ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻറിൽ കേരളം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കർണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാർട്ടറിലെത്തിയപ്പോൾ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനൊപ്പം രണ്ടാം സ്ഥാനക്കാരായി ഉത്തർപ്രദേശും ക്വാർട്ടർ ബർത്തുറപ്പിച്ചു.
ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡൽഹിക്ക് അതിവേഗം ജയിക്കാൻ കഴിയാതെ പോയതും കേരളത്തിന് തുണയായി. രാജസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഡൽഹി 44.4 ഓവർ എടുത്തത് നെറ്റ് റൺറേറ്റിൽ കേരളത്തിന് അനുകൂലമായി മാറുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനായി മുൻ ഇന്ത്യൻ താരവും ഓപ്പണറുമായി റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും ക്യാപ്റ്റൻ സച്ചിൻ ബേബിയും സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനുമെല്ലാം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ കർണാടകയോട് മാത്രമാണ് കേരളം തോറ്റത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബിഹാറുമായി ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റൺറേറ്റിൽ ജയിച്ചു കയറിയിരുന്നു. ബിഹാർ ഉയർത്തിയ 149 റൺസ് വിജയ ലക്ഷ്യം കേരളം വെറും 53 പന്തുകളിൽ മറികടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates