ഫോട്ടോ: ട്വിറ്റർ 
Sports

വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ മധുര പ്രതികാരം; അനായാസ ജയത്തോടെ തുടക്കം

വിന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ മധുര പ്രതികാരം; അനായാസ ജയത്തോടെ തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് വെസ്റ്റിന്‍ഡീസിനോട് മധുര പ്രതികാരം ചെയ്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പില്‍ വിജയത്തുടക്കമിട്ടു. വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് 8.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറ് വിക്കറ്റിനാണ് ഇംഗ്ലീഷ് ജയം. 

ടോസ് നേടി ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങിന് വിടുകയായിരുന്നു. ടി20യിലെ കരുത്തരായ താരങ്ങളെല്ലാം കരീബിയന്‍ നിരയില്‍ അണിനിരന്നിട്ടും നിലവിലെ ചാമ്പ്യന്മാരുടെ പോരാട്ടം വെറും 55 റണ്‍സില്‍ അവസാനിച്ചു. 56 റണ്‍സ് ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ എത്തുകയും ചെയ്തു. 

24 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇയാന്‍ മോര്‍ഗന്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ജാസന്‍ റോയ് (11), ജോണി ബെയര്‍സ്‌റ്റോ (9), മൊയീന്‍ അലി (3), ലിയാം ലിവിങ്‌സ്റ്റന്‍ (1) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

വിന്‍ഡീസിന് ആശ്വസിക്കാന്‍ ഉജ്ജ്വല ക്യാച്ച് മാത്രം

ലിയാം ലിവിങ്‌സ്റ്റണിനെ പുറത്താക്കാന്‍ അകെല്‍ ഹൊസൈന്‍ മുഴുനീള ഡൈവ് ചെയ്ത് എടുത്ത ക്യാച്ച് മത്സരത്തിലെ ശ്രദ്ധേയ നിമിഷമായി. മത്സരത്തില്‍ വിന്‍ഡീസിന് ആശ്വസിക്കാനുള്ള ഏക കാര്യവും ഇതു തന്നെയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചതും അവര്‍ക്ക് അല്‍പ്പം ആശ്വസിക്കാവുന്ന കാര്യമാണ്. 

മത്സരത്തില്‍ ഹൊസൈന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ രവി രാംപോള്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ കൂറ്റനനടിക്കാരായ താരങ്ങളെല്ലാം ചേര്‍ന്നിട്ടും ബാറ്റിങ് പരമ ദയനീയമായി. വിന്‍ഡീസിന്റെ പോരാട്ടം വെറും 55 റണ്‍സില്‍ അവസാനിച്ചു. 

2.2 ഓവറില്‍ 2 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍

2.2 ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത ആദില്‍ റഷീദിന്റെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ വിന്‍ഡീസ് പട അടിതെറ്റി വീഴുകയായിരുന്നു. ഹാട്രിക്കിന്റെ വക്കില്‍ വരെയെത്തിയ താരം മാരകമായി പന്തെറിഞ്ഞു. 

13 റണ്‍സെടുത്ത വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് രണ്ടക്കം കടന്ന ഏക താരം. ഗെയ്ല്‍ 13 റണ്‍സെടുത്ത് മടങ്ങി. ലെന്‍ഡല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയീസ് (6), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (9), ഡ്വെയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന്‍ (1), ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്ര റസ്സല്‍ (പൂജ്യം), ഒബെഡ് മകോയ് (പൂജ്യം), രവി രാംപോള്‍ (മൂന്ന്) എന്നിവരെല്ലാം വന്നതും പോയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. ആറ് റണ്‍സുമായി അകെല്‍ ഹൊസൈന്‍ പുറത്താകാതെ നിന്നു. 

മാരകമായി പന്തെറിഞ്ഞ് ഇംഗ്ലീഷ് ബൗളര്‍മാര്‍

ടോസ് നേടി ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങിന് വിടുകയായിരുന്നു. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞ് ശരിവച്ചതോടെ വിന്‍ഡീസ് താരങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. 

ആദില്‍ റഷീദ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മൊയീന്‍ അലി, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT