വാഷിങ്ടൺ: ഫിഫ ലോകകപ്പിനെത്തിയ ഇറാൻ ടീമിനു നേരിടേണ്ടി വരുന്ന യാത്ര വിലക്ക് അടക്കമുള്ള വിവേചനങ്ങൾ വിശ്വ പോരാട്ടത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമെന്നു ഇറാൻ ടീം വക്താവ് ഹിദായത്ത് മൊബെയ്നി. തങ്ങളുടെ ടീമിന് നേരിടേണ്ടി വന്ന യാത്രാ വിലക്കുകൾക്കെതിരെ ഫിഫയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.
നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടണം. ഫിഫയുടെ നിയമങ്ങൾ നടപ്പിലാക്കാൻ കഴിവില്ലാത്തവർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ യോഗ്യരല്ല. അങ്ങനെയുള്ളവരെ ഫിഫ വേദിയായി തിരഞ്ഞെടുക്കരുതായിരുന്നുവെന്നും മൊബെയ്നി ആരോപിച്ചു.
ഞായറാഴ്ച ലൊസാഞ്ചലസിലാണ് ഇറാന്റെ അടുത്ത പോരാട്ടം. ബെൽജിയത്തിനെതിരെയാണ് മത്സരം. ഉച്ചയ്ക്ക് നടക്കുന്ന മത്സരമായതിനാൽ, രണ്ട് ദിവസം മുൻപ് തന്നെ അമേരിക്കയിലേക്ക് പോകാൻ ഇറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മത്സരത്തിന് ഒരു ദിവസം മുൻപ് മാത്രമേ ഇറാൻ ടീമിന് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. അതേസമയം ഇറാന്റെ എതിരാളികളായ ബെൽജിയത്തിന് രണ്ട് ദിവസം മുൻപ് തന്നെ കാലിഫോർണിയയിലേക്ക് പറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ഫിഫയുടെ നിയമപ്രകാരം സാധാരണയായി മത്സരത്തിന് ഒരു ദിവസം മുൻപാണ് ടീമുകൾ വേദിയിലേക്ക് യാത്ര ചെയ്യേണ്ടത്. എന്നാൽ 'അസാധാരണ സാഹചര്യങ്ങളിൽ' രണ്ട് ദിവസം മുൻപ് യാത്ര ചെയ്യാൻ അനുവാദമുണ്ട്.
മത്സരത്തിന് ഒരു ദിവസം മുൻപ് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഇറാനെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നാണ് ഇക്കാര്യത്തിൽ അമേരിക്കൻ അധികൃതരുടെ മറുപടി. ഇറാന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ഫിഫ ടാസ്ക് ഫോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജൂലിയാനിയാണ് കാര്യങ്ങൾ വ്യക്കമാക്കിയത്.
തങ്ങളുമായി രാഷ്ട്രീയ തർക്കങ്ങളിലോ യുദ്ധത്തിലോ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തിന്റെ ടീമിന് സ്വന്തം മണ്ണിൽ കളിക്കാൻ വേദിയൊരുക്കേണ്ടി വരുന്ന അവസ്ഥ ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തിനു നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ മെക്സിക്കോയിലെ ടിഹ്വാനയിലെ ബേസ് ക്യാംപിലാണ് ഇറാൻ ടീം പരിശീലനം നടത്തുന്നത്.
നേരത്തെ ആദ്യ മത്സരം കഴിഞ്ഞതിനു പിന്നാലെ ഇറാൻ ടീമിനോട് ഉടൻ രാജ്യം വിടാൻ അമേരിക്കൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. വിശ്രമിക്കാൻ പോലും സമ്മതിക്കാതെ അമേരിക്ക തങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ പരിശീലകൻ ഇതിനെതിരെ പൊട്ടിത്തെറിക്കുക പോലും ഉണ്ടായി. മത്സര ശേഷം രാത്രി തന്നെ രാജ്യം വിടാനായിരുന്നു ടീമിനു കിട്ടിയ നിർദ്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates