ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ മറ്റൊരു നിർണയക പ്രകടനത്തിലൂടെ അർജന്റീനയെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് നയിച്ചതിന് പിന്നാലെ 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള പോരാട്ടത്തിൽ ലയണൽ മെസി ഒറ്റയ്ക്ക് മുന്നിൽ. ഇംഗ്ലണ്ടിനെതിരായ ആവേശകരമായ 2-1 ന്റെ വിജയത്തിൽ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് 39കാരനായ മെസിയാണ്. ഇതോടെ ഫിഫയുടെ ടൈബ്രേക്കർ നിയമപ്രകാരം ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെ മറികടന്ന് ടൂർണമെന്റിലെ ഏറ്റവും മികച്ച സ്കോററാകാനുള്ള റെക്കോർഡിന് തൊട്ടരികിലാണ് മെസി ഇപ്പോൾ.
ലോകകപ്പിലുടനീളം മെസി പുലർത്തുന്ന സ്ഥിരതയുടെ പ്രതിഫലനമാണ് ഗോൾഡൻ ബൂട്ട് റേസിലെ മുന്നേറ്റം. 8 ഗോളുകളും 4 അസിസ്റ്റുകളുമായി അർജന്റീനയുടെ ആക്രമണങ്ങളുടെയെല്ലാം കേന്ദ്ര ബിന്ദു ക്യാപ്റ്റൻ തന്നെയാണ്. സെമി ഫൈനൽ മത്സരങ്ങൾക്ക് മുൻപ് മെസിയും എംബാപ്പെയും എട്ട് ഗോളുകളുമായി പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്നു. സെമിയിൽ ഇരുവർക്കും ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിലും മെസിയുടെ കളിയിലെ സ്വാധീനം വീണ്ടും നിർണായകമായി. ഇംഗ്ലണ്ടിനെതിരായ രണ്ട് അസിസ്റ്റുകളോടെ ടൂർണമെന്റിൽ മെസിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം നാലായി ഉയർന്നു. ഗോളുകൾ തുല്യമാകുമ്പോൾ കൂടുതൽ അസിസ്റ്റുകൾ നേടുന്നവർക്ക് മുൻഗണന നൽകുന്ന ഫിഫയുടെ ഗോൾഡൻ ബൂട്ട് ടൈബ്രേക്ക് നിയമപ്രകാരമാണ് മെസി എംബാപ്പെയേക്കാൾ മുന്നിലെത്തിയത്.
സെമിയിലെ രണ്ട് അസിസ്റ്റുകളോടെ ലോകകപ്പ് ചരിത്രത്തിൽ മെസിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം 12 ആയി ഉയർന്നു. ഒപ്റ്റ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയ 1966ന് ശേഷം ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന അസിസ്റ്റ് റെക്കോർഡാണിത്. കൂടാതെ തുടർച്ചയായ 13 ലോകകപ്പ് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടുന്ന ഏക താരം എന്ന അസാധാരണ റെക്കോർഡും മെസി സ്വന്തമാക്കി.
മെസി നിലവിൽ മുന്നിലാണെങ്കിലും ഗോൾഡൻ ബൂട്ട് പോരാട്ടം ഗണിതശാസ്ത്രപരമായി ഇതുവരെ അവസാനിച്ചിട്ടില്ല. മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫ് മത്സരത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. അതിനാൽ കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്നിവർക്ക് തങ്ങളുടെ ഗോൾ നില ഉയർത്താൻ ഒരു അവസരം കൂടിയുണ്ട്.
എട്ട് ഗോളുകളുമായി മെസിക്കൊപ്പമുള്ള എംബാപ്പെ തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ ഭീഷണി. അസിസ്റ്റുകളുടെ എണ്ണത്തിൽ മാത്രമാണ് താരം പിന്നിലുള്ളത്. എന്നാൽ ഹാരി കെയ്ൻ, ബെല്ലിങ്ഹാം എന്നിവർക്ക് മെസിയെ മറികടക്കണമെങ്കിൽ പ്ലേ ഓഫ് മത്സരത്തിൽ വലിയൊരു ഗോൾ വേട്ട തന്നെ നടത്തേണ്ടി വരും. ക്വാർട്ടർ ഫൈനലിൽ നോർവേ പുറത്തായതോടെ എർലിങ് ഹാളണ്ട് ഇതിനകം തന്നെ മത്സരരംഗത്ത് നിന്ന് ഒഴിവായിരുന്നു.
സെമിയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിൽ നിൽക്കെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾക്കും വഴിയൊരുക്കി അർജന്റീനയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റനാണ്. 85ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന് സമനില ഗോളിനായി പന്ത് നൽകിയ മെസി ഇഞ്ച്വറി ടൈമിൽ ലൗട്ടാരോ മാർട്ടിനസിന് ഹെഡ്ഡറിലൂടെ വിജയ ഗോൾ നേടാൻ കൃത്യമായൊരു ക്രോസും നൽകി.
ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനിനെ നേരിടുമ്പോൾ ലോകകപ്പ് കിരീടം മാത്രമല്ല, നിരവധി വ്യക്തിഗത ബഹുമതികളും മെസിയെ കാത്തിരിക്കുന്നുണ്ട്. ഫൈനലിൽ സ്പെയിനെതിരെ ഒരു ഗോളോ അസിസ്റ്റോ കൂടി നേടാനായാൽ മെസിക്ക് തന്റെ ഗോൾഡൻ ബൂട്ട് സ്ഥാനം ഉറപ്പിക്കാം. എതിരാളികൾക്ക് പ്ലേ ഓഫ് മത്സരം ബാക്കിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ലയണൽ മെസിയുടെ കൈകളിൽ ഭദ്രമാണെന്ന് തന്നെ പറയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates