

അറ്റ്ലാന്റ: കോംഗോക്കെതിരായ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇരട്ട ഗോളുകൾ നേടി ഇംഗ്ലണ്ടിനെ പ്രീ ക്വാർട്ടറിലെത്തിച്ച പ്രകടനത്തിനു പിന്നാലെ ആരാധകരുടെ ഹൃദയം കീഴടക്കി ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി താരതമ്യപ്പെടുത്തി സഹ താരം ആന്റണി ഗോർഡൻ സംസാരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ മെസി, റൊണാൾഡോ എന്നിവർ ഫുട്ബോളിന്റെ കൊടുമുടികളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള മറുപടി.
മത്സരത്തിന് ശേഷം മിക്സഡ് സോണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇംഗ്ലണ്ട് സഹതാരം ആന്റണി ഗോർഡൻ തന്നെ മെസിയോടും റൊണാൾഡോയോടും ഉപമിച്ച കാര്യം കെയ്ൻ അറിയുന്നത്. മെസിയും റൊണാൾഡോയും ഫുട്ബോളിന്റെ 'കൊടുമുടി' ആണെന്ന് വിശേഷിപ്പിച്ച കെയ്ൻ, തന്റെ കരിയർ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കി. കൂട്ടിച്ചേർത്തു.
'കഠിനാധ്വാനമാണ് എന്റെ കരുത്ത്. പരിശീലനത്തിനിടയിലും, വീട്ടിലിരുന്ന് റിക്കവറി ചെയ്യുമ്പോഴും, ഐസ് ബാത്ത് എടുക്കുമ്പോഴും, ചികിത്സകൾ നടത്തുമ്പോഴുമെല്ലാം ഞങ്ങൾ നടത്തുന്ന കഠിനാധ്വാനങ്ങൾ പുറംലോകം കാണാറില്ല. ഒരു കളിക്കാരനെ ദീർഘകാലം ഉയർന്ന തലത്തിൽ നിലനിർത്തുന്നത് അണിയറയിലെ ഇത്തരം ചെറിയ കാര്യങ്ങളാണ്.'
'മെസിയും റൊണാൾഡോയും അത്തരം കഠിനാധ്വാനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഞാൻ കളിക്കുന്നതെന്നു എനിക്കു നല്ല ബോധ്യമുണ്ട്. കളത്തിലേക്ക് ഇറങ്ങുമ്പോൾ ഞാൻ ചെയ്ത കഠിനാധ്വാനമെല്ലാം വലിയ നിമിഷങ്ങളിൽ എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതാണ് കോംഗോയ്ക്കെതിരെ മൈതാനത്ത് സംഭവിച്ചത്.'
ഇംഗ്ലണ്ട് ജേഴ്സിയിലെ പ്രിയപ്പെട്ട മത്സരം
കോംഗോയ്ക്കെതിരെയുള്ള തന്റെ പ്രകടനം ഇംഗ്ലണ്ട് ജേഴ്സിയിലെ ഏറ്റവും പ്രിയപ്പെട്ട മത്സരങ്ങളിലൊന്നാണെന്ന് കെയ്ൻ വിശേഷിപ്പിച്ചു. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് തൊടുത്ത മൂന്ന് ഷോട്ടുകളിൽ രണ്ട് ഗോളുകൾ നേടിയ കെയ്നിന്റെ രണ്ടാമത്തെ ഗോൾ അതിമനോഹരമായിരുന്നു. ഒന്നിലധികം പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞാണ് താരം പോസ്റ്റിന്റെ ടോപ്പ്- റൈറ്റ് കോർണറിലേക്ക് വെടിയുണ്ട പോലെയുള്ള ഷോട്ട് തൊടുത്തത്. അതും പോസ്റ്റ് പോലും നോക്കാതെയുള്ള കൃത്യമായ കണക്കുക്കൂട്ടലിൽ പിറന്ന വണ്ടർ ഗോൾ.
'ആ ഷോട്ട് ഉതിർത്ത നിമിഷം തന്നെ അത് ഗോളാകുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അപ്പോൾ തന്നെ ആഘോഷം തുടങ്ങിയിരുന്നു. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുക എന്നത് എന്റെ ഏറ്റവും വലിയ തത്വങ്ങളിലൊന്നാണ്.'
'തീർച്ചയായും ഇതൊരു ഭ്രാന്തൻ മത്സരമായിരുന്നു. കനത്ത പ്രതിരോധം തീർത്ത കഠിനമായ ഒരു ടീമിനെതിരെയായിരുന്നു കളി. അവരുടെ ഗോൾകീപ്പർ ആദ്യ പകുതിയിൽ അവിശ്വസനീയമായ ചില സേവുകൾ നടത്തി. എങ്കിലും ഞങ്ങളുടെ നിമിഷം വരുമെന്ന് ഉറപ്പായിരുന്നു.'
'മത്സരത്തിന് മുൻപ് ഞങ്ങൾ ഹീറോ മൊമന്റ്സിനെ കുറിച്ച് സംസാരിച്ചിരുന്നു. അത് ആർക്കും സംഭവിക്കാം. എനിക്കോ, ഗോൾകീപ്പർ പിക്ക്ഫോർഡിന്റെ ഒരു സേവിലോ, അല്ലെങ്കിൽ പ്രതിരോധ നിരക്കാരുടെ ഒരു ബ്ലോക്കിലോ ആ നിമിഷം പിറക്കാം. ഇന്ന് ആ നിമിഷം എന്നെ തേടിയെത്തി. ഞങ്ങൾ തിരിച്ചുവന്ന രീതിയിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഇംഗ്ലണ്ട് ജേഴ്സിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിത്'- കെയ്ൻ വികാരാധീനനായി പറഞ്ഞു നിർത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates