2024 ലെ പാരിസ് ഒളിംപിക്‌സിന്റെ തിരശ്ശീല വീണു. 126 മെഡലുകള്‍ (40 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം) നേടിയ അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും ആയി. ജപ്പാന്‍ മൂന്നാമതും ഓസ്‌ട്രേലിയ നാലാമതും എത്തി. ഏറെ സ്വപ്‌നങ്ങളുമായി പോയ ചിലര്‍ അത് നേടി... മറ്റു ചിലരുടെ സ്വപ്‌നങ്ങള്‍ ഇതോടെ തീര്‍ന്നു... ചിലര്‍ ചിരിച്ചു... ചിലര്‍ കരഞ്ഞു.... ജയവും പരാജയവും പകര്‍ന്നു തന്ന അനുഭവത്തിന്റെ കരുത്തുമായി അടുത്ത ഒളിംപിക്‌സിലേക്കെന്ന സ്വപ്‌നവുമായി കൂടാരം കയറി എല്ലാ കായിക താരങ്ങളും. പാരിസ് ഒളിംപിക്‌സിലെ ചില സംഭവങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. അത് ഏതൊക്കെയെന്ന് നോക്കാം.
വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയതിനെത്തുടര്‍ന്ന്
അയോഗ്യയാക്കപ്പെട്ടു. ഒളിംപിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരിയായി ചരിത്രം രചിച്ചെന്ന സന്തോഷത്തിന്റെ കൊടുമുടി കയറിയ സമയത്താണ് 144 കോടി ജനങ്ങളെയും നിരാശപ്പെടുത്തിക്കൊണ്ട് അയോഗ്യയാക്കിയ വാര്‍ത്ത വന്നത്. ഭാരം കുറക്കുന്നതിന് കുറച്ചു സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. വിനേഷിന് പകരം ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാന്‍ വെള്ളി നേടി. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചു.
പരാഗ്വേ നീന്തല്‍ താരം ലുവാനോ അലോന്‍സോയെ ഒളിംപിക് വില്ലേജില്‍ നിന്ന് നാട്ടിലേക്ക് തിരികെ അയച്ചത് വലിയ വിവാദമായി. സഹതാരങ്ങള്‍ക്കിടയില്‍ അനുചിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലുവാന്റ കാരണമായെന്നാണ് വിശദീകരണം. സൗന്ദര്യവും സോഷ്യല്‍ മീഡിയ സാന്നിധ്യം സഹതാരങ്ങളുടെ ശ്രദ്ധ തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ നീന്തല്‍ മത്സരത്തിന്റെ സെമി മത്സരത്തിന് മുമ്പാണ് സംഭവം. എന്നാല്‍ തന്നെ ആരും പുറത്താക്കിയില്ലെന്നാണ് അലോന്‍സോ പറയുന്നത്. വിവാദങ്ങള്‍ക്കിടയിലും അലോന്‍സോയുചെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതായാണ് പറയുന്നത്. ഒരാഴ്ചക്കുള്ളില്‍ 200000 ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ കൂടിയത്.
66 കിലോഗ്രാം വിഭാഗം ബോക്‌സിങില്‍ എതിരാളിയെ ഇടിച്ചു വീഴ്ത്തി ജയം ഉറപ്പിക്കുമ്പോള്‍ അള്‍ജീരിയന്‍ താരം ഇമാനെ ഖെലീഫ് പൊട്ടിക്കരയുകയായിരുന്നു. വിജയിയായി പ്രഖ്യാപിച്ചതിന് ശേഷവും ആ കണ്ണീര്‍ തോര്‍ന്നിരുന്നില്ല. ജെന്‍ഡറിന്റെ പേരിലായിരുന്നു വിവാദങ്ങള്‍. ഈ ഒളിംപിക്‌സിലെ ലിംഗ വിവിവാദത്തിന്റെ പ്രധാന ഇരയായിരുന്നു അവര്‍. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ഏഞ്ചെല കാരിനി മത്സരം തുടങ്ങി 46 സെക്കന്റായപ്പോഴേക്കും പിന്‍മാറിയതായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. രണ്ടായിരത്തിന് ശേഷം ബോക്‌സിങില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ അള്‍ജീരിയന്‍ താരമായിരിക്കുകയാണ് ഇമാനെ. ഒളിംപിക്‌സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ബോക്‌സിങ് സ്വര്‍ണമെഡലും ഇപ്പോള്‍ ഈ താരത്തിന് സ്വന്തം. ഹോര്‍മോണ്‍ പരിശോധനയില്‍ പുരുഷ ക്രോമോസോമുകള്‍ ഉണ്ടെന്ന് ആരോപിച്ച് അയോഗ്യനാക്കിയ ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ കണ്ടെത്തലുകള്‍ അവഗണിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പിന്തുണച്ചു.
ഒളിംപിക്സ് ജിംനാസ്റ്റിക്സില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമേരിക്കന്‍ താരം ജോര്‍ദന്‍ ചൈല്‍സ് അപ്പീലിലൂടെ കിട്ടിയ വെങ്കല മെഡല്‍ തിരിച്ചു കൊടുക്കണമെന്നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ ഉത്തരവ്. ഫൈനലിലെ സ്‌കോര്‍ സംബന്ധിച്ചു ജോര്‍ദന്‍ ചൈല്‍സിന്റെ കോച്ചുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് ഫെഡറേഷന്‍ താരത്തിനു അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. ഇതിനെതിരെ റുമാനിയ ടീം രംഗത്തെത്തി. വെങ്കലം നല്‍കിയതിനെതിരെ റുമാനിയ അന്താരാഷ്ട്ര കായിക കോടതിയില്‍ അപ്പീല്‍ നല്‍കി. അനുവദിച്ച സമയം കഴിഞ്ഞ ശേഷമാണ് അമേരിക്ക സ്‌കോറിനെതിരെ പരാതി ഉന്നയിച്ചത് എന്നാണ് റുമാനിയ വാദിച്ചത്. പകരം റൊമാനിയന്‍ ജിംനാസ്റ്റ് അന ബാര്‍ബോസുവിന് വെങ്കലം നല്‍കാനാണ് തീരുമാനം.
സൗദി അറേബ്യയിലെ തുഴച്ചില്‍ താരം ഹുസൈന്‍ അലിറേസ പോസ്റ്റ് ചെയ്ത ചിത്രമാണ് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചത്. മരത്തിന് താഴെ ഒളിംപിക്‌സ് വില്ലേജിലെ പാര്‍ക്കില്‍ വെളുത്ത ടവ്വല്‍ വിരിച്ച് ഉറങ്ങുന്ന ഇറ്റാലിയന്‍ സ്വര്‍ണമെഡല്‍ താരം തോമസ് സെക്കോണ്‍ ആയിരുന്നു അത്. തുടര്‍ന്ന് പാരിസ് ഒളിംപിക്‌സിലെ സൗകര്യങ്ങളെക്കുറിച്ച് ആശങ്കയുണ്ടാക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഒളിംപിക്‌സ് ആദ്യ ദിനങ്ങളില്‍ താരങ്ങളുടെ താമസ സൗകര്യം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. താമസ സൗകര്യത്തിന്റെ അപര്യാപ്തയെക്കുറിച്ച് താരം പരസ്യമായി പ്രതകരിച്ചതിന് ശേഷമാണ് ചിത്രം പുറത്തുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates