ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് വീഴ്ത്തി മിച്ചൽ സ്റ്റാർക്കിന്റെ ആഘോഷം, Ashes pti
Sports

വാലറ്റം പൊരുതി; ആഷസില്‍ ഓസീസിനു മുന്നില്‍ 205 റണ്‍സ് ലക്ഷ്യം വച്ച് ഇംഗ്ലണ്ട്

രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ പിഴുത് മിച്ചല്‍ സ്റ്റാര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 205 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 164 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഓസീസിനായെങ്കിലും ആദ്യ ഇന്നിങ്‌സിലെ 40 റണ്‍സ് ലീഡ് ബലത്തിലാണ് ഇംഗ്ലണ്ട് 200നു മുകളില്‍ ലക്ഷ്യം വച്ചത്. ഒന്നാം ഇന്നിങ്സില്‍ 172 റണ്‍സില്‍ ഓള്‍ ഔട്ടായ ഇംഗ്ലണ്ട് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് വെറും 132 റണ്‍സില്‍ അവസാനിപ്പിച്ചു 40 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

ഒരു ഘട്ടത്തില്‍ 104 റണ്‍സിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ 150 കടത്തിയത് വാലറ്റത്ത് ഗസ് അറ്റ്കിന്‍സനും ബ്രയ്ഡന്‍ കര്‍സും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്. അറ്റ്കിന്‍സന്‍ 2 വീതം സിക്‌സും ഫോറും സഹിതം 32 പന്തില്‍ 37 റണ്‍സും ബ്രയ്ഡന്‍ കര്‍സ് 20 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 20 റണ്‍സും കണ്ടെത്തി.

രണ്ടാം ഇന്നിങ്‌സില്‍ തുടക്കത്തില്‍ സാക് ക്രൗളിയെ നഷ്ടമായെങ്കിലും പിന്നീട് കരുതലോടെ നീങ്ങിയ ഇംഗ്ലണ്ടിനെ സ്‌കോട്ട് ബോളണ്ടാണ് വിറപ്പിച്ചത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ക്രൗളിയെ വീണ്ടും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കിട്ടാന്‍ ഓസീസിനു 65 റണ്‍സ് വരെ കാക്കേണ്ടി വന്നു.

എന്നാല്‍ പിന്നീട് സ്‌കോര്‍ 76 നില്‍ക്കെ ഒറ്റയടിക്കു 3 നിര്‍ണായക വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഈ മൂന്ന് വിക്കറ്റുകളും ബോളണ്ടാണു വീഴ്ത്തിയത്.

ഒലി പോപ്പ് (33), ബെന്‍ ഡക്കറ്റ് (28) എന്നിവരാണ് പൊരുതി നിന്നത്. ജോ റൂട്ട് (8) വീണ്ടും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയടിച്ച ഹാരി ബ്രൂക് ഇത്തവണ പൂജ്യത്തില്‍ മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും (2) കാര്യമായൊന്നും ചെയ്യാനായില്ല. ജാമി സ്മിത്താണ് (15) രണ്ടക്കം കടന്ന മറ്റൊരാള്‍.

ഓസീസിനായി ബോളണ്ട് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു. രണ്ടിന്നിങ്‌സിലുമായി താരം 10 വിക്കറ്റുകള്‍ സ്വന്തമാക്കി. ബ്രണ്ടന്‍ ഡോഗ്ഗറ്റും മൂന്ന് വിക്കറ്റെടുത്തു. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി 5 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഡോഗ്ഗറ്റിനായി.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാം ദിനമായ ഇന്ന് നതാന്‍ ലിയോണിനെ മടക്കി ബ്രയ്ഡന്‍ കര്‍സാണ് ഓസീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്.

ഒന്നാം ദിനത്തില്‍ ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യമായിരുന്ന പെര്‍ത്തില്‍. ഇരു ടീമുകളിലേയും ബാറ്റര്‍മാര്‍ ഔട്ടായി ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു. ആദ്യ ദിനത്തില്‍ വീണത് 19 വിക്കറ്റുകള്‍.

ഇംഗ്ലണ്ടിനെ 172 റണ്‍സില്‍ ഒതുക്കി ഓസ്‌ട്രേലിയ ഗംഭീര തുടക്കമിട്ടപ്പോള്‍ അതിനേക്കാള്‍ വലിയ കൂട്ടത്തകര്‍ച്ചയാണ് തങ്ങളെ കാത്തിരിക്കുന്നതെന്നു അവര്‍ അറിഞ്ഞില്ല. പേസര്‍മാര്‍ കളം വാണ പിച്ചില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ മാരക ബൗളിങാണ് ഓസീസ് ബാറ്റിങിന്റെ കടപുഴക്കിയത്. 6 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് സ്റ്റോക്‌സ് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബ്രയ്ഡന്‍ കര്‍സ് 3, ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റനെ കട്ടയ്ക്ക് പിന്തുണച്ചു.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് തന്നെ അവര്‍ക്ക് ഓപ്പണര്‍ ജാക് വെതറാള്‍ഡിനെ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനു ഇറങ്ങിയ താരത്തിനു 2 പന്തുകള്‍ മാത്രമാണ് നേരിടാനായത്. പൂജ്യം റണ്‍സുമായി താരം മടങ്ങി. സ്‌കോര്‍ 83ല്‍ എത്തുമ്പോഴേയ്ക്കും അവര്‍ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി.

26 റണ്‍സെടുത്ത അലക്‌സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. കാമറോണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (17), മിച്ചല്‍ സ്റ്റാര്‍ക്ക് (12) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മറ്റാരും ക്രീസില്‍ അധികം നിന്നില്ല.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ മൊത്തം പിഴച്ചു. ആദ്യ ദിനം 32.5 ഓവറുകള്‍ ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് പുറത്തായി. ഏഴ് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്തിയത്.

Ashes: Scott Boland gets the final wicket as Gus Atkinson falls after a well-made 37. Australia need 205 to win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

'കേരളത്തെ തകര്‍ക്കാന്‍ ഗൂഢനീക്കം'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം നാളെ

അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സഹകരിച്ചില്ല; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന; ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു

SCROLL FOR NEXT