ഓ​ഗ്സ്ബർ​ഗ് താരം ആന്റൺ ​കേഡ് bayern vs augsburg x
Sports

തോല്‍ക്കാതെ 18 മത്സരങ്ങള്‍, ഒടുവില്‍ ബയേണ്‍ വീണു! ബവേറിയന്‍ നാട്ടങ്കത്തില്‍ അലിയന്‍സ് അരീനയില്‍ ഞെട്ടിച്ച് ഓഗ്‌സ്ബര്‍ഗ്

സീസണിലെ ആദ്യ ബുണ്ടസ് ലീഗ തോല്‍വി

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ അപരാജിത കുതിപ്പിന് ഒടുവില്‍ വിരാമം. ബവേറിയന്‍ നാട്ടങ്കത്തില്‍ ഓഗ്‌സ്ബര്‍ഗ് ബയേണിനെ വീഴ്ത്തി. 18 കളികളില്‍ 16 ജയവും 2 സമനിലയുമായി സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ബയേണിനെ അവരുടെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ വീഴ്ത്തിയാണ് ഓഗ്‌സ്ബര്‍ഗ് ഡാര്‍ബി ജയം ആഘോഷിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓഗ്‌സ്ബര്‍ഗിന്റെ ജയം.

തോല്‍വി പക്ഷേ, ബയേണിന്റെ ഒന്നാം സ്ഥാനത്തിനു ഒരു ഇളക്കവും തട്ടിക്കില്ല. നിലവില്‍ രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 42 പോയിന്റുകള്‍. ബയേണിന് 50 പോയിന്റും. എട്ട് പോയിന്റിന്റെ വ്യക്തമായ ആധിപത്യം ചാംപ്യന്‍ ടീമിനുണ്ട്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബയേണ്‍ നേരിയ മുന്‍തൂക്കം പ്രകടിപ്പിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ബയേണിനെ ഔട്ട്ക്ലാസ് ചെയ്യുന്ന പ്രകടനമാണ് ഓഗ്‌സ്ബര്‍ഗ് പുറത്തെടുത്തത്. ആക്രമണത്തില്‍ ബയേണിനൊപ്പം കട്ടയ്ക്കു നില്‍ക്കാന്‍ ഓഗ്‌സ്ബര്‍ഗിനായി. ഇരു പക്ഷവും 17 ഓള്‍ ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. ഓണ്‍ ടാര്‍ജറ്റ് ബയേണിനു ആറും ഓഗ്‌സ്ബര്‍ഗിന്റേത് ഏഴുമായിരുന്നു.

23ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെ കോര്‍ണറില്‍ നിന്നു നല്‍കിയ പന്തിനെ ഹെഡ്ഡ് ചെയ്ത് വലയിലിട്ട് ജപ്പാന്‍ താരം ഹിരോകി ഇറ്റോയാണ് ബയേണിനു ലീഡ് സമ്മാനിച്ചത്. പിന്നീടും നിരന്തരം ഓഗ്‌സബര്‍ഗ് വല ലക്ഷ്യമിട്ട് ബയേണ്‍ മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധം കടുപ്പിച്ച് ഓഗ്‌സ്ബര്‍ഗ് അതെല്ലാം നിഷ്ഫലമാക്കി. ഗോള്‍ കീപ്പര്‍ ഫിന്‍ ഡാഹ്മാന്റെ പ്രകടനവും ഓഗ്‌സ്ബര്‍ഗ് വിജയത്തില്‍ നിര്‍ണായകമായി. പ്രതിരോധം പാളിയപ്പോഴെല്ലാം താരം പറ പോലെ ഉറച്ചു നിന്നു. ഇറ്റോ നേടിയ ഗോളില്‍ മാത്രമാണ് താരത്തിനു പിഴവ് സംഭവിച്ചത്.

രണ്ടാം പകുതിയില്‍ പക്ഷേ ഓഗ്‌സ്ബര്‍ഗ് ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. ആറ് മിനിറ്റിനിടെയാണ് അവര്‍ രണ്ട് ഗോളുകളും നേടുന്നത്. 75ാം മിനിറ്റില്‍ ആര്‍തര്‍ ഷാവേസാണ് ടീമിനു സമനില സമ്മാനിക്കുന്നത്. താരവും ഹെഡ്ഡറിലൂടെയാണ് വല കുലുക്കിയത്. സമനില പിടിച്ചതോടെ ആത്മവിശ്വാസം തിരിച്ചു കിട്ടിയ ഓഗ്‌സ്ബര്‍ഗ് പിന്നീടും കടുത്ത ആക്രമണം അഴിച്ചുവിട്ടു. 81ാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്നു ദിമിത്രിസ് ജിയാനോലിസിന്റെ മനോഹരമായ നീക്കത്തിനൊടുവില്‍ താരം ബോക്‌സിലേക്ക് നിലംപറ്റി ചെരിച്ചു കൊടുത്ത പന്തിനെ ഹാന്‍ നോഹ് മസംഗാനോ അനായാസം വലയിലാക്കി. ബയേണ്‍ ഗോള്‍ കീപ്പര്‍ ഉര്‍ബിഗ് തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സമനില പിടിക്കാനുള്ള ബയേണിന്റെ ശ്രമം ഓഗ്‌സ്ബര്‍ഗ് എല്ലാവിധേനയും തടഞ്ഞു.

സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ബയേണ്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ ആഴ്‌സണലിനോടു പരാജയപ്പെട്ടിരുന്നു.

ജയിച്ചു കയറി ബൊറൂസിയ ഡോര്‍ട്മുണ്ട്, ലെവര്‍കൂസന്‍, ലെയ്പ്‌സിഗ്

രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ട് മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് ഉനിയോന്‍ ബെര്‍ലിനെ വീഴ്ത്തി. എവേ പോരാട്ടത്തിലാണ് നിക്കോ കോവാചിന്റെ ടീം വിജയം സ്വന്തമാക്കിയത്. മുന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനും വിജയം സ്വന്തമാക്കി. ഹോമില്‍ അവര്‍ വെര്‍ഡര്‍ബ്രെമനെ വീഴ്ത്തി. 1-0ത്തിനാണ് ജയം. ആര്‍ബി ലെയ്പ്‌സിഗും തകര്‍പ്പന്‍ ജയം കുറിച്ചു. അവര്‍ എവേ പോരില്‍ ഹോഫെന്‍ഹെയിമിനെ 0-3നു തകര്‍ത്തു.

bayern vs augsburg: Augsburg staged a stunning second-half comeback to inflict a first Bundesliga defeat of the season on Bayern Munich

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉണ്ട ചോറിന് നന്ദി വേണം, പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യും'; രാജേന്ദ്രനെതിരെ വെല്ലുവിളിയുമായി എംഎം മണി

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

കല്‍പ്പറ്റയില്‍ പതിനാറുകാരന് ക്രൂരമര്‍ദനം, സംഘം ചേര്‍ന്ന് ആക്രമിച്ചത് വിദ്യാര്‍ഥികള്‍

കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

'എല്ലാ ആണുങ്ങളും ഒരു പരിധി വരെ രാഹുലീശ്വരന്മാരാണ്'

SCROLL FOR NEXT