Cheteshwar Pujara x
Sports

'അതെ, അയാള്‍ നിശബ്ദനായിരുന്നു... 16,217 പന്തുകളിലുണ്ട് പോരാളിയുടെ ചരിത്രം... നന്ദി പൂജി!'

ഇന്ത്യയുടെ ഐതിഹാസികമായ ഒരു ടെസ്റ്റ് കാലത്തിന് വിരാമം

രഞ്ജിത്ത് കാർത്തിക

ന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ മഹിത ചരിത്രത്തിലേക്ക് തന്റെ ഐതിഹാസിക ടെസ്റ്റ് ഇന്നിങ്‌സുകള്‍ കോര്‍ത്ത് വച്ച് ചേതേശ്വര്‍ അരവിന്ദ് പൂജാര പടിയിറങ്ങി. ലോക ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസിക്കല്‍ ബാറ്റിങ് പരമ്പരയിലെ അവസാന അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ക്രീസ് വിടുന്നത്.

വിരമിക്കുമ്പോള്‍ പൂജാര കുറിച്ചു. 'എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്'. അതൊരു അനിവാര്യതയാണെന്നു തന്റെ ടെസ്റ്റ് ഇന്നിങ്‌സുകള്‍ പോലെ സമയമെടുത്ത് പൂജിയും ഉള്‍ക്കൊണ്ടു.

ടെസ്റ്റാണ് തട്ടകമെന്നു സ്വയം അടയാളപ്പെട്ട് അതിനനുസരിച്ച് ശരീര, മനോ ബലങ്ങളെ വഴക്കിയെടുത്ത മനുഷ്യനാണ് പൂജി. അയാള്‍ പോരാളിയായിരുന്നു. ടീമിലേക്ക് വരാന്‍ പറഞ്ഞപ്പോള്‍ വന്നു. കളിക്കാന്‍ അവസരം കൊടുത്തപ്പോള്‍ നന്നായി കളിച്ചു. പുറത്താക്കിയപ്പോള്‍ ആരോടും പരിഭവിച്ചില്ല. ഇംഗ്ലീഷ് മണ്ണില്‍ മതിയാവോളം കൗണ്ടി കളിച്ച് ബാറ്റിങില്‍ പുതു വ്യാഖ്യാനങ്ങള്‍ കൊണ്ടു വന്നു. സസ്‌ക്‌സ് ടീമിനെ നയിച്ചു. തനിക്കു വഴങ്ങില്ലെന്നു വിധിയെഴുതിയ ഏകദിനങ്ങളില്‍ അയാള്‍ സസക്‌സിനായി തുടരെ സെഞ്ച്വറികള്‍ അതിവേഗം കണ്ടെത്തി... ഇന്ത്യന്‍ ടീമിലേക്ക് ഒരൂഴം കൂടി വരുമെന്നു പ്രതീക്ഷിച്ചു. വന്നില്ല. വിരമിച്ചു.

ഒന്നു പറയട്ടെ... പൂജാര ഇങ്ങനെ പടിയിറങ്ങിപ്പോകേണ്ട ആളേയല്ല. അയാള്‍ ഒരു വിട വാങ്ങല്‍ ടെസ്റ്റ് അര്‍ഹിക്കുന്നുണ്ട്.

Cheteshwar Pujara

മെല്‍ബണിലേയും സിഡ്‌നിയിലേയും ഗാബയിലേയും ഓരോ പുല്‍ക്കൊടിയും ഇപ്പോഴും പാടുന്നുണ്ട് അയാളുടെ ഇതിഹാസ സമാനമായ ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച്... അവിടങ്ങളിലെ ഓരോ മണല്‍ത്തരിയും വിറ കൊള്ളുന്നുണ്ടാകും... ഇപ്പോഴും...

2018-19 സീസണിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പൂജാര നേരിട്ടത് 1258 പന്തുകളായിരുന്നു. നേടിയത് 521 റണ്‍സ്. ശരാശരി 74.42. ചരിത്രത്തിലാദ്യമായി മൈറ്റി ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍ അതിന്റെ അമരത്ത് പൂജാരയായിരുന്നു. അയാളാണ് ചരിത്ര പരമ്പരയിലെ താരവും. 2020-21ലും ഇന്ത്യ പരമ്പര നേട്ടം ഓസീസ് മണ്ണില്‍ ആവര്‍ത്തിച്ചപ്പോഴും അയാള്‍ ഗതി നിയന്ത്രിച്ച് മുന്നില്‍ നിന്നു. ഋഷഭ് പന്തിന്റെ പേരില്‍ ആ പരമ്പര മാറിയെങ്കിലും ഗാബാ ടെസ്റ്റില്‍ പൂജാര ചെറുത്തു നിന്നത് 211 പന്തുകളാണ്. നേടിയത് 56 റണ്‍സ്. ടെസ്റ്റ് ജയത്തിലേക്ക് ആ ഇന്നിങ്‌സ് വഹിച്ച പങ്ക് അത്ര വിലപ്പെട്ട ഒന്നാണ്.

'രാജ്‌കോട്ട് എന്ന ചെറിയ പട്ടണത്തില്‍ നിന്നുള്ള ഒരു കൊച്ചുകുട്ടിയായിരിക്കെ, ഞാനൊരു നക്ഷത്രമാകാന്‍ ആഗ്രഹിച്ചു. എന്റെ മാതാപിതാക്കള്‍ വഴികാട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകണമെന്നു സ്വപ്‌നം കണ്ടു. അന്ന് എനിക്കറിയില്ലായിരുന്നു ക്രിക്കറ്റ് എനിക്ക് ഇത്രയധികം തിരിച്ചു തരുമെന്നു. വിലതിക്കാനാകാത്ത അവസരങ്ങള്‍, അനുഭവങ്ങള്‍, ലക്ഷ്യങ്ങള്‍, സ്‌നേഹം... എല്ലാറ്റിനുമുപരി മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാനും എനിക്ക് അവസരം കിട്ടി'- വിരമിക്കാന്‍ നേരത്ത് പൂജാര കരിയറിനെ ഇങ്ങനെ വ്യാഖ്യാനിച്ചു.

ഇന്ത്യയുടെ വൻ മതിൽ ​രാഹുൽ ദ്രാവിഡെങ്കിൽ ഇന്ത്യയുടെ രണ്ടാം മതിലായിരുന്നു പൂജാര. ടെസ്റ്റ് ടീമിന്റെ മൂന്നാം നമ്പര്‍ സ്ഥാനത്ത് വലിയ ആശ്രയമായിരുന്നു പൂജാര. അയാള്‍ക്ക് ബാറ്റ് മാത്രമായിരുന്നില്ല ആയുധം. തന്റെ ശരീരം മുഴുവന്‍ അദ്ദേഹം ടെസ്റ്റ് ബാറ്റിങിനായി ക്രീസില്‍ ഇറക്കിവിട്ടു. ഗാബയില്‍ അയാള്‍ നേരിട്ട ആ 211 പന്തുകളില്‍ കാണാം ടെസ്റ്റിലെ പ്രതിരോധ ബാറ്റിങ് കലയുടെ ഊടും പാവും ചമത്കാരങ്ങളും.

Cheteshwar Pujara

രോഹിത് ശര്‍മ, ആഭ്യന്തര ക്രിക്കറ്റിലെ തന്റെ എതിരാളിയായി വരാറുള്ള പൂജാരയെ ഇങ്ങനെ വരച്ചിടുന്നുണ്ട്...

താനും മുംബൈയിലെ സഹ താരങ്ങളും അക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ചായിരുന്നുവെന്നു രോഹിത് ഓര്‍മിച്ചു. രണ്ട്, മൂന്ന് ദിവസം ഉറച്ചു നിന്നു ബാറ്റ് ചെയ്യാനുള്ള പൂജാരയുടെ മികവിനെക്കുറിച്ചായിരുന്നു രോഹിതിന്റെ പരാമര്‍ശം.

'എനിക്കിപ്പോഴും ഓര്‍മയുണ്ട്. ടീം മീറ്റിങുകളില്‍ അദ്ദേഹത്തെ എങ്ങനെ ഔട്ടാക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചകള്‍. പൂജാരയെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോല്‍ക്കും. പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ എന്റെ ശരീരത്തിന്റെ നിറമൊക്കെ മാറുന്നത് കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു.'

'ടീമിനായി കളിക്കാന്‍ വീട്ടില്‍ നിന്നു പോകുമ്പോഴുള്ള അവസ്ഥയായിരിക്കില്ല പത്ത് ദിവസമൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഉണ്ടാകുക. അക്കാലത്ത് അമ്മ എന്നോടു രണ്ട് മൂന്ന് തവണ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ പൂജാരയെ കുറിച്ച് അമ്മയോടു പറയാറുണ്ട്. ചേതേശ്വര്‍ പൂജാര എന്നൊരു ബാറ്റ്സ്മാനുണ്ട് അമ്മേ. എന്തു ചെയ്യാന്‍ പറ്റും, അദ്ദേഹം മൂന്ന് ദിവസമാണ് തുടര്‍ച്ചയായി ബാറ്റ് ചെയ്തുകൊണ്ടിരുന്നത് എന്നു മറുപടിയും പറഞ്ഞു. അക്കാലത്താണ് ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളത്.'- രോഹിത് ഓര്‍മിച്ചു.

കാല്‍മുട്ടിനേറ്റ പരിക്ക് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമെന്നു ആശങ്കപ്പെട്ട ഇടത്തു നിന്നാണ് പൂജാര ഇന്ത്യക്കായി 100നു മുകളില്‍ ടെസ്റ്റ് കളിച്ച് പടിയിറങ്ങുന്നത്. വരും തലമുറ പഠിക്കേണ്ടത് പോരാളികളുടെ അതിജീവനവും ആനന്ദവുമാണ്. ടെസ്റ്റിന്റെ ബാറ്റിങ് പാഠങ്ങള്‍ മാറുന്നുണ്ടെങ്കിലും ക്രീസില്‍ വിക്കറ്റ് വിട്ടുകൊടുക്കാതെ എങ്ങനെ നില്‍ക്കുമെന്ന കനപ്പെട്ട ചോദ്യത്തിന്റെ ലളിതമായ ഉത്തരം കൂടിയാണ് പൂജാര.

Cheteshwar Pujara finishes a stellar Test career with 103 games in which he scored 7195 runs at an average of 43.60.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT