FIFA World Cup 2026 Final x
Fifa World Cup 2026

ലോകകപ്പ് ഫൈനൽ അർജന്റീന പ്രസിഡന്റ് നേരിട്ട് കാണില്ല, കോട്ടും ഊരില്ല!

ലോകകപ്പ് ഫൈനൽ നേരിൽ കാണാൻ ട്രംപ് വരും, വിജയികൾക്ക് കപ്പും സമ്മാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ഈ അധ്യായത്തിൽ പഞ്ഞമില്ലാതെ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഫൈനൽ പോരാട്ടത്തിന് ന്യൂജേഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അരങ്ങൊരുങ്ങുമ്പോൾ കളിക്കളത്തിന് പുറത്തെ രാഷ്ട്രീയം കൗതുകങ്ങൾക്കും വഴി മാറുന്നു. ലോക ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തും. എന്നാൽ സ്വന്തം രാജ്യം കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഗാലറിയിൽ ട്രംപിനൊപ്പമിരുന്ന് കളി കാണാൻ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഉണ്ടാകില്ല. പ്രത്യേക ‘അന്ധവിശ്വാസ’ത്തിന്റെ ഭാഗമായാണ് മിലെയ് യുഎസിലേക്കുള്ള യാത്ര ഒഴിവാക്കിയത്.

ട്രംപും ഫിഫ പ്രസിഡന്റും ക്ഷണിച്ചിട്ടും ന്യൂജേഴ്‌സിയിലേക്ക് ഇല്ലെന്ന് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് വ്യക്തമാക്കി കഴിഞ്ഞു. അർജന്റീനയിൽ ‘കബാല’ എന്ന് വിളിക്കുന്ന ആചാരപരമായ വിശ്വാസങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ടൂർണമെന്റിൽ അർജന്റീന കളിച്ച കഴിഞ്ഞ ഏഴ് മത്സരങ്ങളും മിലെയ്, ഒലിവോസിലെ തന്റെ ഔദ്യോഗിക വസതിയിലിരുന്നാണ് കണ്ടത്. ആ ഏഴ് മത്സരങ്ങളിലും അർജന്റീന വിജയിക്കുകയും ചെയ്തു. ഈ ഭാഗ്യം തുടരാനാണ് അദ്ദേഹം നേരിട്ട് കളി കാണാൻ പോകാത്തത്.

മാത്രമല്ല കളി കാണുമ്പോൾ താൻ ധരിക്കുന്ന പ്രത്യേക കമ്പനി ബ്രാൻഡഡ് കോട്ടും അദ്ദേഹം മാറ്റില്ല. സ്വിറ്റ്‌സർലൻഡിനെതിരെയുള്ള മത്സരത്തിനിടെ ചൂട് കാരണം ജാക്കറ്റ് ഊരിവച്ചപ്പോൾ അർജന്റീനയ്‌ക്കെതിരെ ഗോൾ വീണെന്നും പിന്നീട് അത് തിരികെ ധരിച്ച ശേഷം ഊരിയിട്ടില്ലെന്നും മിലെയ് ഒരു റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അർജന്റീനയിൽ ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം അന്ധവിശ്വാസങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വസ്ത്രം കഴുകാതെ ഉപയോഗിക്കുക, കളി കാണുന്ന സ്ഥലം മാറ്റാതിരിക്കുക, എതിർ ടീമിലെ കളിക്കാരുടെ പേരെഴുതി ഫ്രീസറിൽ വയ്ക്കുക തുടങ്ങി നിരവധി ആചാരങ്ങൾ അർജന്റീന ആരാധകർക്കിടയിലുണ്ട്. ഇതിനൊക്കെ പുറമെ 1990ൽ അന്നത്തെ പ്രസിഡന്റ് കാർലോസ് മെനം ടീമിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കാമറൂണിനോട് അർജന്റീന തോറ്റ ചരിത്രവുമുണ്ട്. അന്ന് മുതൽ പ്രസിഡന്റുമാർ കളി കാണാൻ വരുന്നത് ടീമിന് നിർഭാഗ്യം കൊണ്ടുവരുമെന്ന ഭയം അർജന്റീനയിലുണ്ട്... ഓരോരോ വിശ്വാസങ്ങൾ!

ട്രംപ് വരും, കപ്പും സമ്മാനിക്കും

യുഎസ്എ, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിൽ ട്രംപിന്റെ നേരിട്ട് പങ്കെടുക്കുന്ന ആദ്യ മത്സരം കൂടിയാണ് ഫൈനൽ. ടൂർണമെന്റിന്റെ ഫൈനലിൽ ട്രംപ് പങ്കെടുക്കുമെന്ന കാര്യം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സ്ഥിരീകരിച്ചു. ട്രംപിന്റെ സാന്നിധ്യം യുഎസ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതവും വിജയകരവുമായ ലോകകപ്പിന് തിളക്കമേറിയ സമാപനമായിരിക്കുമെന്ന് ലെവിറ്റ് പറഞ്ഞു. വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫയുടെ സ്വീകരണച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. വിജയികൾക്ക് ട്രംപ് ട്രോഫി സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരത്തേ അറിയിച്ചിരുന്നെങ്കിലും വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് വരുന്നത്.

കഴിഞ്ഞ വർഷം ചെൽസി ക്ലബ് ലോകകപ്പ് നേടിയപ്പോൾ വേദിയിൽ നിന്നു മാറാതെ കളിക്കാർക്കൊപ്പം ട്രംപ് വിജയം ആഘോഷിച്ചതും പിന്നീട് ട്രോഫിയുടെ പകർപ്പ് സ്വന്തം ഓഫീസിൽ സൂക്ഷിച്ചതും വലിയ ചർച്ചയായിരുന്നു. ഇത്തവണ ഫൈനലിൽ ട്രംപ് ആരെ പിന്തുണയ്ക്കുമെന്നത് വ്യക്തമല്ല. നാറ്റോ ഉച്ചകോടിക്കിടെ ഇറാൻ വിഷയത്തിൽ സഹായിച്ചില്ലെന്ന് പറഞ്ഞ് സ്പെയിനിനെ ട്രംപ് വിമർശിച്ചിരുന്നു. ടൂർണമെന്റിൽ യുഎസ് താരം ഫോളാരിൻ ബലോഗന്റെ ചുവപ്പ് കാർഡ് പിൻവലിക്കാൻ ട്രംപ് ഫിഫയിൽ ഇടപെട്ടതും വിവാദത്തിലായിരുന്നു.

Spain vs Argentina FIFA World Cup 2026 Final is approaching with significant political and sporting buzz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

ഉറക്കക്രമം തെറ്റിയോ? ശരിയാക്കാൻ 10 വഴികൾ

National Film Awards 2026 Live: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും

ശുപാര്‍ശ ചെയ്തത് യുവ എംപി, പ്ലീഡര്‍ നിയമന വിവാദത്തില്‍ വെളിപ്പെടുത്തലുമായി കെ ബാബു; സ്ഥിരീകരിച്ച് ഡീന്‍ കുര്യാക്കോസ്

പിണറായിയുടെ വീട്ടുപടിക്കലെ പൊലീസ് ജീപ്പ് മാറ്റുന്നത് സുരക്ഷാ സമിതി തീരുമാനിക്കും; ആഭ്യന്തരമന്ത്രി