Brendon McCullum x
Sports

'ബാസ്ബോൾ' ക്രിക്കറ്റിന് 'മരണ മണി'! ബ്രണ്ടൻ മക്കെല്ലത്തെ പുറത്താക്കി

പടിയിറക്കം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ നിന്ന്, വൈറ്റ് ബോൾ (ഏകദിന, ടി20) ടീമുകളുടെ മുഖ്യ പരിശീലകനായി തുടരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം തീർത്ത ഇം​ഗ്ലണ്ട് ടീമിന്റെ 'ബാസ്ബോൾ' ശൈലിക്ക് മരണ മണി! ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വിരമിച്ചതിനു പിന്നാലെ ബ്രണ്ടൻ മക്കെല്ലം ഇം​ഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനത്തു നിന്നു പുറത്ത്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച ഒരു യുഗത്തിനാണ് ഇതോടെ വിരാമം കുറിക്കപ്പെടുന്നത്. മക്കെല്ലത്തിന്റെ പരിശീലനത്തിലും സ്റ്റോക്സിന്റെ ക്യാപ്റ്റൻസിയിലും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ നടപ്പാക്കിയ ശൈലിയായിരുന്നു ബാസ്ബോൾ. ടെസ്റ്റിലെ പതിവ് പ്രതിരോധ ബാറ്റിങ് മാറ്റിവച്ച് ആക്രമണാത്മക ബാറ്റിങും ബൗളിങുമായിരുന്നു ഈ ശൈലിയുടെ സവിശേഷത. ബാസ്ബോൾ ടീമിനു മികച്ച വിജയങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ സമീപ കാലത്ത് ശൈലി വലിയ രീതിയിൽ ക്ലിക്കായില്ല.

ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഈയിടെയാണ്. പിന്നാലെയാണ് ബ്രണ്ടൻ മക്കെല്ലത്തിന്റെ നാല് വർഷത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ഹെഡ് കോച്ച് പദവി അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. മക്കെല്ലം റെഡ്-ബോൾ (ടെസ്റ്റ്) പരിശീലക സ്ഥാനം ഒഴിയുമെന്നും എന്നാൽ വൈറ്റ് ബോൾ (ഏകദിന, ടി20) ടീമുകളുടെ മുഖ്യ പരിശീലകനായി തുടരുമെന്നും ബോർഡ് സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ ദയനീയ പരാജയത്തിന് ശേഷം 2024ൽ ചുമതലയേറ്റ ന്യൂസിലൻഡ് മുൻ നായകനായ മക്കെല്ലം, ബെൻ സ്റ്റോക്സിനൊപ്പം ചേർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റിൽ വലിയൊരു മാറ്റമാണ് കൊണ്ടുവന്നത്. നാല് വർഷത്തെ കരാറിലായിരുന്നു അദ്ദേഹം എത്തിയത്. അതിനുമുൻപ് കളിച്ച 17 ടെസ്റ്റുകളിൽ ഒരെണ്ണത്തിൽ മാത്രം വിജയിച്ചു നിന്ന ഒരു ടീമിനെയാണ് മക്കെല്ലത്തിന് ലഭിച്ചത്. അവിടെ നിന്നാണ് ബാസ്‌ബോൾ എന്നറിയപ്പെടുന്ന അതിവേഗ, ആക്രമണാത്മക ക്രിക്കറ്റ് ശൈലിയിലൂടെ അദ്ദേഹം ഇംഗ്ലണ്ടിന്റെ മുഖച്ഛായ മാറ്റിയത്.

ടെസ്റ്റ് കോച്ചായി തുടരാൻ കഴിയാത്തതിൽ തനിക്ക് ഏറെ വിഷമമുണ്ടെന്ന് വൈകാരികമായി പ്രതികരിച്ച മക്കെല്ലം എന്നാൽ ഇസിബിയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി.

'ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് ഞാൻ ഏറെ ആസ്വദിച്ചിരുന്നു. നമ്മൾ ഒരുമിച്ച് നേടിയെടുത്ത നേട്ടങ്ങളിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. പിന്തുണച്ച കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ആരാധകർക്കും നന്ദി. ഇനി എന്റെ ശ്രദ്ധ പൂർണമായും ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീമുകളിലേക്ക് മാറ്റും'- മക്കെല്ലം വ്യക്തമാക്കി.

ബാസ്‌ബോൾ യു​ഗാന്ത്യം

വളരെ ഗംഭീരമായാണ് മക്കെല്ലത്തിന്റെ പരിശീലക കാലയളവ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച ആദ്യ 11 ടെസ്റ്റുകളിൽ 10 എണ്ണത്തിലും ഇംഗ്ലണ്ട് വിജയം നേടി. ന്യൂസിലൻഡിനെയും പാകിസ്ഥാനേയും അവർ വൈറ്റ് വാഷ് ചെയ്യുകയും അസാധ്യമെന്ന് തോന്നിയ ലക്ഷ്യങ്ങൾ പോലും അനായാസം മറികടക്കുകയും ചെയ്തു. മക്കെല്ലം- സ്റ്റോക്സ് സഖ്യം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന് പുതു ജീവൻ നൽകി. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിക്കാനും ഈ ശൈലിക്ക് സാധിച്ചു.

എന്നാൽ സമീപ മാസങ്ങളിൽ ടീമിന്റെ പ്രകടനം മോശമായി. അവസാനമായി കളിച്ച 12 ടെസ്റ്റുകളിൽ എട്ടിലും ഇംഗ്ലണ്ട് പരാജയപ്പെട്ടു. ന്യൂസിലൻഡിനെതിരെയുള്ള പരമ്പര തോൽവിയും പ്രധാന മത്സരങ്ങളിലെ മോശം പ്രകടനവും ബാസ്‌ബോൾ ശൈലിയുടെ നിലനിൽപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. ഇതിന് പിന്നാലെയാണ് ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ച ആ സഖ്യവും അവസാനിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചടിയുണ്ടായെങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റിൽ മക്കല്ലത്തിന്റെ മൂല്യം ഇപ്പോഴും ഉയർന്നതാണ്. ഈ വർഷം ആദ്യം അദ്ദേഹത്തിന്റെ കീഴിൽ കളിച്ച വൈറ്റ് ബോൾ ടീം ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ പരമ്പര വിജയത്തിന് ശേഷം അവർ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. സ്റ്റോക്സ്- മക്കെല്ലം യുഗം അവസാനിച്ചതോടെ പുതിയ അധ്യായത്തിനായി ടെസ്റ്റ് ഹെഡ് കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആരംഭിച്ചിട്ടുണ്ട്.

Brendon McCullum has stepped down as Englands Test head coach, just days after Ben Stokes announced his retirement from international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗ്രഹം പോലെ ജാനകിയമ്മ മടങ്ങി; അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് കൊച്ചുമകള്‍; ഇനി ഓര്‍മകളില്‍...!

ജാനകിയമ്മയെക്കൊണ്ട് രണ്ടു പാട്ട് പാടിക്കണം, 19 കാരന്റെ കയ്യിലുള്ളത് 5000 രൂപ; എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി!

ജാനകിയമ്മയുടെ വേര്‍പാട് അറിഞ്ഞ നിമിഷം, മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് നവാസിന്റെ മുഖം: നിയാസ് ബക്കര്‍

'മനിതര്‍പോല്‍ കടവുള്‍ക്കും ഒരു ടൈം ഇര്ക്ക്'; കുസൃതിച്ചിരിയോടെ അമ്മ പറഞ്ഞു; ഓര്‍മകളിലൂടെ വേണുഗോപാല്‍

ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന 'ആദ്യ വനിത'! ബാറ്റിൽ മായാ ചരിത്രമെഴുതി 'യസ്തിക ഭാട്ടിയ'!