വാഷിങ്ടൻ: ഓരോ ഫിഫ ലോകകപ്പ് കാലത്തും പന്തുകളും ആരാധകരുടെ സവിശേഷ ശ്രദ്ധയിലേക്ക് വരുന്ന കാര്യമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ചേരുവ കൂടിയാണ് ഓരോ ലോകകപ്പ് പന്തുകളും. ജബുലാനിയും ബ്രസൂക്കയുമൊക്കെ അതത് കാലത്തെ സാങ്കേതിക വിദ്യകളെ കൂടി ഉള്ളിൽ പേറിയവയാണ്. അഡിഡാസ് ഇറക്കുന്ന ഇത്തവണത്തെ പന്തിലും ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്. പന്തിന്റെ പേര് 'ട്രിയോണ്ട' എന്നാണ്.
ട്രിയോണ്ട പന്ത് മാത്രമല്ല. അത്യാധുനിക സാങ്കേതികവിദ്യകൾ അടങ്ങിയ ഒരു ഡിജിറ്റൽ ഉപകരണം കൂടിയാണെന്നു പറയാം. 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോളായ ട്രിയോണ്ട ഓരോ സെക്കൻഡിലും 500 തവണയാണ് ഡാറ്റ ശേഖരിക്കുന്നത്. ഏതൊരു സ്മാർട്ട് ഉപകരണത്തെയും പോലെ, ഈ പന്ത് കളിക്കളത്തിൽ ഇറക്കുന്നതിന് മുൻപ് ചാർജ് ചെയ്യേണ്ടതുണ്ട്!
പന്തിന്റെ പേരിന് പിന്നിൽ ഒരു സൗഹൃദത്തിന്റെ കഥയുണ്ട്. സ്പാനിഷ് ഭാഷയിൽ ട്രിയോണ്ട എന്നാൽ 'മൂന്ന് തരംഗങ്ങൾ' എന്നാണ് അർഥം. ഇത്തവണ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾക്കുള്ള ആദര സൂചകമായാണ് ഈ പേര് നൽകിയിരിക്കുന്നത്.
സാങ്കേതിക മികവ് ഒളിഞ്ഞിരിക്കുന്നത് പന്തിന്റെ ഉള്ളിലാണ്. ടെക്നോളജി മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അഡിഡാസ് ഈ പന്തിൽ വേഗ നിയന്ത്രണത്തിനുള്ള സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ സ്മാർട്ട് പന്തുകളിൽ സെൻസർ കൃത്യം നടുവിലായിരുന്നു ഘടിപ്പിച്ചിരുന്നതെങ്കിൽ, ട്രിയോണ്ടയിൽ ഇത് പന്തിനുള്ളിലെ ഒരു പ്രത്യേക പാളിയിൽ വശങ്ങളോടൊപ്പമാണ് ചേർത്തു വെച്ചിരിക്കുന്നത്. ഒരു സെക്കൻഡിൽ 500 തവണ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഈ സെൻസർ, പന്തിലുള്ള ഓരോ സ്പർശവും, അതിന്റെ വേഗതയും, കറക്കവും കൃത്യമായി രേഖപ്പെടുത്തുന്നു. പന്തിന്റെ ഹൃദയമിടിപ്പ് എന്നാണ് ഈ സെൻസറിനെ അഡിഡാസ് തന്നെ വിശേഷിപ്പിച്ചത്.
ഈ സെൻസർ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സിസ്റ്റത്തിലേക്ക് തത്സമയം കൃത്യമായ വിവരങ്ങൾ കൈമാറുന്നു. ഇത് ഓഫ്‌സൈഡ് പോലുള്ള നിർണായക തീരുമാനങ്ങൾ എടുക്കാൻ മാച്ച് ഒഫീഷ്യലുകളെ കുറ്റമറ്റ രീതിയിലും അതിവേഗത്തിലും സഹായിക്കും. പന്തിലെ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് റഫറിമാർക്ക് തന്നെയാണ്. ഉദാഹരണത്തിന്, ഒരു ഹാൻഡ്‌ബോൾ അല്ലെങ്കിൽ ഓഫ്‌സൈഡ് ലൈൻ വരയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പന്തിലെ താരങ്ങളുടെ ടച്ച് തന്നെ സഹായിക്കും. പണ്ട് റിപ്ലേകൾ നോക്കിയും റഫറിയുടെ യുക്തിക്കും അനുസരിച്ചായിരുന്നു തീരുമാനിച്ചിരുന്നത്. ട്രിയോണ്ടയിൽ സ്പർശം വരുന്ന ഓരോ മില്ലി സെക്കൻഡിലും വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. സെമി- ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സിസ്റ്റത്തിന് ആവശ്യമായ കൃത്യമായ വിവരങ്ങൾ നൽകാനും പന്തിലെ സാങ്കേതിക വിദ്യ ഓഫീഷ്യലുകളെ സഹായിക്കുന്നു.
ഉള്ളിലെ സാങ്കേതിക വിദ്യക്കൊപ്പം പുറത്തെ ഭാഗത്തും അഡിഡാസ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത്തവണ പുനർ രൂപകൽപ്പന ചെയ്താണ് അവർ പന്ത് ഇറക്കിയിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വേണ്ട തരത്തിലുള്ള പ്രത്യേക മൈക്രോ ടെക്സചറാണ് പന്തിനു നൽകിയിട്ടുള്ളത്. വ്യത്യസ്ത കാലാവസ്ഥകളിൽ മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുന്ന പോരാട്ടത്തിനു അതതു കാലാവസ്ഥയ്ക്കനുസരിച്ച് പന്ത് പ്രവർത്തിക്കും. മോണ്ടെറിയയിലെ ഈർപ്പമുള്ള കാലാവസ്ഥയിലും വാൻകൂവറിലെ ശക്തമായ കാറ്റിലും പന്തിന്റെ സഞ്ചാരം ഒരേ രീതിയിൽ തന്നെയാകും.
ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന പന്തുകളാണ് ഇത്തവണത്തേത്. കളിയുടെ ഇടയ്ക്കു വച്ച് പന്തിലെ ചാർജ് തീർന്നാൽ പ്രശ്നമാണ്. അതിനാൽ ഫുൾ ചാർജിലുള്ള നിരവധി പന്തുകൾ മൈതാനത്തിനരികെയുണ്ടാകും. അതായത് നമ്മുടെ മൊബൈലും ടാബ്‍ലറ്റും പോലെ ഒരു ഇലക്ട്രോണിക് ഉപകരണമായി ഫുട്ബോളും മാറി. വെറും ലെതറും വായുവും മാത്രമായിരുന്ന ഫുട്ബോളിന്റെ ആ പഴയ റൊമാന്റിക് കാലം കഴിഞ്ഞെന്നു ചുരുക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates