മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി 20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഓപ്പണര്‍ മാത്യു ഷോര്‍ട്ട് എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. സ്റ്റാര്‍ക്ക് കഴിഞ്ഞ മാസമാണ് ടി 20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്ക് ഭേദമാകാത്തതിനാല്‍, ടി 20 നായകന്‍ മിച്ചല്‍ മാര്‍ഷ് തന്നെയാണ് ഏകദിന മത്സരങ്ങളിലും ഓസീസിനെ നയിക്കുക.
രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ അടങ്ങുന്ന കരുത്തരായ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരെ ബൗളിങ് ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന മാത്യു ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, മിച്ചല്‍ ഓവന്‍ എന്നിവരും ഓസീസ് ടീമില്‍ തിരിച്ചെത്തി.
ഓസ്ട്രേലിയ എ, ക്വീൻസ്‌ലാൻഡ് ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ചവച്ച മാത്യു റെൻഷായെ മൂന്നു വർഷത്തിനു ശേഷമാണ് വീണ്ടും ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തത്. മാർനസ് ലാബുഷെയ്ൻ, ഷോൺ അബോട്ട്, ആരോൺ ഹാർഡി, മാത്യു കുനെമൻ എന്നിവരെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിൽനിന്നു മുക്തനാകാത്ത ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്ടമാകും. ഈ മാസം 19 നാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.
ഇന്ത്യയ്ക്കെതിരായ ടി 20 പരമ്പര ഈ മാസം 29 നാണ് ആരംഭിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടി 20 ടീമിലേക്ക് ജോഷ് ഇംഗ്ലിസും നഥാൻ എല്ലിസും തിരിച്ചെത്തി. ട്രാവിസ് ഹെഡ്, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ എന്നിവരുൾപ്പെടെയുള്ള ബാറ്റിങ് നിര ശക്തമാണ്. ഹെയ്സൽവുഡ്, എല്ലിസ്, ബാർട്ട്ലെറ്റ്, ഡ്വാർഷുയിസ് എന്നിവരാണ് പേസർമാർ. സ്പിന്നർമാരായ ആദം സാംപയും മാത്യു കുനെമനുമുണ്ട്. അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായാണ് ഓസീസ് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളെ കാണുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates