Vaibhav Sooryavanshi x
Sports

ബൗണ്ടറി ലൈനില്‍ തനിച്ചിരുന്നു പൊട്ടിക്കരഞ്ഞ് വൈഭവ്; 15കാരന് തോല്‍വി താങ്ങാന്‍ കഴിഞ്ഞില്ല, ചേര്‍ത്തു പിടിച്ച് കെകെആര്‍ സ്റ്റാഫ് (വിഡിയോ)

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ വണ്ടര്‍ കിഡിന്റെ അസാമാന്യ പ്രകടനം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അവസാന ഓവറിലെ ആവേശം കെട്ടടങ്ങി. സീസണില്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിലെ അവരുടെ വിജയം ആഘോഷിക്കുന്നു. ഈ സമയത്ത് ക്യാമറകളുടെ കാഴ്ചയില്‍ ഒരു ദൃശ്യം പെട്ടു. ബൗണ്ടറി ലൈനില്‍ ഒറ്റയ്ക്കിരുന്നു മുഖംപൊത്തി കരയുന്ന ഒരു കുഞ്ഞു മനുഷ്യനെയാണ് ക്യാമറകള്‍ കണ്ടത്. മറ്റാരുമായിരുന്നില്ല...

രാജസ്ഥാന്‍ റോയല്‍സ് കൗമാര ബാറ്റിങ് സൂപ്പര്‍ സ്റ്റാറും വണ്ടര്‍ കിഡുമായ വൈഭവ് സൂര്യവംശിയായിരുന്നു അത്.

ടൂര്‍ണമെന്റിലെ വെറും രണ്ടാം തോല്‍വി മാത്രം നേരിട്ട രാജസ്ഥാന്‍ ഇപ്പോഴും പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തുടരുന്നുണ്ട്. പക്ഷേ ആ കടുത്ത പരാജയത്തിന്റെ ഭാരം കുഞ്ഞ് ഓപ്പണറെ വ്യക്തിപരമായി തളര്‍ത്തി. തോല്‍വി സഹിക്കാന്‍ കഴിയാതെയാണ് തനിച്ചിരുന്നു വൈഭവ് പൊട്ടിക്കരഞ്ഞത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

വൈഭവ് സങ്കടപ്പെട്ടിരിക്കുന്ന ആ സമയത്ത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉദാത്തമായ കാഴ്ചയും മൈതാനത്ത് അരങ്ങേറി. വൈഭവ് തനിച്ചിരുന്നു കരയുന്നത് കണ്ട് കെകെആര്‍ സപ്പോര്‍ട്ട് സ്റ്റാഫുകളില്‍ ഒരാള്‍ അവന്റെ അരികിലേക്ക് ഓടിയെത്തി ചേര്‍ന്നിരുന്നു വൈഭവിനെ ആശ്വസിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ കെട്ടിപ്പിടിച്ചും വൈഭവ് കരയുന്നത് വിഡിയോയില്‍ കാണാം.

കൊല്‍ക്കത്തയ്‌ക്കെതിരായ പോരാട്ടത്തില്‍ ടീമിനു സ്വപ്‌ന തുല്ല്യമായ തുടക്കം ഒരിക്കല്‍ കൂടി നല്‍കിയാണ് വൈഭവ് പുറത്തായത്. ടീമിന്റെ ടോപ് സ്‌കോററും ഈ കൗമാര താരം തന്നെ. മത്സരത്തില്‍ 28 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം വൈഭവ് 46 റണ്‍സെടുത്തു. എന്നാല്‍ യശസ്വി ജയ്‌സ്വാള്‍ (39) ഒഴികെ മറ്റൊരു താരവും തിളങ്ങാതെ വന്നതോടെ രാജസ്ഥാന്‍ 155 റണ്‍സില്‍ ഒതുങ്ങി. കൊല്‍ക്കത്ത 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സടിച്ച് മത്സരം ജയിച്ചു. 6 മത്സരങ്ങള്‍ക്കു ശേഷം ഏഴാം പോരാട്ടത്തിലാണ് കൊല്‍ക്കത്ത സീസണിലെ ആദ്യ ജയം നേടിയത്.

സ്‌കൂള്‍ പരീക്ഷകളെക്കുറിച്ച് ആകുലപ്പെടേണ്ട പ്രായത്തില്‍ ഒരു പ്രൊഫഷണല്‍ മത്സരത്തിലെ തോല്‍വി താങ്ങാവുന്നതിലും അധികമായിരുന്നു ആ ബാലന്. തന്റെ മികച്ച പ്രകടനത്തിന് ശേഷവും ടീം തോറ്റതിലുള്ള നിരാശയിലാണ് താരം വിങ്ങിപ്പൊട്ടിയത്.

ബാറ്റിങിന് ഒട്ടും അനുകൂലമല്ലാത്ത പിച്ചില്‍ സൂര്യവംശി അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. പ്രായത്തെ വെല്ലുന്ന ഭയമില്ലായ്മയോടെ കൊല്‍ക്കത്ത ബൗളിങ് നിരയെ അവന്‍ നേരിട്ടു. വരുണ്‍ ചക്രവര്‍ത്തിയുടെയും സുനില്‍ നരെയ്‌ന്റെയും സ്പിന്നിന് മുന്നില്‍ സഹതാരങ്ങള്‍ പതറിയ പിച്ചില്‍ ആ കൗമാരക്കാരന്‍ തലയുയര്‍ത്തി നിന്നു എന്നതാണ് ശ്രദ്ധേയം. അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് മാത്രം അകലെ വെച്ചുള്ള അവന്റെ പുറത്താകല്‍ ടീമിനെ തകര്‍ച്ചയിലേക്ക് നയിച്ചു.

ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ച നേരിട്ട സ്ഥലത്തു നിന്നാണ് മധ്യനിരയുടെ കരുത്തില്‍ കൊല്‍ക്കത്ത ജയിച്ചു കയറിയത്.

ഡഗ് ഔട്ടിലിരുന്ന് കൊല്‍ക്കത്തയുടെ മധ്യനിര ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് കണ്ട വൈഭവിന്റെ ഉത്കണ്ഠ വര്‍ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കൊല്‍ക്കത്ത വിജയ റണ്‍ കുറിച്ചതോടെ അവനു സങ്കടം അണപൊട്ടുകയായിരുന്നു.

Rajasthan Royals teenage superstar Vaibhav Sooryavanshi was spotted in tears near the boundary rope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; എംഎല്‍എ എന്‍ എ ഹാരിസിന്റെ വീട്ടിലും പരിശോധന

'ആരുടെ അമ്മ? നിന്റെയോ?'; പാപ്പരാസിയുടെ 'മമ്മ' വിളിക്കെതിരെ ശ്രുതി ഹാസന്‍, വിഡിയോ

'കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം, മുതലാളി എന്നല്ലല്ലോ; ഇതിനേക്കാള്‍ പൊക്കത്തിലും കയറും'

ചൂട് കാലത്ത് നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്

ഇന്ത്യയിൽ 44 ദശലക്ഷം സ്ത്രീകൾ പിസിഓഎസ് അനുഭവിക്കുന്നു, കൂടുതൽപേർ നഗരങ്ങളിൽ ; കാരണം അറിയാം

SCROLL FOR NEXT