കോഹ്ലി, ദ്രാവിഡ്, രോഹിത് എക്സ്
Sports

ദ്രാവിഡിന്റെ ടീം, കെന്‍സിങ്ടന്‍ ഓവലിലെ ഇന്ത്യ...

തിരിച്ചറിവുകളുടെ ക്രിക്കറ്റ് പാഠ പുസ്തകമാണ് രാഹുല്‍ ദ്രാവിഡ്!

രഞ്ജിത്ത് കാർത്തിക

കെന്‍സിങ്ടന്‍ ഓവല്‍... ക്രിക്കറ്റിന്റെ മഹിത ചരിത്രത്തിലേക്ക് ഐതിഹാസിക പോരാട്ടങ്ങളുടെ വീര ഗാഥകള്‍ കോറിയിട്ട വിഖ്യാത മൈതാനത്തിന്റെ അകാശത്ത് ഇന്നലെ ഇന്ത്യ ഉദിച്ചു നിന്നു. ജീവിതത്തില്‍ വീണു പോകുന്നുവെന്നു തോന്നുമ്പോള്‍ തിരിച്ചു കയറാന്‍ തലമുറകളെ പ്രേരിപ്പിക്കുന്ന പോരാട്ടം ഒരിക്കല്‍ കൂടി ആ മൈതാനം കണ്ടു. തിരിച്ചു വരവിന്റെ വലിയ പാഠം ഇന്ത്യ ആ മണ്ണില്‍ വരച്ചിട്ടു.

കൈവിട്ട ഓരോ നിമിഷത്തിലും സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറന്നിട്ട ടീം ഇന്ത്യ. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, വിരാട് കോഹ്‌ലി, പിന്നെ ഏറ്റവും മനോഹരമായ ക്യാച്ചെടുത്ത സൂര്യകുമാര്‍ യാദവ്... അവിസ്മരണീയമായ നേട്ടത്തോടെ അഭിമാനത്തോടെ രോഹിതിന്റെ, കോഹ്‌ലിയുടെ ടി20യില്‍ നിന്നുള്ള മടക്കം...

ആ ഫൈനല്‍

ടി20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ചരിത്രത്തില്‍ ഇത്രയും ഉദ്വേഗം നിറച്ചൊരു ഫൈനല്‍ കണ്ടിട്ടില്ല. ഒരൊറ്റ മത്സരവും തോല്‍ക്കാതെ എത്തിയ രണ്ട് ടീമുകള്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പില്‍ മികവിന്റെ കാര്യത്തില്‍ തുല്യം ചാര്‍ത്തി നിന്ന ടീമുകളാണ്. അക്ഷരാര്‍ഥത്തില്‍ ഫൈനല്‍ അതിന്റെ തെളിവായി.

ഹെയ്ന്‍‍റിച് ക്ലാസന്‍ അടിക്കുന്നതു കണ്ടപ്പോള്‍ എല്ലാവരും ഇന്ത്യ കിരീടം കൈവിട്ടെന്നു ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന 4 ഓവറുകളില്‍ കളി, പേസര്‍മാരിലൂടെ തിരിച്ചു പിടിച്ച ഇന്ത്യയുടെ മികവ് അപാരമായിരുന്നു. ഗംഭീരമായിരുന്നു...

ലോക കിരീട നേട്ടത്തില്‍ വൈകാരികമായി താരങ്ങള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോഹ്ലി, ബുംറ, രോഹിത്

ബുംറ

ഈ രണ്ടക്ഷരത്തില്‍ എല്ലാം ഉണ്ട്. നോക്കു, അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 15ാം ഓവര്‍ കളിയുടെ ആദ്യ ട്വിസ്റ്റാണ്. 50- 50ല്‍ നിന്ന പോരാട്ടത്തെ ആ 24 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ പക്ഷത്തേക്ക് ചായ്ച്ചു. 16ാം ഓവര്‍ എറിഞ്ഞ ജസ്പ്രിത് ബുംറ പക്ഷേ, കഥയ്ക്ക് രണ്ടാമത്തെ ട്വിസ്റ്റ് തീര്‍ത്തു. ആ ഓവറില്‍ പിറന്ന വെറും 4 റണ്‍സ് കളിയുടെ ഗതി അപ്പാടെ തിരിച്ചു.

മില്ലറേയും ക്ലാസനേയും 16ാം ഓവറില്‍ ബുംറ കുരുക്കിയ കാഴ്ച മനോഹരം... ലോകകപ്പ് ചരിത്രത്തില്‍ ഇത്രയും പിശുക്കി പന്തെറിഞ്ഞ ബൗളര്‍ ഇല്ല. ഈ ലോകകപ്പില്‍ ബുംറയുടെ ഇക്കോണമി 4.17! ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും കുറഞ്ഞ ഇക്കോണമി. കിരീട നേട്ടത്തില്‍ 15 വിക്കറ്റുകള്‍ അത്രയും പ്രിയപ്പെട്ടതായി മാറുന്നു. പേസ് ബൗളിങിന്റെ മാസ്റ്റര്‍ ക്ലാസ്, അതിന്റെ അപാരതകള്‍. ബുംറ... ഈ രണ്ടക്ഷരത്തില്‍ എല്ലാമുണ്ട്...

ഇന്ത്യന്‍ പതാകയുമായി ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദികിന്റെ അര്‍ഷ്ദീപിന്റെ ഇച്ഛാശക്തി

ഹര്‍ദിക് പാണ്ഡ്യക്ക് കൈയടിക്കണം. ആ മനുഷ്യന്റെ ഇച്ഛാശക്തിയാണ് ക്ലാസനെ പുറത്താക്കി ഇന്ത്യയുടെ കളി തിരിച്ചു പിടിക്കാന്‍ കാരണമായത്. അയാളുടെ മനോബലമാണ് മില്ലറെ മടക്കാന്‍ സൂര്യകുമാര്‍ യാദവിനെ അസാധ്യമായൊരു ക്യാച്ചിലേക്ക് ഉയര്‍ത്തിയത്. ഹര്‍ദികിന്റെ സ്ഥൈര്യമാണ് കിരീടം നിര്‍ണയിച്ചത്.

അര്‍ഷ്ദീപിന്റെ പന്തുകളുടെ വീര്യം ഈ ലോകകപ്പില്‍ ഉടനീളം ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ഫൈനലില്‍ കളി തിരിച്ചതില്‍ ഒരു പങ്ക് അയാള്‍ക്കും അവകാശപ്പെട്ടതാണ്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ ഇനി അയാളുടെ പേരുമുണ്ടാകും.

രോഹിതും കോഹ്ലിയും

കാല്‍പ്പനികമാണ് രോഹിതും കോഹ്‌ലിയും

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ അസാധ്യ യാത്രകളുടെ പേരാണ് രോഹിതും കോഹ്‌ലിയും. ക്രിക്കറ്റിന്റെ കാല്‍പ്പനികത. രോഹിത് ഓസ്‌ട്രേലിയക്കെതിരെ നേടിയ 92 റണ്‍സ്, കോഹ്‌ലി ഫൈനലില്‍ അടിച്ച 76 റണ്‍സ്. രണ്ട് ക്ലാസ് ഇന്നിങ്‌സുകള്‍ അവരുടെ മൂല്യം അടിവരയിടുന്നു. ഇനി മതിയാക്കാം എന്നു തോന്നുന്നതില്‍ അമ്പരക്കേണ്ടതില്ല.

ലോകകപ്പ് കിരീടമുയര്‍ത്തുന്ന ദ്രാവിഡ്

രാഹുല്‍ ദ്രാവിഡിന്റെ ക്രിക്കറ്റ്

കളിക്കാരനായിരുന്നപ്പോള്‍ വന്‍മതിലായി നിന്ന ദ്രാവിഡിന്റെ ക്രിക്കറ്റ് ബുദ്ധി . കിരീടം കിട്ടാന്‍ ഒരു ടീം എങ്ങിനെ കളിക്കണം എന്നതിനു ഈ മനുഷ്യനോളം ഉത്തരം പറയാന്‍ ആര്‍ക്ക് സാധിക്കും. ഐപിഎല്ലില്‍ കത്തി നിന്ന വിരാട് കോഹ്‌ലി ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനത്തിറങ്ങി തുടരെ പരാജയപ്പെട്ടിട്ടും ഒരു മാറ്റവും വരുത്താതു സംബന്ധിച്ചുള്ള ചോദ്യത്തിനു ദ്രാവിഡ് പറഞ്ഞത്- 'ഫൈനല്‍ ഉണ്ടല്ലോ കണ്ടോളു'- എന്നാണ്.

2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍, ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍... നിരാശയില്‍ നിന്നുള്ള ദ്രാവിഡിന്റെ വര്‍ധിത വീര്യ മടങ്ങി വരവുകള്‍ ക്രിക്കറ്റ് ലോകം കണ്‍ കുളിര്‍ക്കെ പലപ്പോഴും കണ്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 30 പന്തില്‍ 30 റണ്‍സ് മതിയായിരുന്നു. ക്ലാസനും മില്ലറും കത്തി നിന്ന കെന്‍സിങ്ടന്‍ ഓവലില്‍ പക്ഷേ ദ്രാവിഡിന്റെ ഉള്ളിലെ ക്രിക്കറ്റാണ് വിജയിച്ചത്. അയാളുടെ നോട്ടങ്ങളാണ് ഗതി നിര്‍ണയിച്ചത്... കളി 6 പന്തില്‍ 16 ആയി മാറിയതാണ് അതിലെ മാജിക്ക്.

തിരിച്ചു വരവുകളുടെ ക്രിക്കറ്റ് പാഠ പുസ്തകമാണ് രാഹുല്‍ ദ്രാവിഡ്!

രാഹുല്‍ ദ്രാവിഡിനെ എടുത്തുയര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്ത്രിയും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT