Cricket Australia x
Sports

'പന്ത് ചുരണ്ടി' ഓസ്‌ട്രേലിയ ആഷസും ജയിച്ചു!!!

വിഷയം പഠിക്കാന്‍ സ്വതന്ത്ര ഫോറം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്‌നി: 2018ലെ ദക്ഷിണാഫ്രിക്ക പര്യടനത്തിലെ പന്ത് ചുരണ്ടല്‍ സംഭവം (സാന്‍ഡ്‌പേപ്പര്‍ഗേറ്റ്) വീണ്ടും വലിയ വിവാദങ്ങളും ചര്‍ച്ചയുമായ സാഹചര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ വിഷയം പഠിക്കാന്‍ ഒരു സ്വതന്ത്ര ഫോറം രൂപീകരിച്ചിരുന്നു. ഇപ്പോള്‍ ഈ ഫോറത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു തൊട്ടുമുന്‍പ് അരങ്ങേറിയ ഇംഗ്ലണ്ടിനെതിരായ 2017-18ലെ ആഷസ് പരമ്പരയിലും സമാന രീതിയിലുള്ള പന്ത് ചുരണ്ടല്‍ നടന്നിട്ടുണ്ടോ എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദമായി അന്വേഷിക്കുന്നത്. ഫോറത്തിന്റെ കണ്ടെത്തലും ബോര്‍ഡിന്റെ പ്രതികരണവും പൊതുജനങ്ങള്‍ക്കായി പരസ്യമാക്കാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിട്ടുണ്ട്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുനരന്വേഷണം വേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് അധികൃതര്‍. പുനരന്വേഷണത്തിനു പകരമാണ് സ്വതന്ത്ര ഫോറം രൂപീകരിച്ചത്. ഈ ഫോറത്തിന്റെ മുന്‍പില്‍ വന്നു കളിക്കാര്‍ക്കും പരിശീലകര്‍ക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയ 4-0ത്തിനു ജയിച്ച ആഷസ് പരമ്പരയടക്കം വിശദമായി പരിശോധിക്കുമെന്നു വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്.

മുതിര്‍ന്ന അഭിഭാഷക ഫിയോന മക്ലിയോഡാണ് ആറാഴ്ച നീണ്ടുനില്‍ക്കുന്ന ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. താരങ്ങള്‍ക്ക് അവരുടെ അനുഭവങ്ങളും നിലപാടുമൊക്കെ ഫോറത്തിനു മുന്നിലെത്തി പങ്കുവയ്ക്കാം. താരങ്ങളുടെ മറുപടികള്‍ തികച്ചും സ്വകാര്യമായി തന്നെ സൂക്ഷിക്കും. ആഷസ് പരമ്പര, പിന്നാലെ നടന്ന ദക്ഷിണാഫ്രിക്ക പര്യടനം, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ഗ്രൗണ്ടില്‍ വച്ച് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമത്വം വരുത്താന്‍ നോക്കിയത്, പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ ഓസ്‌ട്രേലിയ നടത്തിയ അേന്വഷണം അടക്കമുള്ളവ ഫോറം വിശദമായി തന്നെ പരിശോധിക്കും.

ആഷസ് പരമ്പരയില്‍ ഓസീസ് പേസര്‍മാര്‍ക്ക് തുടര്‍ച്ചയായി സ്വിങ് കിട്ടിയത് ഇംഗ്ലണ്ട് താരങ്ങളെ അന്നേ അമ്പരപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്ക പര്യടനത്തിനു പിന്നാലെ പന്ത് ചുരണ്ടല്‍ വിവാദം കത്തിനിന്ന ആ സമയത്ത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ അലിസ്റ്റര്‍ കുക്കിനോട് മാധ്യമങ്ങള്‍ ആഷസില്‍ ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമത്വം കാണിച്ചിരുന്നോ, അല്ലെങ്കില്‍ അന്ന് സംശയം തോന്നിയോ എന്നു ചോദിച്ചിരുന്നു. ഇതിന് അന്ന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

'അതെ, ചെറിയൊരു സംശയം എനിക്കുണ്ടായിരുന്നു. പ്രത്യേകിച്ച് പെര്‍ത്തില്‍ മഴ പെയ്ത കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞിരുന്ന സമയത്ത് പോലും അവര്‍ക്ക് പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിക്കാന്‍ സാധിച്ചിരുന്നു'- എന്നാണ് കുക്ക് പ്രതികരിച്ചത്. എന്നാല്‍ ഈ സംശയം അന്ന് അധികം മുന്നോട്ടു പോയില്ല. പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നടന്ന അവസാന ടെസ്റ്റില്‍ വിവാദ സംഭവം.

ഈ പോരാട്ടം ജയിക്കാനായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ഗ്രൗണ്ടില്‍ വച്ചു തന്നെ പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചത് കാമറകള്‍ ലൈവായി പകര്‍ത്തിയതോടെയാണ് ഗൂഢാലോചന പുറത്തായത്. സംഭവത്തില്‍ അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കരായി കണ്ടെത്തിയത്. മൂവരേയും ഓസീസ് വിലക്കടക്കമുള്ള വലിയ ശിക്ഷകള്‍ക്ക് വിധേയരുമാക്കി.

എന്നാല്‍ ഈയടുത്ത് പുറത്തിറങ്ങിയ മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഉസ്മാന്‍ ഖവാജയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലാണ് വിവാദം വീണ്ടും കത്തിച്ചത്. സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് മാത്രമല്ല, ടീമിലെ എല്ലാവര്‍ക്കും പന്തില്‍ കൃത്രിമം കാണിക്കാന്‍ പോകുന്ന വിവരം അറിയാമായിരുന്നുവെന്നു ഖവാജ പുസ്‌കത്തില്‍ എഴുതി.

ഖവാജയുടെ വെളിപ്പെടുത്തലിനെ വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ പിന്തുണച്ചതോടെ വിഷയം വലിയ തോതില്‍ ചര്‍ച്ചയായി. അതിനിടെ ടീമിലെ എല്ലാ ബൗളര്‍മാര്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നു ബാന്‍ക്രോഫ്റ്റ് ഒരു മാധ്യമ കോളത്തില്‍ എഴുതിയതും ഗൂഢാലോചന സംബന്ധിച്ച സംശയങ്ങള്‍ കൂടുതല്‍ താരങ്ങളിലേക്ക് തിരിക്കാനുള്ള വക നല്‍കുകയും ചെയ്തു. അന്ന് ബൗളിങ് സംഘത്തിലുണ്ടായിരുന്ന നിലവിലെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, നതാന്‍ ലിയോണ്‍ എന്നിവരിലേക്കാണ് ബാന്‍ ക്രോഫ്റ്റ് ആരോപണത്തെ തിരിച്ചത്. എന്നാല്‍ കമ്മിന്‍സ് അടക്കമുള്ളവര്‍ അന്നത്തെ സംഭവം തങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

Cricket Australia widened its independent Sandpapergate forum onFriday to include the preceding Ashes series against England, while pledging to make the findings and its response public

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

'ദൃശ്യം: ദ് കണ്‍ക്ലൂഷ'നും 'ഹനുമാനും'; ഈ വാരാന്ത്യം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

രാഷ്ട്രപതി ദ്രൗപതി മുർമു തൃശൂരിലെത്തി; ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു

'ഏഴാം അറിവ്' ചെയ്യാന്‍ പാടില്ലായിരുന്നു, ആ സിനിമയില്‍ ഞാന്‍ ഒട്ടും തൃപ്തയല്ല; തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍

​ഗ്രാമ്പൂ അത്ര നിസാരക്കാരനല്ല, അസിഡിറ്റിയും ബ്ലോട്ടിങ്ങും ​ഗ്യാസും 'പമ്പ' കടത്തും, കാർഡിയോളജിസ്റ്റ് വിശദീകരിക്കുന്നു