Akeal Hosein, Sanju Samson x
Sports

'6 പന്തും ഞാന്‍ നേരിട്ടോളാം; കളി സഞ്ജു പറഞ്ഞ വഴിക്കു തന്നെ വന്നു'

കളിയെക്കുറിച്ച് സഞ്ജുവിനുള്ള ധാരണ അസാധ്യമെന്ന് അകീല്‍ ഹുസൈന്‍

Author : സമകാലിക മലയാളം ഡെസ്ക്

വാംഖഡെ: ഐപിഎല്‍ 'എല്‍ ക്ലാസിക്കോ' പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നാണംകെട്ട തോല്‍വിയിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് തള്ളിയിട്ടപ്പോള്‍ അതിന്റെ അമരക്കാരനായത് കിടിലന്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന സഞ്ജു സാംസണ്‍ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ അതില്‍ 101 റണ്‍സും സഞ്ജുവിന്റെ വകയായിരുന്നു. ഇന്നിങ്‌സിലെ അവസാന ഓവറിലെ അവസാന പന്തില്‍ ഫോറടിച്ചാണ് സഞ്ജു സെഞ്ച്വറി തികച്ചത്. ചെന്നൈ നിരയില്‍ മറ്റൊരു ബാറ്ററും 25 റണ്‍സിനപ്പുറം എടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

കളിയെക്കുറിച്ചുള്ള സഞ്ജുവിന്റെ ധാരണ അസാധ്യമാണെന്നു പറയുകയാണ് സഹ താരവും വിന്‍ഡീസ് സ്പിന്നറുമായ അകീല്‍ ഹുസൈന്‍. സെഞ്ച്വറി നേടുമ്പോള്‍ നോണ്‍ സ്‌ട്രൈക്കില്‍ അകീലായിരുന്നു സഞ്ജുവിനൊപ്പം. സഞ്ജുവിന്റെ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈ സ്‌കോര്‍ 200 കടത്തിയതെന്നും അകീല്‍ ഹുസൈന്‍ പറയുന്നു. ഒരു ഘട്ടത്തില്‍ ചെന്നൈ സ്‌കോര്‍ 160- 170ല്‍ ഒതുങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

'തുടരെ വിക്കറ്റുകള്‍ വീഴുമ്പോള്‍ ഒരു ഘട്ടത്തില്‍ ടീം സ്‌കോര്‍ 160- 170 വരെ എത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സഞ്ജു അവസാനം വരെ ക്രീസില്‍ നിന്നതും കണക്കുകൂട്ടലുകളോടെ കളിച്ചതുമാണ് നിര്‍ണായകമായത്. അവര്‍ക്ക് 5 ബൗളര്‍മാര്‍ മാത്രമേ ഉള്ളു എന്ന് സഞ്ജുവിനു അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അതുവരെ അവസരം കിട്ടാതിരുന്ന പുതിയൊരു ബൗളര്‍ മുംബൈക്കു ഇറക്കേണ്ടി വന്നു. സഞ്ജു അതു കൃത്യമായി തന്നെ കണക്കുകൂട്ടി ആ പുതിയ ബൗളറെ അനായാസം നേരിടുകയും ചെയ്തു.'

'അവസാന ഓവറില്‍ അദ്ദേഹം കാണിച്ച അത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. സെഞ്ച്വറിക്കരികെ നില്‍ക്കെ അദ്ദേഹം എന്നോടു അവസാന ഓവറിലെ ആറ് പന്തും അദ്ദേഹം തന്നെ നേരിട്ടോളാമെന്നു പറഞ്ഞു. പരമാവധി റണ്‍സ് അടിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ അത്മവിശ്വാസത്തിനു മുന്നില്‍ എനിക്കു സമ്മതം മൂളുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. കാര്യങ്ങള്‍ സഞ്ജു കണക്കുകൂട്ടിയ വഴിക്കു തന്നെ വരികയും ചെയ്തു'- അകീല്‍ വ്യക്തമാക്കി.

മത്സരത്തില്‍ 54 പന്തില്‍ 10 ഫോറും ആറ് സിക്‌സും സഹിതം സഞ്ജു 101 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു ഏതാണ്ട് ഒറ്റയ്ക്കു തന്നെ ടീം ടോട്ടല്‍ 207 റണ്‍സിലെത്തിച്ചാണ് ക്രീസ് വിട്ടത്. മറ്റൊരു സിഎസ്‌കെ താരവും 25 റണ്‍സിനപ്പുറം പോയില്ല.

മത്സരത്തില്‍ ചെന്നൈ 103 റണ്‍സിന്റെ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. കളിയില്‍ മാന്‍ ഓഫ് ദി മാച്ചായതും സഞ്ജുവാണ്. അപരാജിത സെഞ്ച്വറിയുമായി നിന്ന സഞ്ജുവിന്റെ ഇന്നിങ്‌സാണ് ചെന്നൈ ജയത്തില്‍ നിര്‍ണായകമായതെന്നു മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് മത്സര ശേഷം വ്യക്തമാക്കുകയും ചെയ്തു.

വാംഖഡെയിലെ സെഞ്ച്വറി തന്നെ സംബന്ധിച്ചു സ്‌പെഷ്യലാണെന്നു സഞ്ജു വ്യക്തമാക്കി. അവസാന ഓവറിലെ ആറ് പന്തും നേരിടുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ പരമാവധി റണ്‍സടിക്കുക. ആ ലക്ഷ്യം കൃത്യമായി തന്നെ ഫലം കണ്ടതില്‍ സന്തോഷം. മത്സര ശേഷം സഞ്ജുവും പ്രതികരിച്ചു.

akeal hosein about Sanju Samson game awareness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിയുടെ ഏജന്റിനെയല്ല, കണ്ടത് ആര്യാടന്റെ ബന്ധുവിനെ; മംഗളൂരു കൂടിക്കാഴ്ചാ വിവാദം തള്ളി മുഖ്യമന്ത്രി

കൊലക്കേസ് പ്രതിയായ യുവാവിന്റെ പരാക്രമം; അയല്‍വാസിയുടെ വീടും കാറും തകര്‍ത്തു

'എന്റെ ഭർത്താവ് എന്നെക്കുറിച്ച് മോശമായി പറഞ്ഞെന്ന് പറഞ്ഞു, മോളെ അധിക്ഷേപിച്ചു; അൻസിബയ്ക്കെതിരെ 10 കോടിയുടെ മാനനഷ്ട കേസ് കൊടുക്കും'

ജാതിക്കപ്പൊടി പാലിൽ ചേർത്ത് കുടിക്കാം, ചരകസംഹിതയില്‍ ഹൃദയസ്തംഭനം ഒഴിവാക്കാൻ പ്രത്യേക പാനീയം

നീറ്റ് പുനഃപരീക്ഷ എഴുതാന്‍ ജാമ്യം നല്‍കണം; പരീക്ഷാ ചോര്‍ച്ചയിലെ പ്രതി കോടതിയില്‍

SCROLL FOR NEXT