അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം സംഭവ ബഹുലമായിരുന്നു. ഹസ്തദാന വിവാദമടക്കം മത്സരത്തെ ശ്രദ്ധേയമാക്കി. ഏഷ്യാ കപ്പില്‍ ഒരിക്കല്‍ കൂടി ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ചുറ്റുമുയരുന്ന കോലാഹലങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു ചോദ്യം കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു നേരിടേണ്ടി വന്നു. പോരാട്ടത്തിനു മുന്നോടിയായ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രസകരമായ മറുപടിയാണ് ക്യാപ്റ്റന്‍ നല്‍കിയത്.
'ഏറ്റവും നല്ല പരിപാടിയെന്താണന്നു വച്ചാല്‍ ഫോണ്‍ ഓഫ് ചെയ്യുക, റൂമിന്റെ വാതില്‍ കൊട്ടിയടയ്ക്കുക, സുഖമായി കിടന്നുറങ്ങുക എന്നതാണ്. എന്നാല്‍ പറയുന്നത്ര എളുപ്പവുമല്ല അത്. കാരണം നമുക്ക് പല സുഹൃത്തുക്കളേയും കാണേണ്ടി വരും. അവര്‍ക്കൊപ്പം അത്താഴം കഴിക്കേണ്ടി വരും. ഇടവേളകള്‍ ഇത്തരത്തില്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ചുറ്റിലുമുള്ള താരങ്ങള്‍. അപ്പോള്‍ മേല്‍പ്പറഞ്ഞ പോലെയൊരു ഉറക്കം സാധ്യമാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്.'
തുടക്കത്തില്‍ രസകരമായ മറുപടി നല്‍കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്നീട് മത്സരത്തിനു മുന്‍പുള്ള മാനസിക ഒരുക്കങ്ങളെക്കുറിച്ചു വിവരിച്ചു.
'മത്സരത്തിനു മുന്നോടിയായി എന്തൊക്കെ കാര്യങ്ങള്‍ ചിന്തിക്കണമെന്നു ഞങ്ങള്‍ക്കെല്ലാം നല്ല ബോധ്യമുണ്ട്. എല്ലാ മത്സരങ്ങള്‍ക്കു മുന്‍പും നല്ല ചിന്തകള്‍ മാത്രം മതിയെന്നു സഹ താരങ്ങളോടെല്ലാം പറഞ്ഞിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചിലപ്പോള്‍ പുറത്തുള്ള പലതും കേള്‍ക്കാതിരിക്കുന്നതാകും നല്ലതെന്നും അവരോട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.'
'അതിനര്‍ഥം ഒന്നുമിണ്ടാതെ ഇരിക്കണം എന്നല്ല. നല്ലതെന്താണെന്നു അവരവര്‍ക്കൊരു ബോധ്യമുണ്ടാകുമല്ലോ. ചില ഉപദേശങ്ങള്‍ കളിയിലും മൈതാനത്തും നമുക്ക് വിലപ്പെട്ടതാകും. കാര്യങ്ങളെല്ലാം പോസിറ്റീവാണ്'- സൂര്യകുമാര്‍ വ്യക്തമാക്കി.
ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നാളെ രാത്രി 8 മണി മുതലാണ്. ആദ്യം കളിച്ചപ്പോള്‍ ബാറ്റിങിലും ബൗളിങിലും പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates