ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെയോട് 2-1 ന് തോറ്റ് ബ്രസീലിന്റെ ലോകകപ്പ് പോരാട്ടം ഹൃദയഭേദകമായി അവസാനിച്ചതിന് പിന്നാലെ ആരാധകരെ കൂടുതൽ സങ്കടത്തിലാക്കി സൂപ്പർ താരം നെയ്മർ. മത്സര ശേഷം അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫൈനൽ വിസിലിന് തൊട്ടുപിന്നാലെയാണ് 34കാരനായ നെയ്മർ തന്റെ 16 വർഷം നീണ്ട തിളക്കമാർന്ന അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്. കാനറികൾക്കൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. മത്സര ശേഷം മൈതാനത്ത് തളർന്നിരുന്ന നെയ്മർ വികാരം നിയന്ത്രിക്കാൻ സാധിക്കാതെ പൊട്ടിക്കരഞ്ഞത് ആരാധകർക്ക് കൂടുതൽ വേദന നൽകുന്നതായി. ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കി നിർത്തി ഐതിഹാസിക കരിയറിന് അങ്ങനെ വിരാമം.
ന്യൂജേഴ്‌സിയിലെ വികാരാധീന രാത്രിയിലായിരുന്നു പ്രഖ്യാപനം. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ നെയ്മർ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കിയിരുന്നു. താരത്തിന്റെ ഈ ലോകകപ്പിലെ ഏക ഗോൾ. കളിയുടെ അവസാന ഘട്ടത്തിൽ എർലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ നോർവെ ബ്രസീലിനെ 2-1ന് അട്ടിമറിക്കുകയായിരുന്നു. അവസാന ലോകകപ്പിനായി താൻ സർവതും നൽകി തിരിച്ചെത്തിയതാണെന്നും എന്നാൽ തന്റെ അന്താരാഷ്ട്ര ഫുട്ബോൾ യാത്ര ഇനി അവസാനിച്ചുവെന്നും മത്സര ശേഷമുള്ള തോൽവിയിൽ വികാരാധീനനായി നെയ്മർ പറഞ്ഞു.
ഞാൻ പരമാവധി ശ്രമിച്ചു നോക്കി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ യാത്ര തുടങ്ങിയത്. ഇവിടെ വച്ചുതന്നെ ഞാനിത് അവസാനിപ്പിക്കുന്നു. എല്ലാം കഴിഞ്ഞു- നെയ്മർ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി.
വേദനിപ്പിക്കുന്ന മടക്കം
ശാരീരികമായി നെയ്മറെ ഏറെ പരീക്ഷിച്ച ഒരു ടൂർണമെന്റിന്റെ വേദനാജനകമായ അന്ത്യമാണ് ഈ തോൽവി. പരിക്കോടെ ലോകകപ്പിനെത്തിയ അദ്ദേഹത്തിന് ബ്രസീലിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു. പിന്നീട് കോച്ച് കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലേക്ക് പതുക്കെയാണ് അദ്ദേഹം തിരിച്ചെത്തിയത്. എന്നാൽ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷവും സൂപ്പർ താരത്തെ പ്രധാനമായും സബ്സ്റ്റിറ്റ്യൂട്ടായാണ് ഉപയോഗിച്ചത്. സ്‌കോട്ലൻഡിനെതിരായ ഗ്രൂപ്പ് പോരിലും പിന്നാലെ പ്രീ ക്വാർട്ടറിൽ നോർവെക്കെതിരായ മത്സരത്തിലും പകരക്കാരനായാണ് അദ്ദേഹം കളത്തിലിറങ്ങിയത്.
ബ്രസീൽ ജേഴ്‌സിയിലെ അദ്ദേഹത്തിന്റെ അവസാന ഗോൾ നോർവേയ്‌ക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ നേടിയ പെനാൽറ്റി ആയിരുന്നു. ആശ്വസിക്കാൻ അതുമാത്രമുണ്ട്.
ഒരു തലമുറയെ പുനർനിർവചിച്ച കരിയർ
പെലെയ്ക്കു ശേഷം ബ്രസീൽ ഫുട്ബോളിന്റെ അടുത്ത സൂപ്പർ താരമെന്ന ഖ്യാതിയോടെ എത്തി 2010ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച നെയ്മർ, 129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോൾവേട്ടക്കാരനായാണ് കളിമുറ്റത്തു നിന്ന് പടിയിറങ്ങുന്നത്. നാല് ഫിഫ ലോകകപ്പുകളിലായി ഒരു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ബ്രസീലിയൻ ഫുട്ബോളിന്റെ മുഖമായിരുന്നു. ലോക കിരീടം തിരിച്ചുപിടിക്കാൻ കൊതിച്ച ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും ആ ചുമലുകളിലായിരുന്നു. ലോകകപ്പ് കിരീടം അദ്ദേഹത്തിന് നേടാനായില്ലെങ്കിലും അന്താരാഷ്ട്ര വേദിയിൽ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ നെയ്മർ സമ്മാനിച്ചിട്ടുണ്ട്. 2013ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പ് നേടിയ അദ്ദേഹം, 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടിയതിന് ശേഷം 2016ൽ റിയോയിൽ സ്വന്തം മണ്ണിൽ ബ്രസീലിനെ ഒളിംപിക് സ്വർണത്തിലേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഫുട്ബോളിലെ യാത്ര ഒരിക്കലും സുഗമമായിരുന്നില്ല. പരിക്കുകൾ നിരന്തരം വേട്ടയാടിയ കരിയർ. വലിയ ടൂർണമെന്റുകളിൽ പരിക്ക് അദ്ദേഹത്തെ നിരന്തരം അലോസരപ്പെടുത്തി വഴി തടഞ്ഞു. ബ്രസീൽ കളിച്ചിടത്തെല്ലാം കനത്ത പ്രതീക്ഷകളുടെ സമ്മർദ്ദം അദ്ദേഹത്തെ പിന്തുടർന്നു. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് നെയ്മർ ദേശീയ ടീമിന്റെ കേന്ദ്ര ബിന്ദുവായി തുടർന്നു. രാജ്യത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരുടെ നിരയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മാന്ത്രിക നിമിഷങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.
മൈതാനത്ത് വീണ കണ്ണീർ
പരിക്കിൽ നിന്ന് പൊരുതിക്കയറിയാണ് നെയ്മർ ലോകകപ്പ് ടീമിൽ ഇടം നേടിയത്. ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്ത് ഒടുവിൽ മൈതാനത്തേക്ക് തിരിച്ചെത്തിയെങ്കിലും ബ്രസീൽ പ്രീ ക്വാർട്ടർ ഘട്ടത്തിൽ തന്നെ വീഴുന്നത് നോക്കിനിൽക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.
നോർവെയ്‌ക്കെതിരായ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ നെയ്മർ കുറച്ചുനേരം ചലനമറ്റവനെപ്പോലെ നിന്നു. പിന്നാലെ വികാരങ്ങൾ അണപൊട്ടിയൊഴുകി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബ്രസീലിന്റെ പ്രതീക്ഷകൾ ചുമലിലേറ്റിയ നായകനെ സഹതാരങ്ങൾ ആശ്വസിപ്പിക്കുമ്പോൾ വാക്കുകൾക്ക് പകരം കണ്ണീരാണ് പൊടിഞ്ഞത്.
ബ്രസീൽ ജേഴ്‌സിയിലെ അദ്ദേഹത്തിന്റെ അവസാന സ്പർശം ശാന്തമായി വലയിലെത്തിച്ച ഒരു പെനാൽറ്റി മാത്രമായി. അദ്ദേഹത്തിന്റെ അവസാന സാന്നിധ്യം കണ്ണീരിലാണ് അവസാനിച്ചത്. പരിക്കുകൾ കരിയറിലെ സുപ്രധാന നിമിഷങ്ങളെ തടസപ്പെടുത്തിയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യങ്ങൾ ആരാധകർ ഇനി നെടുവീർപ്പോടെ ആലോചിക്കുമായിരിക്കും. ബ്രസീലിന്റെ ഗോൾ സ്കോറിങ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചും ഒരു തലമുറയിലെ ഫുട്ബോൾ കളിക്കാരെ പ്രചോദിപ്പിച്ചുമാണ് നെയ്മർ അന്താരാഷ്ട്ര വേദിയിൽ നിന്ന് വിട വാങ്ങുന്നത്. ബിഗ്, ബിഗ് സല്യൂട്ട് സുൽത്താൻ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates