Argentina fans burn England flags 
Fifa World Cup 2026

'ഇം​ഗ്ലണ്ട് പതാക' തെരുവിലിട്ട് 'കത്തിച്ചും തുപ്പിയും ചവിട്ടിത്തേച്ചും' അർജന്റീന ആരാധകരുടെ 'പേക്കൂത്ത്'; തീയാളും വിവാദം!

'ഫോക്‌ലാന്‍ഡിൽ' ഫുട്ബോൾ മൈതാനത്തും പുറത്തും രാഷ്ട്രീയ പോര്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ അർജന്റീനയുടെ വിജയം ബ്യൂണസ് അയേഴ്സിൽ വൻ ആഘോഷങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ അതിനിടെ ചില ആരാധകരുടെ മോശം പെരുമാറ്റം വൻ വിവാദത്തിനും കാരണമായി. ആഘോഷങ്ങൾക്കിടെ ഇംഗ്ലണ്ടിന്റെ തെരുവിലിട്ട് കത്തിക്കുകയും പതാക റോഡിലിട്ട് ആൾക്കൂട്ടം അതിൻമേലേക്ക് ഇരച്ചു കയറി ചവിട്ടിത്തേക്കുകയും തുപ്പുകയും സെന്റ് ജോർജ്ജ് ക്രോസ് വരച്ച ശവപ്പെട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തതാണ് വിവാദങ്ങൾ ആളിക്കത്തിച്ചത്.

'ഫോക്‌ലാന്‍ഡ്' യുദ്ധവുമായി ബന്ധപ്പെട്ട ആക്ഷേപഹാസ്യ ഗാനങ്ങൾ പാടിയും ഫോക്‌ലാന്‍ഡ് തീം അടങ്ങിയ പതാകകൾ ഏന്തിയുമാണ് ആരാധകർ തെരുവിലിറങ്ങി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അർജന്റീനയിലെ ഉഷുവയയിലുള്ള ഫോക്‌ലാന്‍ഡ് യുദ്ധ രക്തസാക്ഷികളുടെ സ്മാരകത്തിന് മുന്നിലും ആയിരക്കണക്കിന് ആരാധകർ വിജയം ആഘോഷിക്കാൻ തടിച്ചുകൂടിയിരുന്നു.

മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയപരമായ വാക്പോരുകൾ നടന്നിരുന്നു. അർജന്റീനയുടെ വൈസ് പ്രസിഡന്റ് ഇംഗ്ലണ്ടിനെ- 'ഭൂമി കൈയേറിയ കടൽക്കൊള്ളക്കാർ'- എന്നാണ് വിളിച്ചത്. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഫോക്‌ലാന്‍ഡ് ദ്വീപിന്മേലുള്ള തങ്ങളുടെ അവകാശം വീണ്ടും ആവർത്തിച്ചു. 'ഫോക്‌ലാന്‍ഡ് ദ്വീപുകൾ അർജന്റീനയുടെ കൈകളിൽ തിരികെ എത്തിക്കാൻ മനുഷ്യ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്. പരമാധികാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല'- എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ 2-1 ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് ശേഷം അർജന്റീന താരങ്ങൾ മൈതാനത്ത് വച്ച് വലിയൊരു ബാനറുമായാണ് വിജയം ആഘോഷിച്ചത്. കളിക്ക് ശേഷം നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും ഡിഫെന്‍ഡര്‍ നിക്കോളാസ് ഒ‍ഡാമെന്‍ഡിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗാലറിയില്‍ നിന്ന് ആരാധകര്‍ നല്‍കിയ ഒരു ബാനര്‍ കൈയിലെടുത്തത്. അര്‍ജന്റീനന്‍ ഭാഷയില്‍ 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്ന് എഴുതിയ ബാനറാണ് താരങ്ങള്‍ ഉയര്‍ത്തിയത്. 'ഫോക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്നാണ് ഇതിന്റെ അര്‍ഥം. ലോ സെല്‍സോ ഈ ബാനര്‍ പിന്നീട് ഗ്രൗണ്ടില്‍ വിരിച്ചിടുകയും ചെയ്തു.

താരങ്ങളുടെ നടപടിയും വിവാദത്തിലായിട്ടുണ്ട്. ഇതിനെതിരെ ഫിഫ കർശന നടപടികൾ സ്വീകരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്. നേരത്തെ 2014ൽ ഒരു സൗഹൃദ മത്സരത്തിന് മുൻപ് സമാനമായ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീനയ്ക്ക് ഫിഫ പിഴ ചുമത്തിയിരുന്നു. മൈതാനത്ത് രാഷ്ട്രീയ ബാനറുകൾ പ്രദർശിപ്പിക്കുന്നത് ഫിഫയുടെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ അർജന്റീന കളിക്കാരുടെ ഈ ആഘോഷത്തെക്കുറിച്ച് ഫിഫ വീണ്ടും അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മത്സരത്തിൽ ആദ്യം പിന്നിലായതിന് ശേഷം ലയണൽ മെസിയുടെ രണ്ട് മനോഹരമായ അസിസ്റ്റുകളുടെ കരുത്തിലാണ് നിലവിലെ ചാംപ്യന്മാരായ അർജന്റീന ഫൈനലിൽ പ്രവേശിച്ചതും ഇംഗ്ലണ്ടിനെ പുറത്താക്കിയതും. മത്സര ശേഷം മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡെസും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. 'ഫോക്‌ലാന്‍ഡ് ദ്വീപുകൾ എപ്പോഴും അർജന്റീനയുടേത് മാത്രമായിരിക്കും'- എന്ന് അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനയും യുകെയും (ബ്രിട്ടന്‍) തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കമാണ് ഫോക്‌ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം. 1982ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഈ ദ്വീപിനായി 74 ദിവസം നീണ്ടുനിന്ന യുദ്ധം തന്നെ നടന്നിട്ടുണ്ട്. നൂറുകണക്കിന് സൈനികര്‍ കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ ബ്രിട്ടനാണ് ദ്വീപിന്റെ നിയന്ത്രണം നിലനിര്‍ത്തിയത്. എങ്കിലും ഈ പ്രദേശം തങ്ങളുടേതാണെന്ന് അര്‍ജന്റീന ഇന്നും വാദിക്കുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി വെറുമൊരു ഫുട്‌ബോള്‍ മത്സരം മാത്രമല്ലാതായി മാറാറുണ്ട്.

Argentina's victory over England in the 2026 FIFA World Cup semi-final sparked massive celebrations across Buenos Aires, but some Argentina fans drew criticism after burning England flags and displaying coffins decorated with the St George’s Cross

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതചടങ്ങുകളില്‍ യൂണിഫോം വേണ്ട'; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

ഹജ്ജ് അപേക്ഷ തീയതി നീട്ടണം; കോഴിക്കോട് വലിയ വിമാനങ്ങള്‍ അനുവദിക്കണം; മന്ത്രി എന്‍ ഷംസുദ്ദീന്‍

വൈദ്യുതി ക്ഷാമം കുറയ്ക്കാന്‍ നീക്കം; 'മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കെഎസ്‌യുക്കാരെ തല്ലുന്നവരെ ന്യായീകരിക്കാന്‍ എന്റെ നാവ് പൊന്തില്ല; വിഡി സതീശനെതിരെ ഒളിയമ്പുമായി ജിന്റോ ജോണ്‍

കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി; രോഹിത് 26ല്‍ പുറത്ത്