മുംബൈ: ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കവേ ടീമുകൾക്കും താരങ്ങൾക്കും പുതിയ മാർഗ നിർദ്ദേശങ്ങളുമായി ബിസിസിഐ. രാജസ്ഥാൻ റോയൽസ് ടീം സ്റ്റാഫംഗം ഡഗൗട്ടിലിരുന്നു മൊബൈൽ ഫോൺ ഉപയോഗിച്ചതും ഡ്രസിങ് റൂമിൽ ഇരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗും വിമാനത്തിലിരുന്നു പഞ്ചാബ് കിങ്സ് താരം യുസ്‍വേന്ദ്ര ചഹലും ഇലക്ട്രോണിക് സിഗരറ്റ് വലിച്ചതുമടക്കം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിയമം കർശനമാക്കിയത്. 8 പേജുകളുള്ള പുതിയ മാർഗ നിർദ്ദേശമാണ് ബോർഡ് പുറത്തിറക്കിയത്.
ഐപിഎല്ലിലെ ചട്ട ലംഘനങ്ങളിൽ ബിസിസിഐ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. താരങ്ങൾ ഹണി ട്രാപ്പിൽപ്പെട്ടു പോകരുതെന്ന മുന്നറിയിപ്പും നിർദ്ദേശത്തിലുണ്ട്. ടൂർണമെന്റിന്റെ അച്ചടക്കം, സുരക്ഷ, പ്രൊഷണലിസം എന്നിവ നിലനിർത്തുന്നതിനായാണ് കളിക്കാർക്കും ടീം അധികൃതർക്കും കടുത്ത നിബന്ധനകൾ ബിസിസിഐ നടപ്പാക്കാൻ തീരുമാനിച്ചത്. നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരും.
നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും
ഹണി ട്രാപ്പ്: ഹൈ പ്രൊഫൈൽ കായിക മത്സരമാണ് ഐപിഎൽ. ഇത്തരം ടൂർണമെന്റുകളിൽ കളിക്കുന്ന ചില താരങ്ങളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ് സംഘങ്ങൾ കറങ്ങുന്നുണ്ട്. ഈ ശ്രമങ്ങളെക്കുറിച്ച് താരങ്ങൾക്ക് ജാഗ്രത വേണം. അത്തരം ട്രാപ്പുകളിൽ മനഃപൂർവം താരങ്ങൾ ഇടപെട്ടാൽ ഗുരുതരമായ നിയമ നടപടികളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് ബോർഡ് നൽകുന്നു.
ഹോട്ടൽ മുറികളിൽ നിയന്ത്രണം: ടീം മാനേജർമാരുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു സന്ദർശകരേയും കളിക്കാരുടേയോ സ്റ്റാഫിന്റേയോ മുറികളിൽ പ്രവേശിപ്പിക്കരുത്. അതിഥികളെ ലോബിയിലോ റിസപ്ഷനിലോ മാത്രം സ്വീകരിക്കുക.
യാത്രാ അനുമതി: കളിക്കാരും സ്റ്റാഫും ടീം ഹോട്ടലിനു പുറത്തേക്ക് പോകുന്നതിനു മുൻപ് സെക്യൂരിറ്റി ലെയസൻ ഓഫീസറുടെ അല്ലെങ്കിൽ ഇന്റഗ്രിറ്റി ഓഫീസറുടെ അനുമതി വാങ്ങണം. എല്ലാ യാത്രകളും കൃത്യമായി രേഖപ്പെടുത്താൻ ലോഗ് ബുക്ക് സൂക്ഷിക്കണം.
ടീം ഉടമകൾക്കുള്ള നിബന്ധനകൾ: മത്സരത്തിനിടെ ഉടമകൾ ഡഗൗട്ടിലോ ഡ്രസിങ് റൂമിലോ പ്രവേശിച്ച് കളിക്കാരുമായി നേരിട്ട് ഇടപഴകുന്നത് നിരോധിച്ചു. അംഗീകൃത ചാനലുകളിലൂടെ മാത്രമേ ആശയവിനിമയം പാടുള്ളു.
വാപിങ് നിരോധനം: ഡ്രസിങ് റൂമുകളിലും സ്റ്റേഡിയത്തിനുള്ളിലും ഇലക്ട്രോണിക് സിരഗറ്റുകൾ (വാപ്സ്) ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ഇന്ത്യയിൽ നിരോധിച്ചതാണ് ഇലക്ട്രോണിക് സിഗരറ്റെന്നും നിർദ്ദശത്തിൽ ഓർമിപ്പിക്കുന്നു.
കർശന നടപടികൾ നേരിടേണ്ടി വരും
ബിസിസിഐ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. കാരണം കാണിക്കൽ നോട്ടീസ്, താരങ്ങൾക്കോ ടീമുകൾക്കോ വൻ തുക പിഴ, കാളിക്കാർക്കും സ്റ്റാഫുകൾക്കും എതിരെ സസ്പെൻഷൻ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ പൊലീസ് കേസിനു ശുപാർശ എന്നിവയടക്കമുള്ള നടപടികൾ നേരിടേണ്ടി വരും.
എല്ലാ ഫ്രാഞ്ചൈസികളും വരുന്ന 48 മണിക്കൂറിനുള്ളിൽ നിയമങ്ങൾ നടപ്പിലാക്കിയതായി ഉറപ്പു വരുത്തണം. പ്രത്യേക ബ്രീഫിങ് നടത്തി താരങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിസിസിഐ നിർദ്ദേശത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates