

വാഷിങ്ടൻ: ഫിഫ ലോകകപ്പിലെ അർജന്റീന- അൾജീരിയ മത്സരത്തിൽ ലയണൽ മെസിക്ക് അപകടകരമായ ഫൗളിനു റെഡ് കാർഡ് നൽകാത്തതടക്കുള്ള വിവാദമായ റഫറിയിങ് തീരുമാനങ്ങൾക്കെതിരെ ഫിഫയ്ക്ക് പരാതി. അൾജീരിയ ടീമാണ് ഫിഫയെ സമീപിച്ചത്. മെസിയെ ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡ് നൽകി പുറത്താക്കേണ്ടതായിരുന്നുവെന്നാണ് അൾജീരിയ ടീം പരാതിയിൽ പറയുന്നത്.
കാൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ മെസി ഹാട്രിക് നേടി നിലവിലെ ചാമപ്യന്മാരായ അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചിരുന്നു. എന്നാൽ മത്സരത്തിന് ശേഷം ചർച്ചയായത് മെസി അൾജീരിയ ക്യാപ്റ്റൻ ഐസ മൻഡിയുടെ കാലിൽ അപകടകരമായ വിധത്തിൽ ബൂട്ടുകൊണ്ട് ചവിട്ടിയതും ഇതിനു നേരെ റഫറിയും വാറും അനങ്ങാപ്പാറ നയം സ്വീകരിച്ചതുമാണ്.
പന്തുമായി ഐസ മൻഡി മുന്നേറുന്നതിനിടെ മെസി പിന്നിൽ നിന്ന് ബൂട്ട് ഉയർത്തി കാലിൽ ചവിട്ടി എന്നാണ് അൾജീരിയൻ താരങ്ങൾ ആരോപിക്കുന്നത്. ഇത് ചുവപ്പ് കാർഡ് അർഹിക്കുന്ന കുറ്റമായിരുന്നിട്ടും പോളിഷ് റഫറി ഷിമൺ മാർസിനിയാക്കിന്റെ നേതൃത്വത്തിലുള്ള റഫറിയിങ് ടീമോ വാറോ ഇതിൽ ഇടപെട്ടില്ല.
ഈ ഫൗൾ മാത്രമല്ല അൾജീരിയ ടീം പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീന മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ, അൾജീരിയൻ താരം ഇബ്രാഹിം മാസയെ കൈമുട്ട് കൊണ്ട് ഇടിച്ചതായും പറയുന്നു.
ആ ഫൗളിന് മെസി പുറത്താകൽ അർഹിക്കുന്നുണ്ടെന്നു അൾജീരിയ ഫുട്ബോൾ അധികൃതരും പരാതിക്കു പിന്നാലെ പ്രതികരിച്ചു.
'അർജന്റീന മികച്ച ടീമല്ല എന്ന് ഞങ്ങൾ പറയുന്നില്ല. അവരുടെ കളി മികവിനേയും അംഗീകരിക്കുന്നു. എന്നാൽ ചില സംഭവങ്ങൾ നീതിയുക്തമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതു കണ്ടാൽ ഞങ്ങൾക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല. അവർ ഞങ്ങൾക്കു മേൽ നേടിയ വിജയത്തിൽ ഒരു തർക്കവുമില്ല. എന്നാൽ തെറ്റായ റഫറിയിങ് തീരുമാനങ്ങൾ കളിയുടെ ഗതിയെ സ്വാധീനിക്കുന്നുണ്ട്'- അൾജീരിയ അധികൃതർ വ്യക്തമാക്കി.
മത്സരത്തിൽ റഫറിക്ക് തെറ്റുപറ്റിയാൽ പോലും അത് തിരുത്തേണ്ട വാർ സംവിധാനം എന്തുകൊണ്ട് ഇടപെട്ടില്ല എന്നതാണ് അൾജീരിയ ഉന്നയിക്കുന്ന മറ്റൊരു പ്രധാന ചോദ്യം. മെസിയുടെ ഫൗൾ കണ്ടില്ല. രണ്ടാം പകുതിയിൽ മാക് അലിസ്റ്ററുടെ ഫൗളിനു നേരെയും റഫറിയും വാറും കണ്ണടച്ചെന്നും അവർ തുറന്നടിച്ചു. അൾജീരിയയുടെ പരാതിയിൽ ഫിഫ ഔദ്യോഗികമായി പ്രതികരിക്കുമോ എന്നു വ്യക്തമല്ല.
'മെസിയെപ്പോലെ മികച്ച കളിക്കാർ ഗ്രൗണ്ടിൽ ഉണ്ടാകണം എന്ന് തന്നെയാണ് എനിക്കാഗ്രഹം. പക്ഷേ, സമാനമായ ഫൗളിന് എന്റെ ടീമിലെ ടെംബ സ്വാനെയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചു. ഈ രണ്ട് സംഭവങ്ങളും കൈകാര്യം ചെയ്ത രീതിയിലെ വ്യത്യാസം എനിക്ക് മനസിലാകുന്നില്ല'- മെസി വിവാദത്തിൽ ദക്ഷിണാഫ്രിക്ക കോച്ച് ഹ്യൂഗോ ബ്രൂസിന്റെ പ്രതികരണം.
വിവാദം സോഷ്യൽ മീഡിയയിലും ഫുട്ബോൾ ലോകത്തും വലിയ ചർച്ചകൾക്കാണ് വഴി വച്ചത്. മറ്റ് ടീമുകളിലെ കളിക്കാർക്ക് സമാനമായ ഫൗളുകൾക്ക് കടുത്ത ശിക്ഷ നൽകുമ്പോഴാണ് മെസിയടക്കമുള്ള താരങ്ങളോട് മൃദു സമീപനമെന്ന ആരോപണം ഉയർന്നത്.
മെസിയുടെ ഹാട്രിക്ക് ഗോളിലാണ് മത്സരത്തിൽ അർജന്റീന തകർപ്പൻ ജയം സ്വന്തമാക്കിയത്. ഈ മത്സരത്തിലെ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസി എത്തുകയും ചെയ്തു. അർജന്റീനയുടെ അടുത്ത മത്സരം ഡാലസിൽ വെച്ച് ഓസ്ട്രിയക്കെതിരെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates