വാഷിങ്ടൺ: ഫിഫ ലോകകപ്പിൻ്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബെൽജിയത്തോട് പരാജയപ്പെട്ട് ആഫ്രിക്കൻ കരുത്തരായ സെനഗൽ പുറത്തായതിന് പിന്നാലെ ടീമിൽ വൻ കലാപം. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി താൻ സെനഗൽ ദേശീയ ടീമിനായി കളിക്കാനില്ലെന്ന് മിഡ്ഫീൽഡർ പാപെ ഗായെ പ്രഖ്യാപിച്ചു.
85ാം മിനിറ്റ് വരെ 2 ഗോളിനു മുന്നിൽ നിന്ന മത്സരത്തിൽ പിന്നീട് 3 ഗോളുകൾ വഴങ്ങി അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയാണ് സെനഗൽ പുറത്തായത്. മത്സരത്തിനിടെ കോച്ചിന്റെ തീരുമാനങ്ങളോടുള്ള കടുത്ത വിയോജിപ്പ് പരസ്യമായി തന്നെ പ്രകടമാക്കി പാപെ ഗായെ കളംവിട്ടിരുന്നു. പിന്നാലെയാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിയോജിപ്പ് പരസ്യമാക്കിയത്.
ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ പിന്നീട് വരാം. എന്നാൽ ഒന്നുമാത്രം ഞാൻ ഇപ്പോൾ പ്രഖ്യാപിക്കുന്നു — നിലവിലെ ഈ ടെക്നിക്കൽ സ്റ്റാഫ് (പരിശീലകർ) ടീമിൽ തുടരുന്നിടത്തോളം കാലം ഞാൻ സെനഗൽ ദേശീയ ടീമിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണ്- 27 കാരനായ വിയ്യാറൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിജയക്കളി കൈവിട്ടത് എങ്ങനെ?
മത്സരത്തിൽ ഹബീബ് ദിയാര, ഇസ്മായില സാർ എന്നിവർ നേടിയ ഗോളുകളുടെ കരുത്തിൽ സെനഗൽ വിജയവും പ്രീ ക്വാർട്ടർ യോഗ്യതയും ഉറപ്പിച്ചതായിരുന്നു. ഈ ടൂർണമെന്റിൽ ഇതിനകം രണ്ട് ഗോളുകൾ നേടി മികച്ച ഫോമിലായിരുന്ന പാപെ ഗായെയെ മത്സരത്തിന്റെ 60 മിനിറ്റുകൾക്ക് ശേഷം പരിശീലകൻ പിൻവലിച്ചു. ലീഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കോച്ച് പാപെ തിയാവ്, ഗായെയ്ക്ക് പകരം ലാമിൻ കമാരയെ കളത്തിലിറക്കുകയായിരുന്നു. കോച്ചിന്റെ ഈ തന്ത്രപരമായ മാറ്റമാണ് പിന്നീട് കളി കൈവിട്ടുപോകാൻ കാരണമായതെന്ന വിലയിരുത്തലിലാണ് ഗായെയുടെ ഈ പെട്ടെന്നുള്ള തീരുമാനം.
മത്സരത്തിന്റെ അവസാന നാല് മിനിറ്റുകളിൽ കളി പൂർണമായും മാറിമറിഞ്ഞു. റൊമേലു ലുകാകു, യൂറി ടീലേമാൻസ് എന്നിവരിലൂടെ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബെൽജിയം മത്സരത്തെ എക്സ്ട്രാ ടൈമിലേക്ക് നീട്ടി.
എക്സ്ട്രാ ടൈമിലെ പെനാൽറ്റി
എക്സ്ട്രാ ടൈമിൽ സെനഗലിന്റെ പകരക്കാരൻ താരം കമാര ഉൾപ്പെട്ട ഒരു ഫൗളിൽ വാർ പരിശോധനയ്ക്ക് ശേഷമാണ് ബെൽജിയത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. ഈ പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ബെൽജിയം ക്യാപ്റ്റൻ ടീലേമാൻസ് അവരുടെ അവിശ്വസനീയമായ വിജയം പൂർത്തിയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates