ഐതിഹാസികമായ തന്റെ ഫുട്ബോൾ കരിയറിൽ ഇന്നു വരെ അർജന്റീന മാന്ത്രിക ലയണൽ മെസി ഇംഗ്ലണ്ടുമായി ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിട്ടില്ല! ആ നീണ്ട കാലത്തിനു ബുധനാഴ്ച രാത്രി ഫിഫ ലോകകപ്പ് സെമിയിൽ വിരാമം ആകുകയാണ്. ഇംഗ്ലണ്ടും അർജന്റീനയും ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഫുട്ബോൾ ലോകം ഒരിക്കലും മറക്കാത്ത രണ്ട് ടീമുകളുടെ നേർക്കുനേർ പോരാട്ടത്തിന്റെ ആവർത്തനം കൂടിയാണത്. ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധി നേടിയ വിവാദ ഗോളും ഏറ്റവും മഹത്തായ ഗോളും പിറന്നത് ഒരു ഇംഗ്ലണ്ട്- അർജന്റീന ലോകകപ്പ് പോരാട്ടത്തിലാണ്.
ഇതിഹാസ അർജന്റീന താരം ഡീഗോ മറഡോണ 1986ൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് 'ദൈവത്തിന്റെ കൈ ഗോളും' ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് മുന്നേറി 'നൂറ്റാണ്ടിലെ ഗോളും' നേടി ഫുട്ബോൾ ലോകത്തെ രണ്ടായി പകുത്തത്. ഒറ്റ കളിയിൽ കുപ്രസിദ്ധിയും പ്രസിദ്ധിയും ഉള്ള ഗോളുകൾ ചരിത്രത്തിൽ മറ്റൊരാൾക്ക് അവകാശപ്പെടാൻ ഉണ്ടാകില്ല. ഇംഗ്ലണ്ടുകാർക്ക് ഇപ്പോഴും ആ മത്സരം ചതിച്ചു നേടിയ ജയം തന്നെയാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകം നിരന്തരം ശ്രമിക്കുന്നത് മറ്റൊരു ദൈവത്തിന്റെ കൈ ഗോൾ (ഹാൻഡ് ഓഫ് ഗോഡ്) ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനാണ്. ഇന്നത്തെ എല്ലാ പ്രധാന ടൂർണമെന്റുകളും അത്യാധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ്. എണ്ണമറ്റ കാമറകൾ, റഫറിയുടെ കാതുകളിൽ എപ്പോഴും നിർദ്ദേശങ്ങൾ നൽകുന്ന വാർ, ഗോൾ ലൈൻ സാങ്കേതികവിദ്യ, ഓഫ്‌സൈഡുകൾ കൃത്യമായി കണ്ടെത്തുന്ന സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സംവിധാനം എന്നിവയെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. 1986ൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയതു പോലൊരു ഹാൻഡ്‌ബോൾ ഗോൾ ഇന്ന് സംഭവിച്ചാൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ അതിന്റെ ആദ്യ റീപ്ലേ തെളിയുന്നതിന് മുൻപ് തന്നെ അത് റദ്ദാക്കപ്പെടുമെന്നത് ഉറപ്പാണ്.
കളിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ഈ സാങ്കേതിക മുന്നേറ്റങ്ങൾക്കൊന്നും തന്നെ ആ ചരിത്ര നിമിഷത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. മറിച്ച് അവ ആ നിമിഷത്തെ കൂടുതൽ അവിശ്വസനീയമാക്കി മാറ്റുകയാണ് ചെയ്തത്. ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷവും ഫുട്ബോളിലെ ഈ വമ്പൻമാർ നേർക്കുനേർ വരുമ്പോഴൊക്കെ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ചർച്ചകളെ നിയന്ത്രിക്കുന്നത് 'ഹാൻഡ് ഓഫ് ഗോഡ്' തന്നെയാണ്.
മായാത്ത ഓർമകൾ
സാങ്കേതികവിദ്യ ഇന്ന് കളിക്കളത്തെ പൂർണമായും മാറ്റിമറിച്ചിരിക്കുന്നു. ഇന്നത്തെ റഫറിമാർക്ക് സഹായിയായി വാർ, ഗോൾ ലൈൻ ടെക്നോളജി, സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് എന്നിവയുണ്ട്. മറഡോണയുടേത് പോലൊരു ഗോൾ ഇന്ന് അത്ര എളുപ്പത്തിൽ അനുവദിക്കപ്പെടില്ല. സെക്കൻഡുകൾക്കുള്ളിൽ റീപ്ലേകൾ പരിശോധിച്ച് ആ ഗോൾ റദ്ദാക്കപ്പെടും.
എന്നാൽ സാങ്കേതികവിദ്യ പ്രശ്നത്തിന്റെ ഒരു വശം മാത്രമേ പരിഹരിച്ചിട്ടുള്ളൂ. ഈ ലോകകപ്പിലും നിരവധി റഫറിയിങ് തർക്കങ്ങൾ നാം കണ്ടുകഴിഞ്ഞു. റൗണ്ട് ഓഫ് 16 ൽ ഈജിപ്തിനെതിരെയുള്ള അർജന്റീനയുടെ മത്സരത്തിൽ മുസ്തഫ സിക്കോയുടെ ഗോൾ വാർ റദ്ദാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായി. സാങ്കേതികവിദ്യ തർക്കങ്ങൾ ഇല്ലാതാക്കിയിട്ടില്ല മറിച്ച് ചർച്ചകൾക്ക് പുതിയ കോണുകൾ നൽകിയിട്ടേയുള്ളൂ.
വീറും വാശിയും തീക്ഷ്ണതയും വൈരത്തിന്റെ തുടർച്ചകളും
ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള പോരാട്ടങ്ങൾക്ക് എല്ലായ്പ്പോഴും ഒരു കായിക മത്സരത്തിനപ്പുറമുള്ള പ്രാധാന്യമുണ്ട്. 1982ലെ ഫാൽക്ക്‌ലാൻഡ് യുദ്ധത്തിന്റെ മുറിവുകൾ 1986ലെ മത്സരത്തെ ശക്തമായി സ്വാധീനിച്ചിരുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നത് ഒരു രാജ്യത്തെ പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് മറഡോണ തന്റെ ആത്മകഥയിൽ എഴുതിയത്.
1966 ലോകകപ്പിൽ അന്റോണിയോ റാറ്റിന്റെ ചുവപ്പ് കാർഡ് വിവാദം (ഇതാണ് ഫുട്ബോളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ വരാൻ കാരണമായത്). 1998 ലോകകപ്പിൽ മൈക്കൽ ഓവന്റെ തകർപ്പൻ സോളോ ഗോളും ഡേവിഡ് ബെക്കാമിന്റെ ചുവപ്പ് കാർഡും. 2002 ലോകകപ്പിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി ബെക്കാം ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച നിമിഷം... ചരിത്രത്തിൽ ഒട്ടേറെയുണ്ട് ഇംഗ്ലണ്ട്- അർജന്റീന കളിയുടെ അവിസ്മരണീയ ചിത്രങ്ങൾ.
ഈ രണ്ട് രാജ്യങ്ങളും ലോകകപ്പിൽ ഇതുവരെ അഞ്ച് തവണയാണ് ഏറ്റുമുട്ടിയത്. അതിൽ ഇരു വിഭാഗവും രണ്ട് വീതം മത്സരങ്ങൾ വിജയിക്കുകയും ഒരു മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.
മെസിയും തലമുറയും
ആദ്യമായി ലയണൽ മെസി ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഈ ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകൾ നേടിയ 39 കാരനായ മെസി തന്നെയാണ് അർജന്റീനയുടെ പ്രധാന കരുത്ത്. മറഡോണയ്ക്കു ശേഷം ആര് എന്ന ചോദ്യത്തിനു ഫുട്ബോൾ ലോകത്തിനു കിട്ടിയ ഉത്തരമാണ് മെസി. ഇംഗ്ലണ്ടുമായി കളിക്കാനിറങ്ങുമ്പോൾ ചരിത്രത്തിലേക്ക് അമരത്വം നേടാനുള്ള ഒരു ഗോൾ ആ ബൂട്ടിൽ നിന്നു പിറക്കുമോ എന്ന ആകാംക്ഷ ബാക്കിയുണ്ട്.
മറുഭാഗത്ത് ഇംഗ്ലണ്ടിനായി ഹാരി കെയ്നും ജൂഡ് ബെല്ലിംങ്ഹാമും ആറ് ഗോളുകൾ വീതം നേടി മികച്ച ഫോമിലാണ്. 1966ന് ശേഷം ആദ്യമായി ഒരു ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
പുതിയ ചരിത്രങ്ങൾ എഴുതപ്പെടുമ്പോഴും ഭൂതകാലത്തിന്റെ നിഴലുകൾ ഈ മത്സരത്തിന് മേൽ വീണുകിടക്കുന്നുണ്ട്. സാങ്കേതികവിദ്യ എത്ര വളർന്നാലും, 'ദൈവത്തിന്റെ കൈ' ഓർമ എന്നും ഫുട്ബോൾ പ്രേമികളുടെ മനസിൽ സജീവമായി നിൽക്കും. കാരണം അത് വെറുമൊരു ഗോൾ അല്ല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സർഗാത്മകമായൊരു നിമിഷമാണ്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates