ashes AP
Sports

ദയനീയം ഇംഗ്ലണ്ട്; ആഷസ് രണ്ടാം ടെസ്റ്റിലും അടപടലം തോറ്റു

5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിനു മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ഗാബ: രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ജയത്തിലേക്ക് വെറും 65 റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായി വന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 69 റണ്‍സ് എടുത്താണ് വിജയം സ്വന്തമാക്കിയത്. ഓസീസ് 10 ഓവറില്‍ ജയം തൊട്ടു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 334 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. അവര്‍ 511 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുയര്‍ത്തി 177 റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിനു വലിയ സ്‌കോറുയര്‍ത്താനായില്ല. അവരുടെ പോരാട്ടം 241 റണ്‍സില്‍ അവസാനിച്ചു.

​ഗാബയിൽ പകൽ- രാത്രി മത്സരമായി പിങ്ക് പന്തിൽ അരങ്ങേറിയ പോരാട്ടത്തിന്റെ രണ്ടിന്നിങ്സിലും സമസ്ത മേഖലകളിലും സർവാധിപത്യം സ്ഥാപിച്ചാണ് ഓസീസ് ജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 2-0ത്തിനു മുന്നിൽ.

ജയത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ട്രാവിസ് ഹെഡ് (22), മര്‍നസ് ലാബുഷെയ്ന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജാക് വെതറാള്‍ഡ് (17), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (23) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (50) അര്‍ധ സെഞ്ച്വറി നേടി. ഓപ്പണര്‍ സാക് ക്രൗളി (44), വില്‍ ജാക്‌സ് (41) എന്നിവരും തിളങ്ങി. ഒലി പോപ്പ് 26 റണ്‍സെടുത്തു. മറ്റാരും കാര്യമായി പൊരുതിയില്ല.

ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റെടുത്ത് മൊത്തം 8 വിക്കറ്റുകള്‍ സ്വന്തമാക്കി. ബാറ്റിങിലും തിളങ്ങിയ സ്റ്റാര്‍ക്കാണ് കളിയിലെ കേമനായത്. സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ബ്രണ്ടന്‍ ഡോഗറ്റിനാണ്.

ഓസ്ട്രേലിയക്കായി ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പതാം സ്ഥാനത്തിറങ്ങി മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ ബാറ്റിങാണ് സ്‌കോര്‍ 500 കടക്കാന്‍ കരുത്തായത്. ഒപ്പം സ്‌കോട്ട് ബോളണ്ടും ചെറുത്തു നിന്നതോടെ സ്‌കോര്‍ 500 കടക്കുകയും ചെയ്തു.

ഒന്‍പതാം വിക്കറ്റില്‍ സ്റ്റാര്‍ക്ക്- ബോളണ്ട് സഖ്യം 75 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്‍പതാം സ്ഥാനത്തിറങ്ങിയ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍ എന്ന പ്രത്യേകതയും അവരുടെ ഒന്നാം ഇന്നിങ്സിനുണ്ട്.

സ്റ്റാര്‍ക്ക് 141 പന്തുകള്‍ ചെറുത്ത് 77 റണ്‍സ് സ്വന്തമാക്കി. 13 ഫോറുകള്‍ സഹിതമാണ് സ്റ്റാര്‍ക്കിന്റെ അര്‍ധ സെഞ്ച്വറി. ബോളണ്ട് 72 പന്തുകള്‍ ചെറുത്ത് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങില്‍ അവരെ പന്ത് കൊണ്ടു വെള്ളം കുടിപ്പിച്ചതും സ്റ്റാര്‍ക്കായിരുന്നു. താരം 6 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇംഗ്ലീഷ് സ്‌കോര്‍ 334ല്‍ ഒതുക്കിയത്. പിന്നാലെയാണ് ബാറ്റിങിനിറങ്ങിയും ഇംഗ്ലണ്ടിനെ ഹതാശരാക്കിയത്. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയന്‍ നിരയിലെ അഞ്ചാം അര്‍ധ സെഞ്ച്വറിക്കാരനായി സ്റ്റാര്‍ക്ക് മാറി. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരാണ് അര്‍ധ സെഞ്ച്വറി നേരത്തെ നേടിയത്.

വെതറാള്‍ഡ് 72 റണ്‍സ് എടുത്തപ്പോള്‍ ലാബുഷെയ്ന്‍ 65 റണ്‍സ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത് 61 റണ്‍സും അലക്സ് കാരി 63 റണ്‍സും അടിച്ചെടുത്തു. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 33 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

കരുത്തോടെ മുന്നേറുന്നതിനിടെ ബ്രയ്ഡന്‍ കര്‍സ് ഓസീസിനു ഇരട്ട പ്രഹരമേല്‍പ്പിച്ചു. 57ാം ഓവറിലെ ആദ്യ പന്തില്‍ കാമറോണ്‍ ഗ്രീനിനേയും നാലാം പന്തില്‍ സ്റ്റീവ് സ്മിത്തിനേയും കര്‍സ് പുറത്താക്കി. ജാഷ് ഇംഗ്ലിസ് 23 റണ്‍സെടുത്തു കൂടാരം കയറി.

ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ് 4 വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, വില്‍ ജാക്സ് എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.

സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കിടിലന്‍ ബാറ്റിങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 334ല്‍ എത്തിച്ചത്. താരം 206 പന്തില്‍ നിന്ന് 138 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട് ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്നു പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. 40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 206 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്സും സഹിതം റൂട്ട് 138 റണ്‍സ് നേടി.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്രണ്ടന്‍ ഡോഗറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ashes: Australia dominated the second Ashes Test at The Gabba in Brisbane to take a 2-0 lead in the series. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി'; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

'കഴിഞ്ഞു പോയ അസ്തമയത്തില്‍ നിരാശയില്ല, ഉദയത്തില്‍ പ്രത്യാശിക്കുന്നു'; വിധി ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

'ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ'; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്

വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 90ന് മുകളില്‍; സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു

'ഓം ശാന്തി ഓം.....', അമ്പരപ്പിച്ച് വനിതാ എംപിമാര്‍; ജിന്‍ഡാല്‍ വിവാഹ വേദിയിലെ നൃത്തം വൈറല്‍

SCROLL FOR NEXT