ദുബായ്: വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച പത്ത് താരങ്ങളെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി ഐസിസി. അഞ്ച് കാലങ്ങളില്‍ കളിച്ച രണ്ട് താരങ്ങള്‍ വീതമാണ് പട്ടികയില്‍ ഇടം കണ്ടത്. 1898ല്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറിയ മോണ്ടി നോബ്ള്‍ മുതല്‍ 2015ല്‍ ക്രിക്കറ്റിനോട് വിട പറഞ്ഞ മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സംഗക്കാര വരെ നീളുന്നതാണ് ആ പട്ടിക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈലിന് മുന്നോടിയായാണ് പ്രത്യേക ഹാള്‍ ഓഫ് ഫെയിം ഐസിസി പുറത്തിറക്കിയത്. പട്ടികയിലെ താരങ്ങളുടെ സംഭാവനകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ഒരു നൂറ്റാണ്ട് പിന്നിടാന്‍ സഹായിച്ചതില്‍ സുപ്രധാനമാണെന്ന് ഐസിസി വിലയിരുത്തി.
മുന്‍ ഇന്ത്യന്‍ താരം വിനു മങ്കാദ്, മുന്‍ സിംബാബ്‌വെ നായകനും അവരുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനുമായ ആന്‍ഡി ഫ്‌ളവര്‍ തുടങ്ങിയവരടക്കം പത്ത് മുന്‍ താരങ്ങളാണ് സെപ്ഷല്‍ പട്ടികയില്‍ ഇടം പിടിച്ചത്.
ഒന്നാം ലോക മഹായുദ്ധ കാലത്തിന് മുന്‍പ് ഓസ്‌ട്രേലിയക്കായി കളിച്ച മോണ്ടി നോബ്ള്‍, ഒന്നാം ലോക മഹായുദ്ധക്കാലത്ത് കളിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഔബ്രി ഫോക്‌നര്‍, ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ സമയത്ത് എത്തി രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിരമിച്ച വെസ്റ്റിന്‍ഡീസിന്റെ ലെറി കോണ്‍സ്റ്റന്റൈന്‍, രണ്ടാം ലോകമഹായുദ്ധക്കാലത്ത് കളിച്ച ഓസ്‌ട്രേലിയയുടെ സ്റ്റാന്‍ മക്ക്‌ബെ, രണ്ട് ലോക യുദ്ധങ്ങള്‍ക്ക് ശേഷം കളിച്ച ഇന്ത്യയുടെ വിനു മങ്കാദ്, ഇംഗ്ലണ്ടിന്റെ ടെഡ് ഡെക്‌സ്റ്റര്‍, 1970 കാലത്തിന് ശേഷം കളിച്ച ഇംഗ്ലണ്ടിന്റെ ബോബ് വില്ലിസ്, വെസ്റ്റിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ്, 90കള്‍ക്ക് ശേഷം ക്രിക്കറ്റിന്റെ ആധുനിക കാലത്തെ പ്രതിനിധികളായ ആന്‍ഡി ഫ്‌ളവര്‍, കുമാര്‍ സംഗക്കാര എന്നിവരാണ് പട്ടികയിലെ താരങ്ങള്‍.
മോണ്ടി നോബ്ള്‍
1898 മുതല്‍ 1909 വരെയാണ് മോണ്ടി നോബ്ള്‍ ഓസ്‌ട്രേലിയക്കായി കളിച്ചത്. 15 മത്സരങ്ങളില്‍ ഓസീസിനെ നയിച്ച അദ്ദേഹം 42 ടെസ്റ്റുകള്‍ കളിച്ചു. 1997 റണ്‍സും 121 വിക്കറ്റുകളും നേടി.
ഔബ്രി ഫോക്‌നര്‍
1906 മുതല്‍ 1924 വരെ നീണ്ട കരിയറായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം ഫോക്‌നറുടേത്. 25 ടെസ്റ്റുകളില്‍ നിന്നായി 1754 റണ്‍സ്. 82 വിക്കറ്റുകളും നേടി.
ലെറി കോണ്‍സ്റ്റന്റൈന്‍
1928 മുതല്‍ 1939 വരെ വിന്‍ഡീസിനായി കളിച്ചു. 635 ടെസ്റ്റ് റണ്ണുകളും 58 വിക്കറ്റുകളുമാണ് ഈ കരീബിയന്‍ ഓള്‍റൗണ്ടറുടെ സമ്പാദ്യം.
സ്റ്റാന്‍ മക്ക്‌ബെ
1930 മുതല്‍ 1938 വരെയാണ് മക്ക്‌ബെ ഓസീസിനായി കളത്തിലിറങ്ങിയത്. 2748 ടെസ്റ്റ് റണ്ണുകളാണ് നേടിയത്. ആറ് സെഞ്ച്വറികളും ഇതിലുണ്ട്.
വിനു മങ്കാദ്
1946 മുതല്‍ 59 വരെ ഇന്ത്യക്കായി കളിച്ച വിനു മങ്കാദ് കപില്‍ ദേവിന് മുന്‍പ് ഇന്ത്യക്കായി മിന്നും ഫോമില്‍ കളിച്ച ഓള്‍റൗണ്ടറാണ്. 44 ടെസ്റ്റുകളില്‍ നിന്ന് 2109 റണ്‍സും 162 വിക്കറ്റുകളുമാണ് അദ്ദേഹം നേടിയത്. അഞ്ച് സെഞ്ച്വറികളും ആറ് അർധ സെഞ്ച്വറികളുമാണ് ടെസ്റ്റിലെ നേട്ടം. വിനു മങ്കാദിന്റെ സ്മരണയ്ക്കായി ബിസിസിഐ ഡൊമസ്റ്റിക് ക്രിക്കറ്റ് പോരാട്ടം നടത്തുന്നുണ്ട്.
ടെഡ് ഡെക്‌സ്റ്റര്‍
1958 മുതല്‍ 1968 വരെ ഇംഗ്ലണ്ടിനായി കളിച്ച താരം. 62 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4502 റണ്‍സ് സമ്പാദ്യം.
ബോബ് വില്ലിസ്
1971 മുതല്‍ 84 വരെ ഇംഗ്ലണ്ടിനായി കളത്തില്‍ ഇറങ്ങി. ഒരു കാലത്തെ വിറപ്പിച്ച പേസര്‍. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച നാലാമത്തെ വിക്കറ്റ് വേട്ടക്കാരന്‍. 90 ടെസ്റ്റുകളില്‍ നിന്നായി 325 വിക്കറ്റുകളാണ് കരിയറില്‍ നേടിയത്.
ഡെസ്മണ്ട് ഹെയ്ന്‍സ്
ക്രിക്കറ്റിന്റെ കാഴ്ചകളെ തന്നെ മാറ്റിമറിച്ച ഇതിഹാസ കരീബിയന്‍ ബാറ്റ്‌സ്മാന്‍. ഗോര്‍ഡന്‍ ഗ്രീനിഡ്ജുമൊത്തുള്ള ഹെയ്ന്‍സിന്റെ ഓപണിങ് ഇന്നിങ്‌സുകള്‍ ഏറെ പ്രസിദ്ധം. 16 സെഞ്ച്വറി കൂട്ടുകെട്ടുകളടക്കം ഇരുവരും ചേര്‍ന്ന് ഓപണിങില്‍ വാരിക്കൂട്ടിയത് 6482 റണ്‍സ്. ടെസ്റ്റില്‍ മൊത്തം 18 സെഞ്ച്വറികളുമായി 7487 റണ്‍സ് അടിച്ചെടുത്തു. ഏകദിനത്തില്‍ 17 സെഞ്ച്വറികള്‍. 116 ടെസ്റ്റുകളും 238 ഏകദിനങ്ങളും കളിച്ചു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് 1998ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറികടക്കുന്നത് വരെ ഹെയ്ന്‍സിന്റെ പേരിലായിരുന്നു.
ആന്‍ഡി ഫ്‌ളവര്‍
മുന്‍ സിംബാബ്‌വെ നായകന്‍. 1992 മുതല്‍ 2003 വരെ കളിച്ചു. 4794 ടെസ്റ്റ് റണ്‍സുകള്‍. 2000ത്തില്‍ ഇന്ത്യക്കെതിരെ 232 റണ്‍സ് അടിച്ചെടുത്ത ആന്‍ഡി ഫ്‌ളവര്‍ വിരമിച്ച ശേഷം പരിശീലകനായി വീണ്ടും എത്തി. ഇംഗ്ലണ്ട് ടീമിനെ 2011ല്‍ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ പരിശീലകനായ ആന്‍ഡി ഫ്‌ളവറിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.
കുമാര്‍ സംഗക്കാര
ആധുനിക ക്രിക്കറ്റിന്റെ കരുത്തുറ്റ മുഖമാണ് മുന്‍ ശ്രീലങ്കന്‍ നായകനായ സംഗക്കാര. 134 ടെസ്റ്റില്‍ നിന്ന് 12,400 റണ്‍സും 404 ഏകദിന മത്സരങ്ങളില്‍ നിന്ന് 14,234 റണ്‍സും സമ്പാദ്യം. ടെസ്റ്റില്‍ 38 സെഞ്ച്വറികളും ഏകദിനത്തില്‍ 25 സെഞ്ച്വറികളും. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറിയോ അതിന് മുകളിലോ സ്‌കോര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് തൊട്ടുതാഴെ 11 ഇരട്ട സെഞ്ച്വറികളുമായി സംഗക്കാര രണ്ടാമത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates