സിഡ്‌നി: വിവാദമായ പന്ത് ചുരണ്ടല്‍ (സാന്‍ഡ് പേപ്പര്‍ ഗേറ്റ്) വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ഉസ്മാന്‍ ഖവാജ തന്റെ ആത്മകഥയിലൂടെ പുറത്തുവിട്ട വിവരങ്ങളെ പിന്തുണച്ച് അന്ന് വിവാദത്തില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനേയും അന്വേഷണത്തേയും വാര്‍ണര്‍ ചോദ്യം ചെയ്തു.
2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദം. മത്സരം ജയിക്കാന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമത്വം വരുത്തി എന്നായിരുന്നു കണ്ടെത്തല്‍. 8 വര്‍ഷം മുന്‍പ് നടന്ന വിവാദത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഖവാജയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ 'സബ്ര്‍' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകള്‍. വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യങ്ങളാണ് ഖവാജ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയത്.
2018 മാര്‍ച്ചില്‍ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍, സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ രൂപമാറ്റം വരുത്തിയ 'സാന്‍ഡ്‌പേപ്പര്‍ഗേറ്റ്' വിവാദം, ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് വലിയ നാണക്കേടാണുണ്ടാക്കിയിരുന്നു. പന്തുചുരണ്ടലിനെ കുറിച്ച് മുഴുവന്‍ ടീമംഗങ്ങള്‍ക്കും അറിയാമായിരുന്നെന്നും പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റിലും ഈ തന്ത്രം ഉപയോഗിച്ചിരുന്നെന്നുമാണ് ഖവാജയുടെ വെളിപ്പെടുത്തല്‍.
വിഷയത്തില്‍ അന്വേഷണം നടത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കാരായി കണ്ട് ശിക്ഷിച്ചത്. എന്നാല്‍ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഖവാജ വെളിപ്പെടുത്തിയത്. പ്രശ്‌നം ടീം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും ഖവാജ പറയുന്നുണ്ട്. പിന്നാലെയാണ് വാര്‍ണര്‍ ഖവാജയുടെ വെളിപ്പെടുത്തല്‍ ശരിവച്ചും അദ്ദേഹത്തെ പിന്തുണച്ചും സംസാരിച്ചത്.
'ഈ വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞിട്ട് 8 വര്‍ഷമായി. അസി (ഖവാജ) ഞാന്‍ നിന്നെ പൂര്‍ണമായി പന്തുണയ്ക്കുന്നു. നീ ചെയ്ത കാര്യത്തിനു നന്ദി. നീ പറഞ്ഞത് 100 ശതമാവും സത്യമാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും സത്യമറിയാം. അത് ജനങ്ങളുടെ മുന്നിലുണ്ട്. ആളുകള്‍ അതറിയാന്‍ ആഗ്രഹിച്ചിരുന്നു. നീ അത് തുറന്നു പറഞ്ഞു. എട്ട് വര്‍ഷത്തിനു ശേഷം ഇക്കാര്യങ്ങള്‍ പറയുന്നത് പുസ്തകം വിറ്റു പോകാനാണെന്നു പറയുന്നുണ്ട് ചിലര്‍. എന്നാല്‍ ഇത് ഉസ്മാന്റെ കഥയാണ്. ഉസ്മാന്‍ വിശ്വസിക്കുന്ന സത്യങ്ങള്‍.'
'വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണം ധൃതിപിടിച്ചതും അപൂര്‍ണവുമായിരുന്നു. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ തൊട്ടടുത്താണ് അസി ഇരുന്നത്. എന്നാല്‍ അസിയെ അന്വേഷണ സംഘം ചോദ്യം ചെയ്തില്ല. അപ്പോള്‍ ഇതങ്ങനെ സമഗ്രമായ അന്വേഷണമാകും. ഇതെന്ന അദ്ഭുതപ്പെടുത്തി. ഞാന്‍ ആര്‍ക്കെതിരേയും വിരല്‍ചൂണ്ടാനില്ല. പഴയ മുറിവുകളെല്ലാം വീണ്ടും വ്രണമാക്കനോ ഉദ്ദേശിക്കുന്നില്ല. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും സത്യം കൃത്യമായി പരിശോധിക്കപ്പെടാനുമാണ് ഇത്. അതിനാല്‍ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന വ്യക്തിയെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തി അന്വേഷണത്തിനു ഉത്തരവാദികളായ ആളുകളോടു മറുപടി ചോദിക്കേണ്ട സമയമാണിത്.'
'വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 8 വര്‍ഷത്തിനിടെ മാധ്യമങ്ങളിലൂടെ അനേകം തെറ്റായ പ്രസ്താവനകളും വിവരങ്ങളും പുറത്തു വന്നു. പലരും മൗനം പാലിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ എന്റെ മക്കളോട് സംസാരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് കൃത്യമായി വിശദീകരിച്ചു കൊടുക്കേണ്ടി വന്നു. പ്രത്യേകിച്ച് എന്റെ 12 വയസുള്ള മകള്‍ ഐവിയ്ക്ക്. എന്തുകൊണ്ടാണ് ക്യാമറകള്‍ ഞങ്ങളെ വളഞ്ഞതെന്നും ടെലിവിഷനില്‍ ഞങ്ങള്‍ കരഞ്ഞതെന്നും അറിയാന്‍ അവള്‍ ആഗ്രഹിച്ചു.'
'അവരോട് സംസാരിക്കുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ എന്റെ മക്കളോടു പറഞ്ഞു. സത്യം മാത്രം പറയുക. കാരണം കള്ളങ്ങള്‍ ഒടുവില്‍ പുറത്തു വരും'- വാര്‍ണര്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിഡിയോയില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates