വാഷിങ്ടൻ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന ഏഷ്യൻ പവർ ഹൗസായ ജപ്പാന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്നു അവരുടെ നായകൻ വതാരു എൻഡോ ലോകകപ്പിൽ നിന്നു പുറത്തായി. പിന്നാലെ 33 കാരനായ ലിവർപൂൾ മിഡ്ഫീൽഡർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നായകന്റെ അപ്രതീക്ഷിത പുറത്താകൽ.
കാലിനേറ്റ പരിക്കാണ് വില്ലനായത്. പൂർണമായി ഭേദമാകാത്തതിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്നു പിൻമാറിയത്. ബൊറൂസിയ മോൺചൻഗ്ലെഡ്ബാച് താരം ഷൂട്ടോ മാചിനോയാണ് നായകനു പകരം ടീമിലെത്തിയത്. കോ ഇറ്റാകുറയാണ് ജപ്പാന്റെ പുതിയ നായകൻ. താരം പ്രതിരോധത്തിലെ ശക്തിദുർഗമാണ്.
ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ടെന്ന് എൻഡോ എക്സിലൂടെ വ്യക്തമാക്കി. എങ്കിലും നോർത്ത് അമേരിക്കയിൽ നടക്കുന്ന ഈ ലോകകപ്പിൽ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'ഭാവിയിൽ ജപ്പാൻ ലോകകപ്പ് ഉയർത്തുന്ന ഒരു സമയം തീർച്ചയായും വരും. നമുക്ക് അതിൽ വിശ്വസിക്കാം, ടീമിനെ പിന്തുണയ്ക്കാം. ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഞാൻ ജപ്പാനെ പിന്തുണയ്ക്കും'- വിരമിക്കൽ തീരുമാനം വ്യക്തമാക്കി താരം കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലിവർപൂളിനായി കളിക്കുന്നതിനിടയിലാണ് എൻഡോയ്ക്ക് പരിക്കേറ്റത്. മെയ് 31ന് ഐസ്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ പകുതി സമയം കളിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും, മെക്സിക്കോയിലെ പരിശീലന ക്യാംപ്യൽ വച്ച് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
2015ൽ അരങ്ങേറ്റം കുറിച്ച എൻഡോ ജപ്പാനായി 73 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിൽ അദ്ദേഹം കളിച്ചു.
ലോകകപ്പിൽ പ്രമുഖ താരങ്ങളുടെ പരിക്കുകൾ ജപ്പാന് വലിയ തിരിച്ചടിയാവുകയാണ്. ബ്രൈറ്റൻ താരം കൗരു മിറ്റോമ, മൊണാക്കോ താരം താകുമി മിനാമിനോ എന്നിവർ പരിക്കിനെ തുടർന്നു ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരുന്നില്ല. പിന്നാലെയാണ് നായകന്റെ പുറത്താകലും. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സ്, ടുണീഷ്യ, സ്വീഡൻ എന്നിവരാണ് ജപ്പാന്റെ എതിരാളികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates