സ്റ്റുട്ഗാട്ട്: സ്വന്തം നാട്ടിൽ അരങ്ങേറിയ യൂറോ കപ്പിൽ കിരീടം സ്വന്തമാക്കി ലോക ഫുട്ബോളിലേക്കും പ്രതാപ കാലത്തേക്കും മടങ്ങാമെന്ന ജർമനിയുടെ മോഹങ്ങൾ സ്പെയിൻ തടഞ്ഞു. യൂറോപ്യൻ ഹെവി വെയ്റ്റ് പോരാട്ടത്തിൽ ജർമനിയെ 2-1നു വീഴ്ത്തി സ്പെയിൻ സെമിയിലേക്ക് മുന്നേറി. പോർച്ചുഗലിനെ വീഴ്ത്തി എത്തുന്ന കരുത്തരായ ഫ്രാൻസാണ് സെമിയിൽ സ്പെയിനിന്റെ എതിരാളികൾ.
അധിയക സമയത്തേക്ക് നീണ്ട പോരാട്ടത്തിലാണ് സ്പെയിൻ വിജയിച്ചു കയറിയത്. നാടകീയതയും ആക്രമണ ഫുട്ബോളിന്റെ പുതു ഭാഷ്യങ്ങളും കണ്ട പോരാട്ടം കൊണ്ടും കൊടുത്തും മുന്നേറി. മത്സരം പലപ്പോഴും പരുക്കനാകുകയും ചെയ്തു. 13 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും മത്സരത്തിൽ റഫറി പുറത്തെടുത്തു. ജർമനിയുടെ എട്ട് താരങ്ങളും സ്പെയിനിന്റെ അഞ്ച് താരങ്ങളുമാണ് യെല്ലോ കണ്ടത്. അധിക സമയത്തിന്റെ അവസാന ഘട്ടത്തിൽ ഡാനി കാർവഹാലാണ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത്. ജർമൻ യുവ താരം ജമാൽ മുസിയാലയെ കഴുത്തിനു പിടിച്ചു വീഴ്ത്തിയതിനാണ് താരത്തിനു രണ്ടാം മഞ്ഞ കാർഡും കണ്ടു പുറത്തു പോകേണ്ടി വന്നത്.
വൻ ആക്രമണമാണ് തുടക്കം മുതൽ സ്പെയിൻ പുറത്തെടുത്തത്. പൊസഷൻ നിലനിർത്തിയുള്ള പ്രത്യാക്രമണമാണ് ജർമനി നടപ്പാക്കിയത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഡാനി ഓൽമോയിലൂടെ സ്പെയിൻ മുന്നിലെത്തി. നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ ഫ്ലോറിയൻ വിയെറ്റ്സിലൂടെ ജർമനി അവിശ്വസനീയമാം വിധം തിരിച്ചെത്തി സമനില പിടിച്ചതോടെ കളി അധിക സമയത്തേക്ക്. അധിക സമയം തീർന്നു മത്സരം പെനാൽറ്റിയിൽ നിർണയിക്കപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിൽ 119ാം മിനിറ്റിൽ പകരക്കാരനായി എത്തിയ മികേൽ മറിനോയുടെ ഗോൾ കളിയുടെ വിധി നിർണയിച്ചു. ജർമനിയുടേയും. ഓൽമോയുടെ ലീഡ് ഗോൾ 51ാം മിനിറ്റിലായിരുന്നു. 89ാം മിനിറ്റിലാണ് ജർമനിയുടെ സമനില ഗോൾ വന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കളിയുടെ തുടക്കം മുതൽ സ്പെയിൻ ആക്രമണം തുടങ്ങി. എന്നാൽ ജർമനി പതിയെയാണ് കളിയിലേക്ക് എത്തിയത്. പിന്നീട് ഇരു ഭാഗവും തുടരൻ ആക്രമണങ്ങൾ നടത്തി. ആദ്യ പകുതിയിൽ ജർമൻ ഗോൾ കീപ്പർ മാനുവൽ നൂയറും സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോണും ജാഗ്രതയോടെ നിന്നപ്പോൾ ഗോൾ വന്നില്ല. തുടക്കത്തിൽ തന്നെ ടോണി ക്രൂസിന്റെ ഫൗളിൽ നിർണായക താരങ്ങളിലൊരാളായ പെഡ്രിക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നത് സ്പെയിനിനെ ഒന്നു ഞെട്ടിച്ചു. പകരക്കാരനായി ഡാനി ഓൽമോ കളത്തിൽ.
തുടക്കത്തിൽ തന്നെ ഗോൾ ലക്ഷ്യമിട്ടു പെഡ്രി ഷോട്ടുതിർത്തിരുന്നു. നൂയർ അതു പ്രതിരോധിച്ചു. പിന്നാലെയാണ് താരം ഫൗളിനു വിധേയനായി പരിക്കേറ്റ് മടങ്ങിയത്.
മറുഭാഗത്ത് കയ് ഹവെർട്സിനു ലഭിച്ച അവസരവും മുതലാക്കാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാനത്തിൽ ഓൽമോയുടെ ഒരു ലോങ് ഷോട്ടും അതു റീബൗണ്ട് ചെയ്തു വന്നത് ഗോളാക്കാനുള്ള ക്യാപ്റ്റൻ ആൽവരോ മൊറാറ്റയുടെ ശ്രമവും വിജയിച്ചില്ല. 45ാം മിനിറ്റിൽ സ്പാനിഷ് കൗമാര താരം ലമിൻ യമാലിന്റെ ഷോട്ട് നൂയർ കൈയിലാക്കി. ഗോളില്ലാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിനും ജർമനിയും പകരക്കാരെ ഇറക്കി. സ്പെയിനിനായി നാച്ചോയും ജർമനിക്കായി ആൻറിച്, ഫ്ലോറിയൻ വിയെറ്റ്സ് എന്നിവർ കളത്തിലെത്തി. 48ാം മിനിറ്റിൽ മൊറാറ്റയുടെ ഗോൾ ശ്രമം ബാറിനു മുകളിലൂടെ പുറത്തേക്ക്. ഒടുവിൽ 51ാം മിനിറ്റിൽ സ്പെയിൻ മുന്നിലെത്തി. വലതു വിങിൽ നിന്നു ബോക്സിന്റെ അറ്റത്ത് മധ്യഭാഗത്തായി നിന്ന ഡാനി ഓൽമോയ്ക്ക് പാകത്തിൽ ലമിൻ യമാൽ ഒരു സുന്ദരൻ പാസ് നൽകി. നിമിഷ നേരം കൊണ്ടു താരം പന്ത് ഗതി മാറ്റി വലയിലേക്ക് പായിച്ചു. നൂയർ നിസഹായനായി.
ഗോൾ വഴങ്ങിയതോടെ ജർമനി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. തുടരൻ ആക്രമണങ്ങൾ സ്പാനിഷ് പ്രതിരോധം തടഞ്ഞു. കളി സ്പെയിനിന്റെ കൈയിലേക്കെന്നു തോന്നിച്ച ഘട്ടങ്ങൾ. 80ാം മിനിറ്റ് പിന്നിട്ടപ്പോൾ ജർമനി ഇതിഹാസ താരം തോമസ് മുള്ളറെ കളത്തിലിറക്കി. അതിനിടെ മുന്നേറ്റ താരം നിക്കലസ് ഫുൾക്രുഗിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. മുസിയാലയുടെ ഗോൾ ശ്രമം പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. പിന്നാലെ ഹവെർട്സിനു ഒരു സുവർണാവസരം മുന്നിൽ കിട്ടി. ഗോളി മാത്രം നിൽക്കെ ചിപ്പ് ചെയ്ത് പന്ത് വലയിലിടാനുള്ള താരത്തിന്റെ ശ്രമം വിജയിച്ചില്ല. പന്ത് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയത് ജർമനിയെ വലിയ നിരാശയിലേക്ക് വീഴ്ത്തി. തൊട്ടു പിന്നാലെ മറ്റൊരു ഹെഡ്ഡർ ശ്രമവും ഹവെർട്സിനു ലഭിച്ചും അതും താരം പാഴാക്കി.
സമനില ഗോളിനായി കളിയുടെ അവസാന ഘട്ടത്തിൽ തുടരൻ ആക്രമണങ്ങൾ നടത്തിയ ജർമനിക്ക് ഒടുവിൽ ഫലം കിട്ടി. ബോക്സിന്റെ വലത് കോർണറിൽ നിന്ന ജോഷ്വാ കിമ്മിച്ചിനു നീട്ടി കിട്ടിയ പന്ത് താരം സുന്ദരമായി ഹെഡ്ഡ് ചെയ്ത് നേരെ വിയെറ്റ്സിലേക്ക്. താരത്തിന്റെ ഷോട്ട് പ്രതിരോധക്കാരേയും ഗോൾ കീപ്പറേയും മറികടന്നു വലയിലേക്ക്. ജർമനിയുടെ തിരിച്ചു വരവ്.
അധിക സമയത്തിന്റെ തുടക്കം മുതൽ വിജയത്തിനായി ജർമനിയുടെ നിരന്തര ആക്രമണങ്ങൾ. വിയെറ്റ്സിനും ഫുൾക്രുഗിനുമെല്ലാം അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിൽ 119ാം മിനിറ്റിൽ മറിനോയുടെ ഗോൾ ജർമനി വിധി നിശ്ചയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates