സിഡ്നി: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടി20 പോരാട്ടത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാമറോൺ ബാൻക്രോഫ്റ്റിനു ഗുരുതര പരിക്ക്. താരത്തിനു സീസൺ മുഴുവൻ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സിഡ്നി തണ്ടേഴ്സ് താരമായ ബാൻക്രോഫ്റ്റ് ഫീൽഡിങിനിടെ സഹ താരമായ ഡാനിയൽ സാംസുമായി ബാൻക്രോഫ്റ്റ് കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയിൽ താരത്തിന്റെ മൂക്കിനും തോളെല്ലിനും പൊട്ടലുണ്ട്. ചോരയൊലിക്കുന്ന മുഖവുമായാണ് താരം ഗ്രൗണ്ട് വിട്ടത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിനു സീസൺ പൂർണമായി പുറത്തിരിക്കേണ്ടി വരുമെന്നു ഉറപ്പാണ്. കൂട്ടിയിടിയിൽ ഡാനിയൽ സാംസിനും പരിക്കുണ്ട്. ബാൻക്രോഫ്റ്റിന്റെ അത്ര ഗുരുതര പരിക്കില്ല. താരത്തിനു സീസണിൽ നാല് മത്സരങ്ങളെങ്കിലും നഷ്ടമാകും.
പെർത്ത് സ്കോച്ചേഴ്സിനെതിരായ പോരാട്ടത്തിനിടെയാണ് അപകടം. കൂപ്പർ കോണോലി അടിച്ച ഷോട്ടിൽ ക്യാച്ചെടുക്കാനുള്ള ശ്രമമാണ് കൂട്ടിയിടിയിലേക്ക് നയിച്ചത്. പന്ത് നോക്കി ഓടിയ ഇരുവരും നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ സാംസ് ബോധരഹിതനായി നിലംപതിച്ചു. താരത്തെ സ്ട്രെച്ചറിലാണ് മാറ്റിയത്.
പെർത്ത് സ്കോച്ചേഴ്സ് ബാറ്റ് ചെയ്യുന്നതിനിടെ 16ാം ഓവറിലാണ് അപകടമുണ്ടായത്. ഈ ഓവർ എറിഞ്ഞത് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ. ഓവറിലെ രണ്ടാം പന്ത് നേരിട്ട കോണോലി അത് സ്ക്വയർ ലെഗിലേക്ക് ഉയർത്തിയടിച്ചു. ഇരു വശങ്ങളിൽ നിന്നുമായി പന്ത് മാത്രം നോക്കിയാണ് സാംസും ബാൻക്രോഫ്റ്റും ഓടിയത്. പിന്നാലെ കൂട്ടിയിടിച്ചത്. ഇരുവർക്കും പകരമായി കൺകഷൻ സബായി ഒലി ഡേവിസ്, ഹഗ് വെയ്ഗൻ എന്നിവർ ഇറങ്ങി. മത്സരത്തിൽ സിഡ്നി തണ്ടേഴ്സാണ് വിജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates