സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിന് നഷ്ടങ്ങളുടെ സമയമാണ്. മാർഷിനും വോണിനും പിന്നാലെ ഇപ്പോൾ ആൻഡ്രൂ സൈമണ്ട്സും ജീവിതത്തിന്റെ പടിയിറങ്ങി. ഒറ്റ വാക്കിൽ ക്രിക്കറ്റ് ലോകം കണ്ട എല്ലാം തികഞ്ഞ ഓൾറൗണ്ടർ. ടീമിന് വേണ്ട സമയത്തെല്ലാം അയാളുണ്ടായിരുന്നു. ബാറ്റ്സ്മാനായി, ബൗളറായി, മിന്നും ഫീൽഡറായി. വെടിക്കെട്ട് ബാറ്റിങും മികച്ച ബൗളിങും മിന്നൽ ഫീൽഡിങുമായി സൈമണ്ട്സ് മികവിന്റെ നിറവുകൾ ലോകത്തെ വിവിധ വേദികളിൽ അടയാളപ്പെടുത്തി.
ഓസീസ് അജയ്യരായി വാണ അവരുടെ സുവര്‍ണ കാലഘട്ടത്തില്‍ ടീമിൽ വെട്ടിത്തിളങ്ങിയ താരമായ സൈമണ്ട്‌സിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ശനിയാഴ്ച രാത്രി ക്യൂന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലയിലുണ്ടായ കാറപടത്തിലായിരുന്നു സൈമണ്ട്‌സിന്റെ മരണം.
കപില്‍ ദേവും ഇമ്രാന്‍ ഖാനും ജാക് കാലിസും ക്രിസ് ക്രെയിന്‍സും റിച്ചാർഡ് ഹാഡ്ലിയും ഇതിഹാസ ഓൾറൗണ്ടർമാരിൽ അവർക്കൊന്നുമില്ലാത്ത പ്രത്യേകതയുണ്ടായിരുന്നു സൈമണ്ട്സിന്. അത് ഫീൽഡിങിലെ ചടുല മികവായിരുന്നു. ഡൈവിങ് ക്യാച്ചുകളും മിന്നല്‍ വേഗത്തിലുള്ള റണ്ണൗട്ടുകളും തടഞ്ഞിട്ട പവര്‍ ഷോട്ടുകളുമാണ് സൈമണ്ട്സിന്റെ കരിയറിലെ നിർണായക കൈമുതൽ. അയാളെ വ്യതിരിക്തനാക്കി നിർത്തിയതും അതായിരുന്നു.
ഓസീസ് ക്രിക്കറ്റിലെ സമീപകാല നേട്ടങ്ങളുടെ പട്ടികയിലെല്ലാം നമുക്ക് സൈമണ്ട്സിന്റെ പേര് കാണാം. പെരുമയും.
1998ല്‍ പാകിസ്ഥാനെതിരെ അരങ്ങേറിയ സൈമണ്ട്സിന്റെ പ്രധാന കളം ഏകദിന പോരാട്ടങ്ങളായിരുന്നു. 2003, 2007 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. രണ്ട് ലോകകപ്പിലും ഒരു മത്സരത്തില്‍ പോലും സൈമണ്ട്‌സിനെ മാറ്റി നിർത്തി ഓസീസ് ഇറങ്ങിയിരുന്നില്ല! ടീമിലെ അവിഭാജ്യ ഘടകമായി നിലയുറപ്പിക്കാന്‍ സൈമണ്ട്‌സിന് സാധിച്ചത് ആ പ്രതിഭയുടെ തികവായിരുന്നു.
അപകടകാരിയായ വലം കൈയന്‍ ബാറ്ററായിരുന്ന സൈമണ്ട്‌സ്. ക്രീസില്‍ നിലയുറപ്പിച്ച് ആക്രമിച്ച് കളിച്ച് എതിരാളികളെ വട്ടംകറക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്. എതിർ ബൗളിങ് നിരയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ബാറ്റിങ് മികവായിരുന്നു സൈമണ്ട്സിന്. കളിയുടെ നിയന്ത്രണം ഒറ്റയ്ക്ക് ഏറ്റെടുത്ത് നിരവധി മത്സരങ്ങളില്‍ അയാൾ ടീമിനെ തോളിലേറ്റി.
ഓഫ് ബ്രേക്ക് ബൗളറായ സൈമണ്ട്സ് തന്ത്രപരമായി പന്തെറിയുന്നതിൽ സവിശേഷ വൈദഗ്ധ്യം പുലർത്തി. നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകൾ കൊയ്ത് തന്റെ ബൗളിങിലൂടെ അയാൾ ടീമിന് ശ്രദ്ധേയ വഴിത്തിരിവുകൾ സമ്മാനിച്ചു. ചടുലതയാര്‍ന്ന മിന്നും റിഫ്‌ളക്ഷനും കൃത്യതയാര്‍ന്ന ലക്ഷ്യ ബോധവുമായിരുന്നു ഫീൽഡിങ് മികവിൽ സൈമണ്ട്സിന്റെ കരുത്ത്. അയാൾ സൃഷ്ടിച്ചെടുത്ത റണ്ണൗട്ടുകൾ അതിന്റെ സാക്ഷ്യങ്ങളാണ്.
ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിനവും 14 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 1462 റണ്‍സും 24 വിക്കറ്റും നേടി. ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുമാണ് സമ്പാദ്യം. ആറ് സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടവും സ്വന്തമാക്കി. ടി20യില്‍ 337 റണ്‍സും എട്ട് വിക്കറ്റുകളും കരസ്ഥമാക്കി.
2009ല്‍ പാകിസ്ഥാനെതിരെയായിരുന്നു സൈമണ്ട്‌സിന്റെ അവസാന മത്സരം. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈന്‍ ഇന്ത്യന്‍സ് ടീമുകള്‍ക്കായും സൈമണ്ട്‌സ് കളത്തിലിറങ്ങി. 2009 ഐപിഎല്‍ സീസണില്‍ ഡെക്കാന്‍ ചാർജേഴ്സ് ചാമ്പ്യന്‍മാരായ സമയത്ത് ടീമില്‍ സൈമണ്ട്‌സുണ്ടായിരുന്നു. 2012ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
മങ്കിഗേറ്റ് വിവാദം
സൈമണ്ട്സിനെ ഇന്ത്യൻ ആരാധകർ സവിശേഷമായി ഓർക്കുന്ന വിവാദമാണ് മങ്കിഗേറ്റ്. 2007ല്‍ ഇന്ത്യ- ഓസ്‌ട്രേലിയ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും സൈമണ്ട്‌സും തമ്മിലുണ്ടായ മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹര്‍ഭജന്‍ തന്നെ കുരങ്ങനെന്ന് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്‌സിന്റെ ആരോപണം. മൂന്ന് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒന്നിച്ച് കളിച്ച സമയത്ത് ഹര്‍ഭജന്‍ ഇക്കാര്യത്തില്‍ തന്നോട് മാപ്പ് പറഞ്ഞെന്നും സൈമണ്ട്‌സ് വെളിപ്പെടുത്തുകയുണ്ടായി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates