ഫിലാഡല്‍ഫിയ: ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് പരാഗ്വേ തോറ്റതിന് പിന്നാലെ, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കെതിരെ നടന്ന വംശീയാധിക്ഷേപത്തില്‍ പ്രതിഷേധം. പരാഗ്വേയിലെ ലിബറല്‍ റാഡിക്കല്‍ പാര്‍ട്ടി സെനറ്ററായ സെലസ്റ്റെ അമരില്ലയാണ് എംബാപ്പെയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. അമരില്ലയെ 'നികൃഷ്ടയായ സ്ത്രീ' എന്ന് വിശേഷിപ്പിച്ച എംബാപ്പെ, അവര്‍ പരാഗ്വേ പാര്‍ലമെന്റില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്നും കുറ്റപ്പെടുത്തി.
'നിങ്ങളുടെ അവിവേകം നിറഞ്ഞതും ക്രൂരവുമായ വംശവെറി കാരണം, ഈ ലോകകപ്പില്‍ നിങ്ങളുടെ ടീമിലെ കളിക്കാര്‍ നടത്തിയ ചരിത്രപരമായ മുന്നേറ്റവും കഠിനാധ്വാനവും ലോകം മുഴുവന്‍ മറന്നുപോയിരിക്കുന്നു' എംബാപ്പെ എക്‌സില്‍ കുറിച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് പരാഗ്വെയെ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെ സെലസ്റ്റെ അമരില്ല എക്‌സ് പ്ലാറ്റ്ഫോമിലൂടെ എംബാപ്പെയുടെ പാരമ്പര്യം, വളര്‍ച്ച, വിദ്യാഭ്യാസം, രൂപം എന്നിവയെ പരിഹസിച്ച് നിരവധി വംശീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
'സെലെസ്റ്റെ അമറില്ല, താങ്കള്‍ ഒരു നികൃഷ്ടയായ സ്ത്രീയാണ്, താങ്കള്‍ വഹിക്കുന്ന സ്ഥാനത്തിന് ഒട്ടും യോജിച്ചതല്ല ഈ പെരുമാറ്റം. ലോകകപ്പിലുടനീളം അഭിമാനത്തോടെ പോരാടിയ പരാഗ്വേയെയല്ല താങ്കള്‍ പ്രതിനിധീകരിക്കുന്നത്. താങ്കളുടെ ഈ വിവരമില്ലായ്മയും വംശീയതയും ലോകത്തിന്റെ മുന്നില്‍ സ്വന്തം രാജ്യത്തിന്റെ പ്രതിച്ഛായയാണ് നശിപ്പിക്കുന്നത്. വെറുപ്പും വംശീയാധിക്ഷേപവും പ്രചരിപ്പിക്കാന്‍ ഇത്തരം ആളുകളെ ഒരിക്കലും അനുവദിക്കില്ല,' എംബാപ്പേ വ്യക്തമാക്കി. പരാഗ്വേയിലെ കളിക്കാരെ ഇത്തരം പരാമര്‍ശങ്ങള്‍ അപമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദം ശക്തമായതോടെ തിങ്കളാഴ്ച വൈകിട്ട് അമരില്ല ഫ്രഞ്ചിലും സ്പാനിഷിലും എംബാപ്പെയ്ക്ക് ഒരു തുറന്ന കത്തെഴുതി. തനിക്ക് ഫ്രാന്‍സ് എന്ന രാജ്യത്തോടല്ല, എംബാപ്പെയെന്ന കളിക്കാരനോടാണ് പ്രശ്‌നമെന്ന് അവര്‍ പറഞ്ഞു. മിശ്രവംശജയായ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന അതേ അധിക്ഷേപങ്ങള്‍ തന്നെയാണ് താന്‍ എംബാപ്പെയ്‌ക്കെതിരെയും ഉപയോഗിച്ചതെന്നും അതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ അവര്‍ തന്റെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, എംബാപ്പെ തന്നെ അധിക്ഷേപിച്ചതിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്നും, അതിനാല്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സെനറ്ററുടെ പ്രസ്താവനയെ പരാഗ്വേ സര്‍ക്കാര്‍ പൂര്‍ണമായി തള്ളിപ്പറഞ്ഞു. ഈ വാക്കുകള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും പരാഗ്വേയിലെ ജനങ്ങളുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെനറ്ററുടെ അധിക്ഷേപത്തെ 'അങ്ങേയറ്റം വെറുപ്പുളവാക്കുന്നത്' എന്ന് വിശേഷിപ്പിക്കുകയും വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കായിക മന്ത്രി മരീന ഫെരാരിയും എംബാപ്പെയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
മത്സരത്തിന് മുന്‍പ് മുന്‍ പരാഗ്വേ ഗോള്‍കീപ്പര്‍ ജോസ് ലൂയിസ് ചിലാവെര്‍ട്ടും ഫ്രഞ്ച് ടീമിനെ 'ആഫ്രിക്കയില്‍ നിന്നുള്ള സംഘം' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഒരിക്കല്‍ മികച്ച ഗോള്‍കീപ്പറായിരുന്ന ചിലാവെര്‍ട്ട് ഇപ്പോള്‍ നാണംകെട്ട അവസ്ഥയിലായെന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ ഇതിനോട് പ്രതികരിച്ചത്. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates