Stale Solbakken x
Fifa World Cup 2026

അന്ന്, സ്റ്റാലെ സോൾബാക്കൻ 7 മിനിറ്റ് 'മരിച്ചു'!... ഒരു ഫുട്ബോൾ കോച്ചിന്റെ അസാധാരണ തിരിച്ചു വരവ്

പലതവണ കേട്ട കഥയായിരിക്കാം ഒരുപക്ഷേ ഇത്. എന്നാൽ കേൾക്കുമ്പോഴെല്ലാം പഴയതുപോലെ തന്നെ അത്ഭുതപ്പെടുത്തും ഈ മനുഷ്യന്റെ ജീവിതം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

2001ൽ 7 മിനിറ്റോളം സ്റ്റാലെ സോൾബാക്കന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. അന്ന് അദ്ദേഹം 'മരണപ്പെട്ടതായി' വിധിയെഴുതപ്പെട്ടു. എന്നാൽ 25 വർഷങ്ങൾക്കിപ്പും ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ആദ്യ നോർവേ ടീം എന്ന ഖ്യാതിയിലേക്ക് തങ്ങളുടെ രാജ്യത്തെ മാറ്റാനുള്ള കഠിന തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന്റെ സംഘം. കളിക്കളത്തിൽ 'ചെസ്' കളിക്കുന്നതു പോലെ തന്ത്രങ്ങൾ മെനയുന്ന ഒരു ഫുട്ബോൾ പരിശീലകന്റെ കഥയാണിത്. പലതവണ കേട്ട കഥയായിരിക്കാം ഒരുപക്ഷേ ഇത്. എന്നാൽ കേൾക്കുമ്പോഴെല്ലാം പഴയതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു അസാധാരണ തിരിച്ചു വരവിന്റെ കഥ.

2001ൽ ഡെന്മാർക്കിലെ എഫ്സി കോപ്പൻഹേഗൻ ക്ലബിന്റെ മിഡ്ഫീൽഡർ ആയിരുന്നു സ്റ്റാലെ സോൾബാക്കൻ. ആ വർഷം മാർച്ച് 13നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച ആ സംഭവം നടന്നത്. പരിശീലനത്തിനിടെ സോൾബാക്കന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുകയും ഹൃദയമിടിപ്പ് പൂർണമായി നിലയ്ക്കുകയും ചെയ്തു. ഏഴു മിനിറ്റോളം അദ്ദേഹം 'ക്ലിനിക്കലി ഡെഡ്' അഥവാ ജീവനറ്റ അവസ്ഥയിലായിരുന്നു. ഒടുവിൽ ടീം ഡോക്ടർ ഫ്രാങ്ക് ഓഡ്ഗാർഡിന്റെ അടിയന്തര ഇടപെടലിലൂടെയും കൃത്രിമ ശ്വാസോച്ഛ്വാസത്തിലൂടെയുമാണ് അദ്ദേഹത്തിന്റെ ജീവൻ തിരികെ കിട്ടിയത്.

ആ ഭയപ്പെടുത്തുന്ന അനുഭവത്തെക്കുറിച്ച് സോൾബാക്കൻ പിന്നീട് 'ഡ്രൈവ്ക്രാഫ്റ്റ്' പോഡ്‌കാസ്റ്റിൽ ഓർത്തെടുക്കുകയുണ്ടായി- 'ഒരു നീല വെളിച്ചവും അതിനുശേഷം ഒരു തുരങ്കവും കണ്ടത് ഞാൻ ഓർക്കുന്നു. കുറച്ചു സമയം കൂടി അവിടെ തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചതായും ഓർമയുണ്ട്'.

തലച്ചോറിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അദ്ദേഹത്തെ മരുന്നുകൾ നൽകി കൃത്രിമ കോമയിലാക്കുകയായിരുന്നു. ന്യൂറോളജിക്കൽ തകരാറുകൾ ഒന്നുമില്ലാതെ അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും അതോടെ അദ്ദേഹത്തിന്റെ കളി ജീവിതം അവസാനിച്ചു. ജന്മനാ തനിക്കൊരു ഹൃദയ വൈകല്യം ഉണ്ടായിരുന്നുവെന്ന് സോൾബാക്കൻ തിരിച്ചറിയുന്നത് ഈ സംഭവത്തിന് ശേഷമാണ്.

ഹൃദയാഘാതത്തെ തുടർന്ന് 26 മണിക്കൂറോളം സോൾബാക്കൻ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഈ വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ തന്റെ അമ്മ വിമാനത്തിൽ വെച്ച് തന്റെ ശവസംസ്‌കാരം എങ്ങനെ നടത്തണം എന്ന് വരെ ചിന്തിച്ചിരുന്നതായി സോൾബാക്കൻ വെളിപ്പടുത്തിയിട്ടുണ്ട്.

എന്റെ മാതാപിതാക്കൾ ഉടൻ തന്നെ ഡെന്മാർക്കിലേക്ക് വിമാനം കയറി. വിമാന യാത്രയ്ക്കിടയിൽ എന്റെ അമ്മ എന്റെ ശവസംസ്‌കാര ചടങ്ങുകൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയെന്നാണ് എന്നോട് പറഞ്ഞത്. ആദ്യം ഞാൻ ജീവനോടെ ഇരിക്കുമോ എന്നതായിരുന്നു അവരുടെ ആശങ്ക. പിന്നീട് എന്റെ തലച്ചോറിന് എന്തെങ്കിലും തകരാർ സംഭവിക്കുമോ എന്നായി. ഞാൻ കളിക്കളത്തിൽ തകർന്നു വീഴുന്നതും, മരിക്കുന്നതും, പിന്നീട് ജീവനിലേക്ക് തിരിച്ചുവരുന്നതും നേരിട്ട് കണ്ട എന്റെ കുടുംബത്തെയും സഹതാരങ്ങളെയും ആ ദിവസങ്ങളിൽ കടുത്ത മാനസിക വിഷമം അലട്ടിയിരുന്നു.

ഇതുപോലൊരു അനുഭവം ജീവിതത്തിൽ പല കാര്യങ്ങളെയും മാറ്റിമറിക്കും. എല്ലാം ശാന്തമായ ശേഷമാണ് ജീവിതത്തിൽ എന്താണ് ശരിക്കും പ്രധാനം, എന്താണ് പ്രാധാന്യമില്ലാത്തത് എന്നു തിരിച്ചറിയാൻ ഈ സംഭവം എന്നെ സഹായിച്ചു. ഞാൻ എന്റെ ജോലിയിൽ പൂർണമായും മുഴുകാറുണ്ട്. എങ്കിലും ഇതിനേക്കാൾ പ്രധാനപ്പെട്ട മറ്റ് പല കാര്യങ്ങളും ജീവിതത്തിലുണ്ടെന്ന് എനിക്കറിയാം.

കളിക്കാരനിൽ നിന്ന് ‌കോച്ചിങിലേക്ക്

കളിക്കളം വിടേണ്ടി വന്നയുടൻ തന്നെ അദ്ദേഹം പരിശീലകന്റെ വേഷമണിഞ്ഞു. നോർവേയുടെ അണ്ടർ 18 ടീമിനൊപ്പമാണ് അദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് 'ഹാംകാം' ക്ലബിന്റെ പരിശീലകനായി അവരെ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ സോൾബാക്കന് സാധിച്ചു.

അദ്ദേഹത്തിന്റെ ഈ വിജയം മുൻ ക്ലബായ കോപ്പൻഹേഗന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവരുടെ പരിശീലകനായെത്തിയ സോൾബാക്കൻ ആദ്യ വർഷം തന്നെ ടീമിന് ഡാനിഷ് ലീഗ് കിരീടം നേടിക്കൊടുത്തു. ചാംപ്യൻസ് ലീഗിൽ അദ്ദേഹത്തിന്റെ കീഴിലിറങ്ങിയ കോപ്പൻഹേഗൻ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും അയാക്സിനെയും അട്ടിമറിച്ചു. പിന്നീട് ജർമനിയിലെ എഫ്സി കോളൻ ക്ലബിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

2012ൽ പ്രീമിയർ ലീഗിൽ നിന്ന് റെലഗേറ്റ് ചെയ്യപ്പെട്ട വോൾവർഹാംപ്ടൺ വണ്ടറേഴ്സ് ക്ലബിന്റെ ചുമതല സോൾബാക്കൻ ഏറ്റെടുത്തു. കൗണ്ടർ അറ്റാക്കിങ് ശൈലിയിലൂന്നിയ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെട്ടു. ഇതേത്തുടർന്ന് അദ്ദേഹം വീണ്ടും എഫ്സി കോപ്പൻഹേഗനിലേക്ക് മടങ്ങിയെത്തുകയും നീണ്ട ഏഴ് വർഷക്കാലം അവിടെ തുടരുകയും ചെയ്തു. ഒടുവിൽ 2020ലാണ് അദ്ദേഹം നോർവേ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനാകുന്നത്.

തുടക്കത്തിൽ 2022 ലോകകപ്പിനും യൂറോ 2024നും യോഗ്യത നേടാൻ നോർവേക്ക് കഴിഞ്ഞിരുന്നില്ല. നോർവേയെ 2026 ലോകകപ്പിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാജിവെക്കുമെന്ന് സോൾബാക്കൻ അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം തന്റെ സ്വപ്നതുല്യമായ നേട്ടത്തിന്റെ നെറുകയിലാണ് നിൽക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് നോർവേ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ വിജയിക്കുന്നത്. ലോക കിരീടമെന്ന അനുപമ നേട്ടത്തിലേക്ക് അവർക്ക് 2 വിജയങ്ങൾ മാത്രമാണ് വേണ്ടത്. ഞായർ പുലർച്ചെ ഇം​ഗ്ലണ്ടുമായാണ് നോർവേയുടെ ചരിത്ര പോരാട്ടം. അവർ വിജയിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.

Stale Solbakken 'died' for seven minutes in 2001. Today, his team is preparing to become the first FIFA World Cup side from Norway to enter the semi-finals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

വെട്ടിച്ചിറ ടോള്‍ പ്ലാസ: വികസനത്തിന്റെ വാഗ്ദാനത്തിനൊപ്പം നാട്ടുകാര്‍ക്ക് ബാക്കിയായത് ദുരിതങ്ങളുടെ നീണ്ട പട്ടിക

കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം

വിയറ്റ്നാമിൽ ബോട്ട് മുങ്ങി 15 ഇന്ത്യക്കാർ മരിച്ചു; അപകടത്തിൽ രണ്ട് മലയാളികളും; 21 പേരെ രക്ഷപ്പെടുത്തി; പലരുടെയും നില ​ഗുരുതരം

വീണ്ടും പൊലീസുകാരനായി പ്രകാശ് വർമ; 'ലോ ആന്റ് ഓർഡർ' പുതിയ പോസ്റ്റർ