകിസ്ഥാന്‍ 180 റണ്‍സിന്റെ വിജയമാണ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates