Lionel Messi  ap
Fifa World Cup 2026

'എനിക്ക് എന്നോടു തന്നെ വല്ലാത്ത ദേഷ്യം തോന്നി'; പെനാൽറ്റി നഷ്ടത്തിൽ മെസി

ഓസ്ട്രിയക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 9ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി നഷ്ടപ്പെട്ടതിൽ ഇതിഹാസത്തിന്റെ ശ്രദ്ധേയ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഡാലസ്: ഓസ്ട്രിയക്കെതിരായ രണ്ടാം പോരാട്ടത്തിൽ ഇരട്ട ​ഗോളുകൾ നേടി ലോകകപ്പിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരമെന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ശ്രദ്ധേയ വെളിപ്പെടുത്തലുമായി അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി. മത്സരത്തിന്റെ 9ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞതിൽ തനിക്ക് വലിയ അസ്വസ്ഥത തോന്നിയെന്നും ദേഷ്യം വരെ വന്നുവെന്നും മെസി. മത്സര ശേഷമാണ് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ.

'ഇന്ന് പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ ആ നിമിഷത്തിൽ എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി. ഞാൻ വളരെ മോശമായാണ് ആ കിക്കെടുത്തത്. എങ്കിലും ഭാഗ്യവശാൽ ആ സാഹചര്യത്തെ അനുകൂലമായി മാറ്റിയെടുക്കാനും, ലീഡ് നേടാനും, മൂന്ന് പോയിന്റുകൾ സ്വന്തമാക്കാനും ഞങ്ങൾക്ക് സാധിച്ചു. അതുതന്നെയാണ് പ്രധാനം.'

'വിജയം നേടുക എന്നതായിരുന്നു ടീമിന്റെ പദ്ധതി. അത് എളുപ്പമാകില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രത്യേകിച്ച് ഈ ലോകകപ്പ് പുരോഗമിക്കുന്ന രീതി വച്ചു നോക്കുമ്പോൾ. ഓരോ മത്സരവും കഠിനമാണ്. ആരും ഒന്നും വെറുതെ വിട്ടുതരില്ല.'

'അവർ ഞങ്ങളെ അപകടപ്പെടുത്തുന്ന രീതിയിൽ കളിച്ചില്ല എന്നത് ശരിയാണ്. എങ്കിലും അതൊരു കടുത്ത പോരാട്ടമായിരുന്നു. കളിക്കാൻ പ്രയാസമുള്ള വളരെ തീവ്രതയേറിയ ഒരു മത്സരം. അവർ വളരെ വേഗത്തിലാണ് കളിച്ചത്. എന്നാൽ അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത നേടുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഞങ്ങൾ ആഗ്രഹിച്ചതു പോലെ ദീർഘനേരം പന്ത് കൈവശം വെയ്ക്കാൻ ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. വളരെ കടുപ്പമേറിയ പോരാട്ടമായിരുന്നു. അവർ വളരെ വേഗത്തിലാണ് കളിച്ചത്'- മെസി വ്യക്തമാക്കി.

മെസിക്ക് ലോകകപ്പിൽ പെനാൽറ്റി കിക്ക് പിഴയ്ക്കുന്നത് ഇതാദ്യമല്ല. മുൻപ് 2018 ലോകകപ്പിൽ ഐസ്‍ലൻഡിനെതിരേയും അർജന്‍റീന മുത്തമിട്ട 2022 ലോകകപ്പിൽ പോളണ്ടിനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലും മെസിയുടെ പെനാൽറ്റി കിക്കുകൾ നഷ്ടമായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തുന്ന താരമെന്ന മോശം റെക്കോർഡും മെസിയുടെ പേരിലാണ് ഇപ്പോൾ.

പിന്നാലെയാണ് താരം ലോകകപ്പിലെ ​ഗോൾ വേട്ടയിൽ സർവകാല റെക്കോർഡിട്ടത്. മത്സരത്തന്റെ 38ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ച് പന്ത് വലയിലിട്ടാണ് മെസി ചരിത്രം തിരുത്തിയത്. ഈ ഗോളോടെ 16 ഗോളുകളെന്ന ക്ലോസെയുടെ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ് മെസി മറികടന്നു.

പിന്നാലെ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഓസ്ട്രിയന്‍ പ്രതിരോധ താരങ്ങള്‍ കൂട്ടമായി വലയ്ക്കു തൊട്ടരികത്തു നിന്നു തടയാന്‍ നോക്കിയിട്ടും അവര്‍ക്കിടയിലൂടെ പന്ത് പായിച്ച് ടീമിനു രണ്ടാം ഗോളും റെക്കോര്‍ഡ് പട്ടികയിലേക്ക് 18ാം ഗോളും ചാര്‍ത്തിയാണ് മെസി കളം വിട്ടത്.

ബുധനാഴ്ച 39ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന മെസി, ഹാംസ്ട്രിങ് പരിക്കിന്‍റെ ചെറിയ ആശങ്കകളോടെയാണ് തന്‍റെ ആറാം ലോകകപ്പിന് എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ അൾജീരിയക്കെതിരെ ഹാട്രിക് നേടിക്കൊണ്ട് താരം ഫോം തെളിയിച്ചിരുന്നു. ഓസ്ട്രിയക്കെതിരായ ജയത്തോടെ ഗ്രൂപ്പ് ജെയിൽ നിന്ന് അർജന്‍റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ശനിയാഴ്ച ജോർദാനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. ജോര്‍ദാനതിരായ അവസാന മത്സരത്തിൽ മെസിക്ക് പരിശീലകൻ ലയണൽ സ്കലോനി വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Lionel Messi said he was "very angry" when he missed an early penalty in Argentina's 2-0 win over Austria

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

ലിസ്റ്റിങ്ങില്‍ വന്‍ കുതിപ്പ്, പിന്നെ തിരിച്ചടി; മൂന്ന് ദിവസത്തിനിടെ സ്‌പേസ്എക്സിന് നഷ്ടം 60,000 കോടി ഡോളര്‍

വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി; 10,000 രൂപ പിഴ

ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു; നടപടി രാജ്യസഭാ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ