വാഷിങ്ടൻ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം നിൽക്കെ കപ്പ് ആർക്കെന്ന ചർച്ചകളിലാണ് ആരാധകർ. അർജന്റീന കപ്പ് നിലനിർത്തുമെന്നും അതല്ല ഫ്രാൻസ് നേടുമെന്നും ഇത്തവണ പോർച്ചുഗൽ സ്വന്തമാക്കുമെന്നുമൊക്കെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ജർമനി, ബ്രസീൽ, സ്പെയിൻ ടീമുകൾക്കും സാധ്യത നൽകുന്നവരുണ്ട്. എന്നാൽ ജർമനിയിൽ നിന്നുള്ള ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് അമ്പരപ്പിക്കുന്ന പ്രവചനമാണ് നടത്തിയത്.
ആരാണ് ജോക്കിം ക്ലെമന്റ് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. 2014ൽ ജർമനി ലോകകപ്പ് നേടുമെന്നും 2018ൽ ഫ്രാൻസ് ലോക ചാംപ്യൻമാരാകുമെന്നും 2022ൽ അർജന്റീന കനകക്കപ്പ് സ്വന്തമാക്കുമെന്നും കൃത്യമായി പ്രവചിച്ച് ലോകത്തെ അമ്പരപ്പിച്ച ഗണിത ശാസ്ത്രജ്ഞാനാണ് ക്ലെമന്റ്.
2026ൽ നെതർലൻഡ്സ് ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയർത്തുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ജൂലൈ 19ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഓറഞ്ച് പട ട്രോഫി ഉയർത്തുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഈ ലോകകപ്പിൽ നെതർലൻഡ്സ് കറുത്ത കുതിരകളാകുമെന്ന് പല ഫുട്ബോൾ വിദഗ്ധരും പ്രവചിക്കുന്നതിനിടെയാണ് ക്ലെമന്റിന്റെ ശ്രദ്ധേയ നിരീക്ഷണങ്ങൾ.
ലോകകപ്പ് പ്രവചനത്തിന്റെ കാര്യത്തിൽ ക്ലെമന്റിന്റെ ട്രാക്ക് റെക്കോർഡ് ഫുട്ബോൾ ലോകത്ത് അദ്ദേഹത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. തെക്കേ അമേരിക്കൻ മണ്ണിൽ ഒരു യൂറോപ്യൻ രാജ്യത്തിനും വിജയിക്കാനാകില്ലെന്ന വ്യാപകമായ വിശ്വാസത്തെ കാറ്റിൽപ്പറത്തി 2014ൽ ബ്രസീലിൽ തന്റെ സ്വന്തം നാടായ ജർമ്മനി ലോകകപ്പ് ജയിക്കുമെന്ന് വിജയകരമായി പ്രവചിച്ചതോടെയാണ് ഈ ജർമ്മൻകാരൻ ആദ്യം ശ്രദ്ധേയനാകുന്നത്. തുടർന്ന് 2018ൽ റഷ്യയിൽ ഫ്രാൻസിന്റെ വിജയവും നാല് വർഷത്തിന് ശേഷം ഖത്തറിൽ ലയണൽ മെസിയുടെ അർജന്റീനയുടെ വിജയവും അദ്ദേഹം കൃത്യമായി പ്രവചിച്ചു.
കറക്കിക്കുത്ത് അല്ല
ക്ലെമന്റിന്റെ പ്രവചനങ്ങൾ അന്ധവിശ്വാസപരമായോ അല്ലെങ്കിൽ ഏതെങ്കിലും പക്ഷി, മൃഗങ്ങളെ വച്ചുള്ള പ്രവചനമോ അല്ല. ക്ലെമന്റിന്റെ രീതിശാസ്ത്രം ഫുട്ബോൾ ഫലങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം നിരവധി വ്യത്യസ്ത ഘടകങ്ങളെ കൂട്ടിച്ചേർക്കുന്നു. അതിലൊരു പ്രധാന ഘടകം പ്രതിശീർഷ ജിഡിപി ആണ്. പ്രതിശീർഷ വരുമാനം ഒരു രാജ്യത്ത് ലഭ്യമായ കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജനസംഖ്യയുടെ വലിപ്പം, ഓരോ രാജ്യത്തെയും ഫുട്ബോളിന്റെ സാംസ്കാരിക പ്രാധാന്യം, ലോക റാങ്കിങിൽ ടീമിന്റെ സ്ഥാനം എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ട് നെതർലൻഡ്സ്
ഇത്തവണ ക്ലെമന്റിന്റെ മാതൃക വിരൽ ചൂണ്ടുന്നത് നെതർലൻഡ്‌സിന്റെ ചരിത്രപരമായ ഒരു മുന്നേറ്റത്തിലേക്കാണ്. മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടും കിരീടം നേടാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് ഡച്ചുകാരാണ്. റൊണാൾഡ് കൂമാന്റെ ഓറഞ്ച് സംഘം ഇത്തവണ ചരിത്രം തിരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
സെമി ഫൈനലിൽ നെതർലൻഡ്‌സ് സ്പെയിനെ പരാജയപ്പെടുത്തും. ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ മറികടന്ന് ചരിത്രത്തിലാദ്യമായി ലോക ചാംപ്യൻമാരാകും. മറ്റൊരു സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പുറത്താക്കിയാവും പോർച്ചുഗൽ ഫൈനലിലെത്തുക എന്നും ഈ പ്രവചനം വ്യക്തമാക്കുന്നു. അതായത് തോമസ് ടുക്കലിന്റെ ടീം ഫുട്ബോളിലെ ഏറ്റവും വലിയ വേദിക്ക് തൊട്ടരികിൽ വീണ്ടും വീണു പോകുമെന്ന് അർത്ഥം.
ഈ ഘടകങ്ങളെല്ലാം ഉണ്ടെങ്കിലും ഇതിൽ മറ്റൊരു ഘടകം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്ലെമന്റ് എളുപ്പത്തിൽ സമ്മതിക്കുന്നു. ഭാഗ്യം. തന്റെ മാതൃകയെ ഫൈനലിലേക്കുള്ള ഒരു ഉറപ്പായ വഴികാട്ടിയായി കാണരുതെന്നും ഈ ഗണിതശാസ്ത്രജ്ഞൻ ആവർത്തിച്ച് ഊന്നിപ്പറയുന്നു.
'സത്യത്തിൽ എന്റെ പ്രവചനവും പൂർണമായും യുക്തിരഹിതമാണ്. ഇത് ലോട്ടറി കളിക്കുന്നത് പോലെയാണ്. അടുത്ത ലോക ചാംപ്യൻ ആരാകുമെന്ന എന്റെ പ്രവചനത്തെ അടിസ്ഥാനമാക്കി ആരെങ്കിലും ബെറ്റ് വെക്കുന്നുണ്ടെങ്കിൽ, അവരെ രക്ഷിക്കാൻ എനിക്കു പോലും സാധിക്കില്ല എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്.'
'ഒരു നാണയം ടോസ് ചെയ്യുന്നത് പോലെയാണ് ഇത്. നാണയം ടെയ്ലിനു പകരം തുടർച്ചയായി നാല് തവണ ഹെഡ്സിലും വീഴുമെന്ന് നിങ്ങൾ പ്രവചിച്ചേക്കാം. അത് സംഭവിക്കുകയും ചെയ്തേക്കാം. എന്നാൽ അടുത്ത തവണയും അത് സാധ്യമാകുമെന്ന് അതിനർഥമില്ല. ബ്രസീലിൽ ജർമ്മനി ലോക ചാംപ്യന്മാരായപ്പോൾ ആദ്യമായി ഞാൻ ഭയന്നുപോയി. കാരണം യൂറോപ്യൻ ടീമുകളൊന്നും തെക്കേ അമേരിക്കയിൽ ലോകകപ്പ് നേടിയിട്ടില്ലെന്ന് എല്ലാ വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു'- അദ്ദേഹം വ്യക്തമാക്കുന്നു.
കൂമാന്റെ സ്ക്വാഡ് പരിചയ സമ്പത്തും കളി മിടുക്കും ഒത്തിണങ്ങിയതാണ്. പ്രതിരോധം നയിക്കാൻ ക്യാപ്റ്റൻ വിർജിൽ വാൻഡെയ്ക് ഉള്ളപ്പോൾ, ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ് ടീമിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിലൊരാളായി തുടരുന്നു. എക്കാലത്തെയും മികച്ച ടോപ്പ് സ്കോററായ മെംഫിസ് ഡിപായ് ഉൾപ്പെടെ സമീപ വർഷങ്ങളിൽ ഉയർന്ന തലത്തിൽ മികച്ച പരിചയം നേടിയ ഒരു കൂട്ടം കളിക്കാരിലൂടെ മികവ് അടയാളപ്പെടുത്തിയ ആക്രമണ ശക്തിയും ഡച്ചുകാർക്കുണ്ട്. ജൂൺ 14ന് ജപ്പാനെതിരെയാണ് അവരുടെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്. ഗ്രൂപ്പ് എഫിൽ സ്വീഡൻ, ടുണീഷ്യ എന്നിവർക്കെതിരെയും മത്സരങ്ങളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates