ന്യൂയോർക്ക്: ഗോളടി യന്ത്രം എർലിങ് ഹാളണ്ടിന്റെ ചിറകിലേറി ഫിഫ ലോകകപ്പിൽ നോർവേ നടത്തുന്ന അത്ഭുത കുതിപ്പ് ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങൾ കടന്ന് ഡിജിറ്റൽ ലോകത്തും തരംഗം. നോർവേയുടെ പ്രശസ്തമായ 'വൈക്കിങ് റോ' ആഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും രംഗത്തെത്തി. തന്റെ പേര് ഗൂഗിളിൽ തിരയാൻ ആരാധകരോട് ആവശ്യപ്പെട്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായത്.
ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഹാളണ്ട് എക്സിൽ ലളിതമായ സന്ദേശം പങ്കുവെച്ചു- 'ഇന്ന് ഒരു കാര്യം ചെയ്യാനുണ്ട്... ഗൂഗിളിൽ എന്റെ പേര് തിരയുക'- എന്നായിരുന്നു ഹാളണ്ടിന്റെ കുറിപ്പ്. പിന്നാലെയാണ് ആരാധകർ ഗൂഗിളിലെത്തിയത്.
താരത്തിന്റെ നിർദ്ദേശം അനുസരിച്ച് ഗൂഗിളിൽ തിരഞ്ഞ ആരാധകരെ വരവേറ്റത് 2026 ഫിഫ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായ നോർവേയുടെ 'വൈക്കിങ് റോ' ആഘോഷത്തിന്റെ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഒരു ആനിമേഷൻ ആയിരുന്നു.
ട്രെൻഡ് ഏറ്റെടുത്ത് ഗൂഗിൾ
ഗൂഗിളിൽ ഹാളണ്ടിന്റെ പേര് തിരയുമ്പോൾ പേജിൽ ഒരു പാർട്ടി പോപ്പർ ഐക്കൺ പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ കൊമ്പുള്ള ഹെൽമറ്റുകളും നോർവേ പതാകകളും ധരിച്ച വൈക്കിങ് കഥാപാത്രങ്ങൾ ഒന്നിച്ച് ഒരേ താളത്തിൽ വള്ളം തുഴയുന്ന ആനിമേഷൻ കാണാം. അതോടൊപ്പം പശ്ചാത്തലത്തിൽ ഡ്രംസിന്റെ താളവും കാണികളുടെ റോ! എന്ന ആവേശഭരിതമായ മുദ്രാവാക്യവും മുഴങ്ങിക്കേൾക്കും.
കൂടുതൽ തവണ ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ ആനിമേഷൻ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടും. മത്സരങ്ങളിലെ വിജയത്തിന് ശേഷം നോർവേ ആരാധകർ സ്റ്റേഡിയങ്ങളിൽ ഒന്നടങ്കം ഇരുന്ന് വൈക്കിങ് കപ്പൽ തുഴയുന്നതു പോലെ നടത്തുന്ന ഈ സവിശേഷമായ ആഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാണ്. ഹാളണ്ടും നോർവേ നായകൻ മാർട്ടിൻ ഒഡെഗാർഡും ഉൾപ്പെടെയുള്ള നോർവേ ടീം അംഗങ്ങളും ഈ ആഘോഷത്തിൽ ആരാധകർക്കൊപ്പം പങ്കുചേരാറുണ്ട്. ഈ തരംഗമാണ് ഇപ്പോൾ ഗൂഗിൾ തങ്ങളുടെ പേജിലൂടെ അവതരിപ്പിച്ചത്.
കളിക്കളത്തിന് പുറത്തും ഹാളണ്ടിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഗൂഗിളിന്റെ ഈ ആദരം. ഈ ആഴ്ച ആദ്യം, തന്റെ പഴയ റാപ്പ് കരിയർ പുനരുജ്ജീവിപ്പിച്ചുകൊണ്ട് പ്രശസ്ത നോർവീജിയൻ ഡിജെ കൈഗോയുമായി ചേർന്ന് 2016ലെ തന്റെ വൈറൽ ഗാനമായ 'കൈഗോ ജോ' എന്ന പാട്ടിന്റെ റീമിക്സ് ഹാളണ്ട് പുറത്തിറക്കിയിരുന്നു.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി മാറുന്നതിന് മുൻപ് നോർവേയിലെ ബ്രൈൻ ക്ലബിനായി കളിക്കുമ്പോൾ തന്റെ സഹതാരങ്ങളായ എറിക് ബോത്തീം, എറിക് ടോബിയാസ് സാൻഡ്ബെർഗ് എന്നിവർക്കൊപ്പം ഹാളണ്ട് 'ഫ്ലോ കിങ്സ് എന്ന പേരിൽ ഒരു റാപ്പ് ബാൻഡ് രൂപീകരിച്ചിരുന്നു. പ്രീ ക്വാർട്ടറിൽ ബ്രസീലിനെതിരായ മത്സരത്തിൽ ഹാളണ്ട് ഇരട്ട ഗോളുകൾ നേടി നോർവേയെ 2-1 ന് വിജയത്തിലേക്ക് നയിച്ചതോടെയാണ് ഈ പഴയ ഗാനം വീണ്ടും തരംഗമായതും കൈഗോ ഇതിന്റെ റീമിക്സ് ഒരുക്കിയതും.
ഇൻസ്റ്റാഗ്രാമിൽ ഈ റീമിക്സ് പങ്കുവെച്ചുകൊണ്ട്, 'ഞാൻ ഇപ്പോൾ ഔദ്യോഗികമായി ഒരു കലാകാരനായോ?' എന്ന് ഹാളണ്ട് തമാശയായി കുറിക്കുകയും ചെയ്തു.
ക്വാർട്ടറിൽ ഇംഗ്ലണ്ട്
ടൂർണമെന്റിൽ ഇതുവരെ 7 ഗോളുകൾ നേടി ഹാളണ്ട് ഗോൾഡൻ ബൂട്ട് റേസിൽ ലയണൽ മെസിക്കും കിലിയൻ എംബാപ്പെയ്ക്കും തൊട്ടുപിന്നിലായി കുതിക്കുന്നുണ്ട്. തന്റെ കന്നി ലോകകപ്പിൽ തന്നെ 7 ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡിൽ 1974ൽ പോളണ്ടിന്റെ ഗ്രെഗോർസ് ലാറ്റോ സ്ഥാപിച്ച നേട്ടത്തിനൊപ്പവും ഹാളണ്ട് എത്തി.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ അട്ടിമറിച്ചാണ് നോർവേ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. മയാമിയിൽ നടക്കുന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ അവർ ഇംഗ്ലണ്ടിനെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates