Jason Gillespie x
Sports

'എനിക്ക് പണം തന്നില്ല, അപമാനിച്ച് ഇറക്കിവിട്ടു; അയാൾ അവിടെ ഉള്ളിടത്തോളം പാകിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടില്ല'

തുറന്നടിച്ച് മുൻ പരിശീലകൻ ജാസൻ ​ഗില്ലെസ്പി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാകിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന വന്ന വിവാദങ്ങളും പ്രതിസന്ധികളും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. അതിന്റെ അനുരണനങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ പാക് ക്രിക്കറ്റ് നേരിടുന്ന പ്രശ്നങ്ങളും ഈ പ്രതിസന്ധി എങ്ങനെ ഉണ്ടായെന്നും തുറന്നു പറയുകയാണ് മുൻ പാക് പരിശീലകനും മുൻ ഓസ്ട്രേലിയൻ പേസറുമായ ജാസൻ ​ഗില്ലെസ്പി.

പാക് ക്രിക്കറ്റ് വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ച ഘട്ടത്തിലാണ് താൻ പരിശീലകനായി എത്തിയതെന്നും അവരുടെ ക്രിക്കറ്റിനെ രക്ഷപ്പെടുത്താൻ താൻ ആ​ഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിനു തന്നെ അനുവ​ദിച്ചില്ലെന്നും ​ഗില്ലെസ്പി പറയുന്നു. തനിക്ക് വാ​ഗ്ദാനം ചെയ്ത പണം പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നും അപമാനിച്ചാണ് തന്നെ ഇറക്കി വിട്ടതെന്നും മുൻ ഓസീസ് പേസർ തുറന്നടിച്ചു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‍വി മുൻ പേസർ അക്വിബ് ജാവേദിനെ ചീഫ് സെലക്ടറായി കൊണ്ടു വന്നതാണ് കാര്യങ്ങളെല്ലാം തകിടം മറിച്ചതെന്നും ​ഗില്ലെസ്പി പറയുന്നു. ദി ടെല​ഗ്രാഫിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

'അക്വിബ് ജാവേദിന്റെ നിയമനം കളിയിലെ സാഹചര്യങ്ങളെ പൂർണമായി മാറ്റി. അതുവരെ പാക് ക്രിക്കറ്റുമായി എനിക്കുണ്ടായിരുന്ന ബന്ധം ആ നിമിഷം മുതൽ മാറി. അക്വിബ് കാര്യങ്ങളെല്ലാം ഏറ്റെടുത്തു. ടെസ്റ്റ് ടീമിന്റെ കാര്യങ്ങൾ നോക്കുന്നതും അതിന്റെ മാനേജ്മെന്റും കളിക്കാരേയും സ്റ്റാഫുകളേയും നിയന്ത്രിക്കുന്നതും എല്ലാം അക്വിബ് ജാവേദ് ആയി. ടീം സെലക്ഷനിൽ പോലും എനിക്ക് പങ്കാളിത്തം ഇല്ലാതെ വന്നു. ചുരുക്കത്തിൽ ഒരു റോളും ഇല്ലാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെട്ടു.'

'മൊത്തത്തിലുള്ള ഈ അനുഭവങ്ങൾ എന്നെ മാനസികമായി തളർത്തി. കോച്ചിങ് രം​ഗം തന്നെ ഉപേക്ഷിക്കാമെന്ന മനോനിലയിലേക്ക് ഞാൻ എത്തി. എനിക്ക് എന്നെക്കുറിച്ച് തന്നെ സംശയങ്ങൾ വന്നു. ഈ സ്പോർട്സിൽ ഇനി തുടരണമോ എന്നു പോലും ഞാൻ ചിന്തിച്ചു.'

'കുറച്ചു കാലം മാത്രമാണ് ഞാൻ പരിശീലകനായത്. പിസിബി എനിക്ക് ഇനിയും പണം നൽകാനുണ്ട്. ആയിരക്കണക്കിനു ഡോളറാണ് നൽകാനുള്ളത്. ആരുടേയും വിധേയനായി ഇരിക്കാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്റെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനും എനിക്ക് സാധിക്കില്ല. എന്റെ കരിയറിലുടനീളം ഞാൻ അത് പാലിച്ചിട്ടുണ്ട്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.'

'എനിക്ക് വേണമെങ്കിൽ ഒരക്ഷരം മിണ്ടാതെ എല്ലാത്തിനും തലയാട്ടി എന്റെ ശമ്പളം വാങ്ങി ഇരുന്നാൽ മതിയായിരുന്നു. പക്ഷേ അതല്ല എന്റെ സ്വഭാവം. എതാനും മാസങ്ങൾക്കുള്ളിൽ തന്നെ എന്നെ അവർ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു. അക്വിബ് തിരശ്ശീലയ്ക്കു പിന്നിൽ ഇരുന്നു കളികൾ മെനയുന്നുണ്ടെന്നു എനിക്ക് അറിയാമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ രീതിയും പ്രവർത്തിക്കുന്ന വിധവും. എന്നെക്കുറിച്ച് പരമാവധി കുറ്റങ്ങൾ അദ്ദേഹം പറയുന്നുണ്ടെന്ന് എനിക്ക് അന്നേ വിവരം കിട്ടിയിരുന്നു. എന്നെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നതു കേട്ടതോടെ എനിക്കു മടത്തു.'

'എന്നെ പൂർണമായി അപമാനിക്കുകയും ഒതുക്കുകയും ചെയ്തു. ആദ്യ മീറ്റിങിൽ തന്നെ അദ്ദേഹം വലിയ അഹങ്കാരത്തോടെയാണ് ഇടപെട്ടത്. എല്ലാത്തിന്റേയും തലവൻ താനാണെന്നു കാണിക്കാൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ചില നിലപാടുകളെ ഞാൻ ചോദ്യം ചെയ്തു. എതിർത്തു. ആ നിമിഷം മുതൽ എനിക്കു മനസിലായി അദ്ദേഹവുമായി യോജിച്ച് മുന്നോട്ടു പോകുക സാധിക്കില്ലെന്ന്. കാരണം അവിടെ അദ്ദേഹം പറയുന്നതു മാത്രമേ നടത്താൻ സമ്മതിക്കു. ചർച്ചയോ കൂട്ടായ പ്രവർത്തനങ്ങളോ ഒന്നും ഇല്ല.'

'അക്വിബിന് ചെയർമാന്റേയും ബോർഡിന്റേയും പൂർണ പിന്തുണയുണ്ടായിരുന്നു. തന്നെ ആർക്കും തൊടാൻ പോലും പറ്റില്ലെന്നും അദ്ദേഹത്തിനു ഉറപ്പുണ്ടായിരുന്നു. ഒരു കോച്ചെന്ന നിലയിൽ ഇത്തരം സാഹചര്യങ്ങളിൽ സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. സഹകരിച്ച് പ്രവർത്തിക്കാൻ അറിയുന്ന സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നില്ല അക്വിബ്. മറ്റുള്ളവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ ചിന്തകളോ ഒന്നും അ​ദ്ദേഹം മാനിക്കില്ല. അദ്ദേഹം പറയുന്നതു പോലെ കാര്യങ്ങൾ നടക്കണം. ഇല്ലെങ്കിൽ വഴി മാറി പോകാം. അത്തരമൊരു ചുറ്റുപാടിൽ ജോലി ചെയ്യാൻ ഞാൻ ആ​ഗ്രഹിച്ചില്ല.'

'ഇപ്പോൾ എന്താണ് അവിടെ നടക്കുന്നത്. ഇതെല്ലാം കണ്ടിട്ട് സത്യത്തിൽ എന്റെ ഹൃദയം തകരുകയാണ്. ഈ കുഴപ്പത്തിനെല്ലാം കാരണം അക്വിബ് ജാവേദാണ്. അദ്ദേഹമാണ് നിലവിൽ പാക് ടീമിന്റെ യഥാർഥ പ്രശ്നം. അദ്ദേഹം അവിടെ ഉള്ളിടത്തോളം കാലം പാക് ക്രിക്കറ്റ് പിന്നിലേക്കാണ് സഞ്ചരിക്കുക.'

'ബോർഡ് ചെയർമാനും അദ്ദേഹത്തിന്റെ സിൽബന്ദികളും ചേർന്നു ഒരു സുപ്രഭാതത്തിൽ പുതിയ ക്യാപ്റ്റനെ അങ്ങ് പ്രഖ്യാപിക്കും. അങ്ങനെ ഒന്നുമല്ല വേണ്ടതെന്നു പറയാൻ ആരുമില്ല. ശരിയായ ഒരു പരിശീലകനെ കൊണ്ടു വന്ന് അദ്ദേഹത്തിനു സ്വാതന്ത്ര്യവും ആവശ്യത്തിനു സമയവും നൽകുക. അദ്ദേഹത്തിനു സ്വന്തം ഇഷ്ടമനുസരിച്ച് ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകുക. എങ്കിൽ മാത്രമേ ഇനി പാക് ക്രിക്കറ്റ് രക്ഷപ്പെടു. നിലവിൽ ഈ ടീം എങ്ങോട്ടെന്ന് അറിയാത്ത യാത്രയിലാണ്'- ​ഗില്ലെസ്പി തുറന്നടിച്ചു.

Former Pakistan coach Jason Gillespie exposed Pakistan cricket and Aaqib Javed, saying the board still owes him thousands of dollars. He also shared episodes of disrespect by Javed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

കൊളസ്ട്രോൾ ഉണ്ടോ? മരുന്നിനൊപ്പം ഡയറ്റിൽ പതിവായി ഈ 4 ഭക്ഷണം കൂടി കരുതണേ

'ഞാന്‍ കാരവനില്‍ നിന്നും ഇറങ്ങിപ്പോയെന്ന് ഗോസിപ്പ്, കാരണം കേട്ട് കുറേ ചിരിച്ചു; പക്ഷെ, സത്യാവസ്ഥ ഇതാണ്: സംഗീത് പ്രതാപ്

'ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയില്‍ ലീഗും യൂത്ത് ലീഗും; പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാല്‍ മഹാഭാഗ്യം!'

'കമാൻഡർ ഇൻ തീഫ്' പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കാനാകില്ല; ബോംബെ ഹൈക്കോടതി