സ്മൃതി മന്ധാനയും ജോർജിയ വോളും capitals vs royal challengers 
Sports

സ്മൃതിയും ആര്‍സിബിയും 'തൂക്കി'! വീണ്ടും വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തം

തുടരെ നാലാം വട്ടവും ഫൈനലിൽ വീണ് ഡൽഹി ക്യാപിറ്റൽസ് വനിതകൾ

സമകാലിക മലയാളം ഡെസ്ക്

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടമെന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മോഹം ചെയ്‌സ് ചെയ്ത് തല്ലിക്കെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. അവര്‍ ഒരിക്കല്‍ കൂടി ചാംപ്യന്‍പട്ടം സ്വന്തമാക്കി. 2026ലെ വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര്‍സിബി വനിതകള്‍ അനായാസം തൂക്കി. ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റ് വിജയമാണ് ആര്‍സിബി ആഘോഷിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം ആര്‍സിബി 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഡല്‍ഹി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ്. ആര്‍സിബി 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്.

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം. ഒപ്പം വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പവും അവര്‍ എത്തി. ഇരു ടീമുകള്‍ക്കും രണ്ട് വീതം കിരീടങ്ങള്‍.

ഡല്‍ഹിയുടേത് സങ്കടകരമായ അവസ്ഥയാണ്. വനിതാ പ്രീമിയര്‍ ലീഗ് തുടങ്ങിയ ശേഷം തുടരെ നാലാം വട്ടമാണ് അവര്‍ ഫൈനലിലേക്ക് കടക്കുന്നത്. ഇത്തവണയും അവര്‍ക്ക് കടമ്പ താണ്ടാനായില്ല. 2023ല്‍ വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ തോറ്റു. 2024ല്‍ ആര്‍സിബിക്കെതിരെയായിരുന്നു തോല്‍വി. കഴിഞ്ഞ വര്‍ഷം വീണ്ടും മുംബൈ ഇന്ത്യന്‍സിനു തന്നെ കിരീടം അടിയറവ് വച്ചു. ഇത്തവണ വീണ്ടും ആര്‍സിബിക്ക് മുന്നിലും തോല്‍വിയുടെ ആവര്‍ത്തനം.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗ്രെയ്‌സ് ഹാരിസിനെ നഷ്ടമായി. താരം 9 റണ്‍സുമായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സ്മൃതി മന്ധാന- ജോര്‍ജിയ വോള്‍ സഖ്യം നിലയുറപ്പിച്ച് പൊരുതിയതോടെ ഡല്‍ഹി പെട്ടു. അതിവേഗം ഇരുവരും സ്‌കോര്‍ ചെയ്തതോടെ ഡല്‍ഹിയുടെ എല്ലാ തന്ത്രങ്ങളും പാളി.

സ്മൃതിയാണ് ടോപ് സ്‌കോറര്‍. താരം 41 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 87 റണ്‍സെടുത്തു. ജോര്‍ജിയ 54 പന്തില്‍ 14 ഫോറുകള്‍ സഹിതം 79 റണ്‍സും കണ്ടെത്തി.

രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ഡല്‍ഹി 174 റണ്‍സ് വരെ കാത്തു. ജോര്‍ജിയയെ മടക്കി മലയാളി താരം മിന്നു മണിയാണ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് 7 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആര്‍സിബിയുടെ 2 വിക്കറ്റുകള്‍ കൂടി ഡല്‍ഹി വീഴ്ത്തി അവര്‍ നേരിയ പ്രതീക്ഷയിലേക്ക് തിരിച്ചെത്തി. ഹാര്‍ഡ് ഹിറ്ററായ റിച്ച ഘോഷിനെ നന്ദനി ശര്‍മ പുറത്താക്കിയത് നിര്‍ണായകമായി. താരം ആറ് റണ്‍സുമായി മടങ്ങി. ഈ പുറത്താകലിലും മിന്നുവിന്റെ കൈയൊപ്പുണ്ട്. റിച്ചയുടെ ക്യാച്ച് മിന്നുവാണ് കൈയില്‍ ഒതുക്കിയത്. 191ല്‍ സ്മൃതി മന്ധാനയും മടങ്ങിയതോടെ ആര്‍സിബി ഒന്നു പരുങ്ങി.

എന്നാല്‍ നദീന്‍ ഡി ക്ലാര്‍ക്കും രാധ യാദവും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്കും കിരീടത്തിലേക്കും നയിച്ചു. നദീന്‍ 5 പന്തില്‍ 7 റണ്‍സുമായും രാധ 5 പന്തില്‍ 12 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. ശ്രീചരണി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രാധ സിംഗിളെടുത്തു. രണ്ടാം പന്തില്‍ നദീനും സിംഗിളെടുത്തു. ഇതോടെ ലക്ഷ്യം 4 പന്തില്‍ 8 ആയി. പിന്നീടുള്ള മൂന്നും നാലും പന്തുകള്‍ രാധ ബൗണ്ടറി കടത്തി ടീമിനെ ജയത്തിലെത്തിച്ചു.

ഫൈനലില്‍ ടോസ് നേടി ആര്‍സിബി വനിതകള്‍ ഡല്‍ഹി വനിതകളെ ബാറ്റിങിനു അയക്കുകയായിരുന്നു. ഡല്‍ഹിക്കായി ക്രീസിലെത്തിയ ആറ് ബാറ്റര്‍മാരും മികച്ച സ്‌കോറുകള്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തതോടെ അവര്‍ മികച്ച സ്‌കോറിലെത്തി. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്സ് അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 37 പന്തില്‍ 8 ഫോറുകള്‍ സഹിതം 57 റണ്‍സ് കണ്ടെത്തി.

ലോറ വോള്‍വാര്‍ട് 25 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 44 റണ്‍സ് വാരി. 15 പന്തില്‍ 4 ഫോറും 2 സിക്സും സഹിതം ചിനല്ലെ ഹെന്റി 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ലിസല്‍ ലി 30 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം 37 റണ്‍സെടുത്തു. ഷെഫാലി വര്‍മ 13 പന്തില്‍ 3 ഫോറുകള്‍ സഹിതം 20 റണ്‍സും അടിച്ചു.

ആര്‍സിബിക്കായി സയാലി സത്ഗരെ, അരുന്ധതി റെഡ്ഡി, നദീന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

capitals vs royal challengers, wpl title: The Royal Challengers Bengaluru have done it again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല'; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍

'മമത സര്‍ക്കാരിനെ പിഴുതെറിയും'; ആര്‍ജി കര്‍ ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാര്‍ഥി

കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

'കേരളം തുടര്‍ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവര്‍ വന്നാല്‍ ബുദ്ധിമുട്ട്; ബിജെപിയെ അംഗീകരിക്കില്ല'

വിമതന്‍ പത്രിക പിന്‍വലിച്ചില്ല; കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

SCROLL FOR NEXT