തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. നവംബറില്‍ കേരളത്തിലെത്തുമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. ടീമില്‍ ലയണല്‍ മെസിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ടീം ഉറപ്പൊന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം കൂടി ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തും. സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ സമയത്തു തന്നെയാണ്. അതിനിടയിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് നിലവില്‍ കിട്ടുന്ന വിവരം. വേദി സംബന്ധിച്ചു അന്തിമ തീരുമാനം വന്നിട്ടില്ല.
അര്‍ജന്റീന ടീമിന്റെ കുറിപ്പ്
ലയണല്‍ സ്‌കലോണി നയിക്കുന്ന ദേശീയ ടീം പങ്കെടുക്കുന്ന 2025 ലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഒക്ടോബര്‍ മാസത്തില്‍ 6 നും 14 നും ഇടയില്‍ അമേരിക്കന്‍ പര്യടനം. ടീം, വേദി എന്നിവ തീരുമാനിച്ചിട്ടില്ല.
നവംബര്‍ മാസത്തില്‍ 10 നും 18 നും ഇടയില്‍ അംഗോളയിലെ ലുവാണ്ടയിലും ഇന്ത്യയിലെ കേരളത്തിലും പര്യടനം. എതിരാളികളെ തീരുമാനിച്ചിട്ടില്ല- അസോസിയേഷന്‍ വ്യക്തമാക്കി.
അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്നത് കായിക മന്ത്രി വി അബ്ദുറഹിമാനും സ്ഥിരീകരിച്ചിട്ടുണ്ട്.
മെസി വരും ട്ടാ. ലോക ജേതാക്കളായ ലയണല്‍ മെസിയും സംഘവും 2025 നവംബറില്‍ കേരളത്തില്‍ കളിക്കും- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates