മെക്സിക്കോ സിറ്റി: ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഓർമകൾ പേറുന്ന അസ്റ്റെക്ക സ്റ്റേഡിയത്തിൽ മറ്റൊരു ഫിഫ ലോകകപ്പ് പോരിനിറങ്ങിയ ഇംഗ്ലണ്ട് മെക്സിക്കോയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ക്വാർട്ടറിലേക്ക് മുന്നേറി. മഴയും കനത്ത ഇടിമിന്നലും കാരണം വൈകി തുടങ്ങിയ പോരാട്ടത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാറൽ ക്വാൻസ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ 10 പേരുമായാണ് പിന്നീട് ഇംഗ്ലണ്ട് കളിച്ചത്. കടുത്ത ആക്രമണവുമായി ഇരമ്പിയാർത്തു കളിച്ച മെക്സിക്കോയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് പത്ത് പേരെ വച്ചാണ് പ്രതിരോധം തീർത്തത്.
കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ കടുത്ത ആക്രമണം അഴിച്ചുവിട്ടാണ് മെക്സിക്കോ കളിച്ചത്. ഇംഗ്ലണ്ടാകട്ടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കൗണ്ടർ അറ്റാക്കുകൾ നടത്താനാണ് നോക്കിയത്. കളിക്ക് വിപരീതമയാണ് തുടക്കത്തിൽ സ്കോർ പിറന്നത്. രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി ഇംഗ്ലണ്ട് മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോൾ മടക്കാൻ മെക്സിക്കോയ്ക്കും സാധിച്ചു. ആറ് മിനിറ്റിനിടെ മത്സരത്തിൽ മൂന്ന് ഗോളുകളാണ് പിറന്നത്.
കളിയുടെ 36ാം മിനിറ്റിലും 38ാം മിനിറ്റിലുമാണ് ഇംഗ്ലണ്ടിന്റെ ഗോളെത്തിയത്. മത്സരത്തിൽ മെക്സിക്കോ ആധിപത്യം പുലർത്തുന്നതിനിടെ തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ ഗോൾ. ഡെക്ലൻ റൈസ് വലതു വശത്തുകൂടി നടത്തിയ അതിവേഗ മുന്നേറ്റത്തിനൊടുവിൽ പന്ത് ബുക്കായോ സകയ്ക്ക് നൽകി. സക ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് കൃത്യസമയത്ത് ഓടിയെത്തിയ ബെല്ലിങ്ഹാം ഹെഡ്ഡറിലൂടെ മെക്സിക്കൻ ഗോൾകീപ്പർ റൗൾ റംഗേലിനെ മറികടന്ന് വലയിലെത്തിച്ചു.
ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപുതന്നെ മെക്സിക്കോയ്ക്ക് അടുത്ത പ്രഹരം കിട്ടി. 2 മിനിറ്റിനുള്ളിൽ ബെല്ലിങ്ഹാം തന്റെ രണ്ടാം ഗോളും നേടി. ഇത്തവണ ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ വകയായിരുന്നു അസിസ്റ്റ്. കെയ്ൻ നൽകിയ പാസ് സ്വീകരിച്ച് ഗോൾ പോസ്റ്റിന് തൊട്ടടുത്തു നിന്ന് ബെല്ലിങ്ഹാം പന്ത് വലയുടെ ടോപ്പ് ലെഫ്റ്റ് കോർണറിലേക്ക് അടിച്ചുകയറ്റി.
എന്നാൽ 2 ഗോൾ വഴങ്ങിയിട്ടും മെക്സിക്കോ ആക്രമണം നിർത്തിയില്ല. രണ്ടു മിനിറ്റിനുള്ളിൽ മെക്സിക്കോ മറുപടിയായി തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. റോബർട്ടോ അൽവരാഡോ എടുത്ത ഫ്രീ കിക്ക് ഇംഗ്ലണ്ട് ബോക്സിലേക്ക് ഉയർന്നു വന്നു. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് നേരെ ക്വിനോനസിന്റെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ ബോക്സിന്റെ നടുവിൽ നിന്ന് ക്വിനോനസ് തൊടുത്ത തകർപ്പൻ വോളി ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന് മുകളിലൂടെ വലയുടെ മധ്യഭാഗത്തേക്ക് തുളഞ്ഞു കയറി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടും ആക്രമണം കടുപ്പിച്ചു. നിരവധി അവസരങ്ങൾ അവർ തുറന്നെടുത്തു. 54ാം മിനിറ്റ് മുതലാണ് ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങിയത്. 60ാം മിനിറ്റിൽ ആന്റണി ഗോർഡനെ ബോക്സിൽ വീഴ്ത്തിയതിനു ഇംഗ്ലണ്ടിനു അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ഹാരി കെയ്ൻ പന്ത് വലയിൽ കൃത്യമായി നിക്ഷേപിച്ചു. ഇംഗ്ലണ്ട് 3-1ന് മുന്നിൽ. 69ാം മിനിറ്റിൽ കെയ്ൻ വരുത്തിയ ഫൗളിൽ വാർ പരിശോധനയ്ക്കു ശേഷം മെക്സിക്കോയ്ക്കും അനുകൂലമായി പെനാൽറ്റി കിട്ടി. റൗൾ ഹിമനെസ് പന്ത് ലക്ഷ്യം തെറ്റാതെ അടിച്ചതോടെ മെക്സിക്കോ ഇംഗ്ലണ്ടിന്റെ വിഡ് വീണ്ടും കുറച്ചു. പിന്നീട് മെക്സിക്കോ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ഒറ്റ ഗോൾ മുൻതൂക്കം വിടാതെ കാത്തു. ക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ചെത്തിയ നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.