കൊല്‍ക്കത്ത: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് അരങ്ങേറുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചിനെതിരെ വന്‍ വിമര്‍ശനവുമായി ആരാധകര്‍. സ്റ്റേഡിയത്തിനു നിരോധനം ഏര്‍പ്പെടുത്തണമെന്നു വരെ ചില ആരാധകര്‍ ആവശ്യപ്പെട്ടു. ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. രണ്ടാം ദിനമായ ഇന്നു മാത്രം ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും 16 വിക്കറ്റുകളാണ് നിലംപൊത്തിയത്. രണ്ട് ടീമുകള്‍ക്കും ഒന്നാം ഇന്നിങ്‌സില്‍ 200 കടക്കാനും സാധിച്ചില്ല.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക വന്‍ തകര്‍ച്ചയിലാണ് രണ്ടാം ദിനത്തില്‍ കളി അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 62 റണ്‍സ് ലീഡ്. കളി മിക്കവാറും മൂന്നാം ദിനമായ നാളെ തന്നെ അവസാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
അപ്രതീക്ഷിതമായ ബൗണ്‍സും ടേണുമെല്ലാം ചേര്‍ന്നു സമ്മിശ്രമായാണ് പിച്ച് പ്രതികരിച്ചത്. രണ്ട് ദിവസത്തില്‍ പേസര്‍മാരേയും സ്പിന്നര്‍മാരേയും പിച്ച് കൈയയച്ച് സഹായിച്ചപ്പോള്‍ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ നന്നേ പണിപ്പെട്ടു. മത്സരം തുടങ്ങും മുന്‍പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി മികച്ച മത്സരം ആരാധകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതിനെല്ലാം വിരുദ്ധമായ രീതിയിലാണ് മത്സരം പോയത്. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബാറ്റിങിനും ബൗളിങിനും ഒരുപോലെ സഹായകമാകുന്ന പിച്ച് എന്തുകൊണ്ടു ഒരുക്കിയില്ലെന്ന ചോദ്യമാണ് ആരാധകര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 0-3നു തോറ്റിട്ടും ഇന്ത്യ മാനേജ്‌മെന്റ് പാഠമൊന്നും പഠിച്ചിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates