

അർജന്റീന ക്യാപ്റ്റനും ഇതിഹാസവുമായ ലയണൽ മെസിക്കെതിരെ കളിക്കാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് സ്വിറ്റ്സർലൻഡ് മധ്യനിര താരം സെകി അംദൂനി. തന്റെ ആവേശം താരം തമാശ രൂപേണ സമൂഹ മാധ്യമത്തിൽ പങ്കിടുകയും ചെയ്തു. ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡ് പ്രവേശിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ശ്രദ്ധേയ പ്രതികരണം. ക്വാർട്ടറിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയുടെ എതിരാളികൾ സ്വിറ്റ്സർലൻഡാണ്. ഈ മാസം 12നു പുലർച്ചെ ഇന്ത്യൻ സമയം 6.30 മുതലാണ് അർജന്റീന- സ്വിറ്റ്സർലൻഡ് ക്വാർട്ടർ.
കഴിഞ്ഞ ചൊവ്വാഴ്ച വാൻകൂവറിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് പരാജയപ്പെടുത്തിയാണ് സ്വിറ്റ്‌സർലൻഡ് അവസാന എട്ടിൽ ഇടം പിടിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാത്തതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
വിജയത്തിന് തൊട്ടുപിന്നാലെ, അംദൂനി സ്നാപ്ചാറ്റ് ഉപയോഗിച്ചാണ് മെസിക്കെതിരെ കളിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചത്. 'ഞാൻ മെസിക്കെതിരെ കളിക്കാൻ പോവുകയാണ്. അതെ, അതുമതി, എനിക്ക് ഫുട്ബോളിൽ നിന്ന് വിരമിക്കാം'-താരം ആവേശത്തോടെ കുറിച്ചു.
സ്വിറ്റ്‌സർലൻഡിന്റെ ചരിത്ര നേട്ടം
സ്വിറ്റ്‌സർലൻഡ് തങ്ങളുടെ ലോകകപ്പ് ചരിത്രത്തിൽ നാലാം തവണയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. ആകെ 13 ലോകകപ്പ് പങ്കാളിത്തങ്ങളിൽ നിന്നാണ് ഈ നേട്ടം. ഈ നൂറ്റാണ്ടിൽ നടന്ന കഴിഞ്ഞ മൂന്ന് പതിപ്പുകൾ ഉൾപ്പെടെ നാല് തവണയും പ്രീ ക്വാർട്ടറിൽ പുറത്തായിരുന്ന അവർ. ഒടുവിൽ 1954ലെ ലോകകപ്പിന് ശേഷം ആദ്യമായി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിച്ചു.
ഒരു ലോകകപ്പ് പതിപ്പിൽ സ്വിറ്റ്‌സർലൻഡ് ഒന്നിലധികം നോക്കൗട്ട് മത്സരങ്ങൾ വിജയിക്കുന്നതും ആദ്യമാണ്.
പ്രീ ക്വാർട്ടർ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ കൊളംബിയക്ക് രണ്ട് നിർണായക അവസരങ്ങൾ നഷ്ടമായി. ഡേവിൻസൻ സാഞ്ചസിന്റെ പെനാൽറ്റി ക്രോസ്ബാറിൽ തട്ടി തെറിച്ചപ്പോൾ, കൂച്ചോ ഹെർണാണ്ടസിന്റെ കിക്ക് സ്വിസ് ഗോൾകീപ്പർ തടുത്തിട്ടു. തുടർന്ന് റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. പരിക്കേറ്റ് വിശ്രമിക്കുന്ന സ്വിസ് യുവതാരം ജോഹാൻ മൻസാംബിയുടെ അഭാവത്തിലായിരുന്നു ടീമിന്റെ ഈ ശ്രദ്ധേയമായ വിജയം.
ഈജിപ്തിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവസാന 13 മിനിറ്റുകളിൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളുടെ കരുത്തിൽ 3-2 ന് വിജയിച്ചാണ് അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. അർജന്റീനയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം കടുത്ത ആവേശമുണർത്തുമെന്നതിൽ സംശയമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates