ലോകകപ്പ് പോരാട്ടങ്ങൾ പുരോഗമിക്കുകയാണല്ലോ. ലോകമെങ്ങുമുള്ള ആരാധകർ ആകാംക്ഷയോടെ കണ്ടുനിന്ന പോരാട്ടങ്ങൾ നിരവധി വന്നു കഴിഞ്ഞു. ഇഷ്ട ടീമുകളുടെ വാഴ്ചയും വീഴ്ച്ചയും കണ്ട് ആനന്ദിച്ചവരും നിരാശപ്പെട്ടവരും ഒട്ടേറെ. കളിയുടെ വിവിധ കോണുകളിൽക്കൂടെയുള്ള വിലയിരുത്തലുകൾ തുടരുന്ന ദിനങ്ങൾ. സൂപ്പർ താരങ്ങളുടെ തിരിച്ചുവരവുകൾ, മാന്ത്രികൻ മഹാ മാന്ത്രികനായി മാറുന്ന കാഴ്ച തുടങ്ങി നിരവധി മുഹൂർത്തങ്ങൾ. കുഞ്ഞൻ ടീം വമ്പൻ ടീം എന്നൊന്നും ഇല്ല. ആരും ആരെയും വീഴ്ത്തും സമനിലയിൽ തളയ്ക്കും ഗോൾ അടിക്കാൻ സമ്മതിക്കാതെ 'റൂം' പൂട്ടിയിടും!
പലരും പ്രതീക്ഷിച്ചതിൽ ചിലത് സംഭവിച്ചിട്ടുണ്ടാകും. ഒപ്പം ആരും പ്രവചിക്കാത്ത നിരവധി നിമിഷങ്ങളും ഇതുവരെ ലോകകപ്പ് സമ്മാനിച്ചിട്ടുണ്ട്. താര സമ്പന്നമായ ഉദ്ഘാടന ചടങ്ങ്, മറക്കാനാവാത്ത ഗോളുകൾ എന്നിവ മുതൽ പുതിയ പ്രതിഭകളുടെ ഉദയവും മെക്സിക്കോ ജേഴ്‌സി ധരിച്ച് തെരുവിലൂടെ നടന്ന് വൈറലായ ഒരു താറാവും വരെ ഇതിൽ ഉൾപ്പെടുന്നു! അതെ, ജനപ്രീതി നേടിയ ഒരു താറാവ്.
സ്കോർ ഷീറ്റിലെ വിവരങ്ങൾക്കപ്പുറം കളിക്ക് പുറത്തു നടന്ന ഇത്തരം നിമിഷങ്ങൾ കൂടിയാണ് ഈ ടൂർണമെന്റിനെ സവിശേഷമാക്കുന്നത്. അത് വലിയ ചർച്ചകൾക്ക് വഴിവെച്ചതാകട്ടെ അല്ലെങ്കിൽ നമ്മളെ സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കാൻ പ്രേരിപ്പിച്ചതാകട്ടെ, ലോകം മുഴുവൻ സംസാരിക്കുന്ന, കളിക്കപ്പുറമുള്ള ചില സുന്ദര കാഴ്ചകൾക്ക് കൂടി ലോകകപ്പ് സാക്ഷികളാകാറുണ്ട്. അത്തരം ചില അനർഘ നിമിഷങ്ങളാണ് ഇനി.
മെർലിൻ താറാവ്...
ആദ്യം ടീം മെക്സിക്കോയുടെ 'അനൗദ്യോഗിക ചിഹ്ന'വും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ മെർലിൻ എന്ന താറാവിനെ പരിചയപ്പെടാം. ലോകകപ്പിനു മുൻപ് വരെ മെർലിൻ താറാവിനെ ആരും അറിയില്ലായിരുന്നു. അവൻ അവന്റെ ഉടമയായ കാർല ഇവെറ്റിനൊപ്പം ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു. എന്നാൽ ലോകകപ്പ് തുടങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ കക്ഷി കയറിയങ്ങ് വൈറലായി. എന്തിന് മെക്സിക്കോ ഫുട്ബോൾ ടീമിന്റെ (അനൗദ്യോഗിക) ഭാഗ്യ ചിഹ്നം വരെയായി. തന്റെ ശരീരത്തിന് പാകമായ മെക്സിക്കോ ടീമിന്റെ മിനി ജേഴ്‌സി ധരിച്ച് തെരുവിലൂടെ, ആൾക്കൂട്ടത്തിനിടയിലൂടെയുള്ള അവന്റെ ആത്മവിശ്വാസത്തോടെയുള്ള നടത്തം കൊണ്ട് മെക്സിക്കോ സിറ്റിയിലെ താമസക്കാരനായ മെർലിൻ എന്ന 2 വയസുകാരൻ താറാവ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കഥ അമ്പരപ്പിക്കുന്നതാണ്.
ടൂർണമെന്റിൽ മെക്സിക്കോയുടെ ആദ്യ വിജയത്തിന് ശേഷമുള്ള ആഘോഷ വിഡിയോയിലൂടെ ജൂൺ ആദ്യവാരമാണ് ഈ താറാവ് ഇന്റർനെറ്റിൽ വൈറലായത്. അതിനു ശേഷം ഫിഫയുടെ ഔദ്യോഗിക മെക്സിക്കോ ചിഹ്നമായ 'സായു ദി ജാഗ്വറിനെ' പോലും പിന്നിലാക്കി ഈ താറാവ് ടീമിന്റെ ഒരു അഭിമാന പ്രതീകമായി മാറുന്ന കാഴ്ചയായിരുന്നു. മെർലിന്റെ ഈ പെട്ടെന്നുള്ള ജനപ്രീതി അവനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷീൻബൗമിനെ നേരിട്ട് കാണാനുള്ള അവസരം പോലും അവനു കൈവന്നു.
കക്ഷിയുടെ വിഡിയോ ഇതിനോടകം തന്നെ ഓൺലൈനിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
ഹൃദയം കവർന്ന വൊസിന്യ...
സ്പെയിനിനെതിരായ മത്സരത്തിൽ 8 മികച്ച സേവുകളിലൂടെ ഗോൾ വഴങ്ങാതെ കളി പൂർത്തിയാക്കിയ കാബോ വെർദെ ടീമിന്റെ 40 വയസുകാരനായ ഗോൾ കീപ്പർ ജോസിമർ ജോസ് എവോറ ഡയസ് എന്ന വൊസിന്യ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അവരുടെ രാജ്യം ലോകകപ്പ് ചരിത്രത്തിൽ നേടുന്ന ആദ്യ പോയിന്റാണ് അവർ മുൻ ചാംപ്യൻമാരും കിരീട പ്രതീക്ഷയിൽ ഏറ്റവും മുന്നിലുള്ള സ്പെയിനിനെതിരെ നേടിയത്. ഈ മികച്ച പ്രകടനത്തിന് ശേഷം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഏതാനും ദിവസങ്ങൾക്കുള്ളിൽ 15 മില്യൺ ആയി കുതിച്ചുയർന്നു. മൈതാനത്തെ അദ്ദേഹത്തിന്റെ പ്രകടനത്തേക്കാൾ ഉപരി, അദ്ദേഹത്തിന്റെ ജീവിത കഥയാണ് ആളുകളുടെ പിന്തുണ കൂടുതൽ നേടിക്കൊടുത്തത്. പണം തികയാഞ്ഞതിനാൽ അമ്മയ്ക്ക് തന്റെ പ്രകടനം നേരിൽ കാണാൻ കഴിയാത്തത് ഓർത്ത് അയാൾ മത്സര ശേഷം പൊട്ടിക്കരഞ്ഞത് ലോകത്തെ സത്യത്തിൽ ഉലച്ചുകളഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ലോകകപ്പ് പോരാട്ടങ്ങൾ നേരിട്ട് കാണാൻ അവസരം ലഭിച്ചതായും വാർത്തകൾ വന്നു.
മത്സരശേഷമുള്ള വികാരാധീനമായ ഒരു അഭിമുഖത്തിൽ, തന്റെ ഈ ചരിത്രപരമായ ലോകകപ്പ് അരങ്ങേറ്റം കാണാൻ അമ്മ കൂടെയുണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ വിസ ലഭിക്കുന്നതിനുള്ള ഭീമമായ പണച്ചെലവ് കാരണം അമ്മയ്ക്ക് വരാൻ കഴിഞ്ഞില്ലെന്നും ഗോൾ കീപ്പർ പറഞ്ഞു. ഈ വാർത്ത പുറത്തു വന്നതോടെ ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുകയും, യുഎസ് അധികൃതർ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഒടുവിൽ ജൂൺ 22ന് ഉറുഗ്വെയ്ക്കെതിരായ നോക്കൗട്ട് ഘട്ടത്തിലെ അവസാന മത്സരത്തിൽ തന്റെ മകന്റെ കളി നേരിട്ട് കാണാൻ ആ അമ്മയ്ക്ക് സാധിച്ചു.
ഫ്രഞ്ച് ടീമിന്റെ ബാഗ് കളക്ഷൻ...
ഫ്രാൻസ് 1998ലും 2018ലും ലോകകപ്പ് നേടിയിട്ടുണ്ട്. 2026ൽ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും, മികച്ച ബാഗുകൾക്കുള്ള അവാർഡ് അവർ ഇതിനകം തന്നെ നേടിക്കഴിഞ്ഞു! അവരുടെ കസ്റ്റം നൈക്കി (Nike) ട്രാക്ക് സ്യൂട്ടുകൾക്കൊപ്പം തന്നെ അതിമനോഹരമായ ബാഗുകളുമായിട്ടാണ് ഫ്രഞ്ച് ടീം എത്തിയത്. ഔറേലിയൻ ചൗമേനി തന്റെ കൈയിൽ ഒരു ഹെർമിസ് ഹൗട്ട് എ കോറോയിസ് ബാഗും, റയാൻ ചെർക്കി ഹെർമിസ് എച്ച്എസി ബിർക്കിൻ ബാഗും, മാനു കോനെ മഞ്ഞ നിറത്തിലുള്ള ഗോയാർഡ് ടോയ്‌ലറ്ററി ബാഗുമായി എത്തിയത് ആരാധകരിൽ കൗതുകം തീർത്തു.
പുള്ളിപ്പുലികളാണ്...
ടീം കോംഗോയുടെ ലോകകപ്പ് സ്യൂട്ടുകൾക്ക് വലിയ കൈയടി കിട്ടി. ഫുട്ബോൾ കളിക്കാർ അനിമൽ പ്രിന്റ് വസ്ത്രങ്ങൾ ധരിക്കുന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കോംഗോ ടീമിന്റെ സ്യൂട്ട് ശ്രദ്ധേയമായി. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായി ഹൂസ്റ്റണിൽ എത്തിയപ്പോൾ, കോംഗോ ടീം കറുത്ത നിറത്തിലുള്ള സ്യൂട്ടുകളിൽ പുള്ളിപ്പുലി പ്രിന്റുള്ള പാനലുകളും വെള്ളി നിറത്തിലുള്ള പുള്ളിപ്പുലി ബ്രൂച്ചും ധരിച്ചാണ് എത്തിയത്. കോംഗോയിൽ ജനിച്ച് പാരീസിൽ താമസിക്കുന്ന ഡിസൈനർ ആൽവിൻ മാക് ആണ് ഈ വൈറൽ ഫാഷൻ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. ഇത് 52 വർഷങ്ങൾക്ക് ശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ലോകകപ്പിലേക്ക് തിരിച്ചു വരുന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയായി.
അവരുടെ സാന്നിധ്യം...
4 കൊറിയൻ പെൺകുട്ടികളുടെ പോപ്പ് സംഘമായ എസ്പായുടെ (കെ പോപ്പ്) സാന്നിധ്യം ലോകകപ്പ് ഗാലറിയിൽ. എസ്‌പായുടെ വിന്ററും കാരിനയും ലോകകപ്പിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് ആരാധകരെ അത്ഭുതപ്പെടുത്തി. ഗ്വാഡലഹാര സ്റ്റേഡിയത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള മത്സരത്തിൽ തങ്ങളുടെ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാനാണ് ഈ രണ്ട് കെ പോപ്പ് താരങ്ങൾ എത്തിയത്. ഒരു ലക്ഷത്തിലധികം ആളുകളുള്ള ജനക്കൂട്ടത്തിനിടയിലും ഇവർ ശ്രദ്ധാ കേന്ദ്രമായി മാറി. സോഷ്യൽ മീഡിയയിൽ ആരാധകർ ഇവരെ വിജയത്തിന്റെ മാലാഖമാർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
മണ്ണിലിറങ്ങിയ രാവ്...
ഈ വർഷത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് മെക്സിക്കോ, കാനഡ, യുഎസ്എ എന്നീ മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ച ചരിത്രപരമായ ഒന്നായിരുന്നു. ഒരു ലോകകപ്പ് പോരാട്ടത്തിന് 3 ഉദ്ഘാടന ചടങ്ങുകൾ! തീർന്നില്ല മൂന്നിലും പങ്കെടുത്തത് ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംഗീതജ്ഞരും. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ പ്രിയങ്കരിയായി പാട്ടുകാരി ഷക്കീറയായിരുന്നു ആദ്യ ഉദ്ഘാടനത്തിലെ പ്രധാന ആകർഷണം. ഇത്തവണത്തെ ഔദ്യോഗിക ഗാനവും ഷക്കീറ തന്നെയാണ് ആലപിച്ചത്. 2010ലെ അവരുടെ വക്ക, വക്ക ഗാനം ലോകമെങ്ങും ഇന്നും തരംഗമാണ്. ബർണാ ബോയ്‌ക്കൊപ്പം അവർ ദായ് ദായ് എന്ന ഗാനവുമായാണ് എത്തിയത്. കൂടാതെ ഗായകരായ മന, ജെ ബാൽവിൻ, ടൈല എന്നിവരും വേദിയിലെത്തി.
ടൊറന്റോയിൽ മൈക്കൽ ബൂബ്ലേയും അലാനിസ് മോറിസെറ്റും ചേർന്ന് അലസിയ കാര, ജെസി റെയെസ്, നോറ ഫത്തേഹി എന്നിവർക്കൊപ്പം പ്രകടനം നടത്തി. അവസാനമായി, ലിസ അനിതയോടും റെമയോടും ഒപ്പം തന്റെ ഗോൾസ് എന്ന ഗാനം ആലപിച്ചു. ഇതിന് പിന്നാലെ ഫ്യൂച്ചർ, ടൈല, കാറ്റി പെറി എന്നിവരും തങ്ങളുടെ ഹിറ്റ് ഗാനങ്ങളുമായി വേദി കീഴടക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates